ഗവ.മോയൻ സ്കൂൾ ഹയർ സെക്കൻഡറി ബ്ലോക്കിലേക്ക് ഒരു ഗോവണികൂടി നിർമിക്കും
![palakkad-schooll palakkad-schooll](https://img-mm.manoramaonline.com/content/dam/mm/mo/district-news/palakkad/images/2024/6/29/palakkad-schooll.jpg?w=1120&h=583)
Mail This Article
പാലക്കാട് ∙ ഗവ.മോയൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ മൂന്നു നില ഹയർ സെക്കൻഡറി ബ്ലോക്കിലേക്കു രണ്ടാമതൊരു ഗോവണി കൂടി നിർമിക്കും. പദ്ധതിക്കു നഗരസഭ യോഗം അനുമതി നൽകി. കെട്ടിടത്തിലേക്കു നിലവിൽ ഒരു ഗോവണി മാത്രമാണ് ഉള്ളത്. ഇതുവഴിയാണു വിദ്യാർഥികളും അധ്യാപകരും വന്നു പോകേണ്ടത്. സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ 900 വിദ്യാർഥിനികൾ പഠിക്കുന്നുണ്ട്. ക്ലാസ് വിടുമ്പോഴും ഇടവേളകളിലും കുട്ടികൾ തിങ്ങിഞെരുങ്ങിയാണു സഞ്ചരിക്കുന്നത്. ഇതു സുരക്ഷയെ ബാധിക്കുമെന്നു സ്കൂൾ അധികൃതരും പിടിഎയും ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് രണ്ടാമതൊരു ഗോവണികൂടി നിർമിക്കാൻ നഗരസഭ നടപടികൾ തുടങ്ങിയത്.
കെട്ടിടത്തിന്റെ പിൻവശം വഴി പുതിയ ഗോവണി നിർമിക്കാൻ സാധിക്കും. ഇവിടെ നിന്നു നേരിട്ടു വശത്തെ റോഡിലേക്കും അത്യാവശ്യ ഘട്ടത്തിൽ പ്രവേശനം സാധ്യമാകും. ഇരുമ്പു കൊണ്ടുള്ള ഗോവണി നിർമിക്കാനാണു തീരുമാനം. ഇതിനു 3 ലക്ഷം രൂപയിൽ താഴെ മാത്രമേ ചെലവു വരൂ എന്നാണു പ്രാഥമിക വിലയിരുത്തൽ.പദ്ധതിക്കു തുക കണ്ടെത്തേണ്ടതുണ്ടെങ്കിലും അടിയന്തര സാഹചര്യം പരിഗണിച്ച് തനതു ഫണ്ടിൽ നിന്നു തന്നെ ഗോവണി നിർമിക്കാൻ നഗരസഭയ്ക്കു സാധിക്കും. പിന്നീടു തുക ലഭിക്കുമ്പോൾ വകയിരുത്തിയാൽ മതിയാകും.