അമ്പാടിച്ചന്തം: ഉണ്ണിക്കണ്ണന്മാരും രാധമാരും ആടിപ്പാടി; വീഥികൾക്ക് കൃഷ്ണശോഭ

Mail This Article
തിരുവനന്തപുരം ∙ ചിരിതൂകി കളിയാടി ഉണ്ണിക്കണ്ണൻമാർ.. മഞ്ഞ പട്ടുടുത്ത്, മയിൽപ്പീലി ചൂടിയ കണ്ണൻമാരെ ചുറ്റി രാധമാർ. കൃഷ്ണനൊപ്പം തോഴിമാരും കുചേലൻമാരുമെല്ലാം വേഷമിട്ടപ്പോൾ എംജി റോഡ് അമ്പാടിയായി. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ പാളയം മുതൽ പഴവങ്ങാടി വരെ നടത്തിയ മഹാശോഭ യാത്ര നയനാനന്ദകരമായി.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഉപ ശോഭായാത്രകൾ പാളയം ഗണപതി ക്ഷേത്രത്തിനു മുന്നിൽ സംഗമിച്ചാണ് മഹാ ശോഭയാത്ര ആരംഭിച്ചത്. പഞ്ചവാദ്യവും ചെണ്ടമേളവും മുത്തുക്കുടകളും ഭജന സംഘങ്ങളും യാത്രയെ കാഴ്ചവിരുന്നായി. കാളിയ മർദ്ദനം, ഗോവർധനോദ്ധാരണം, അനന്ത ശയനം, ഗീതോപദേശം, കുചേലവൃത്തം, തുടങ്ങി പുരാണ കഥകൾ പ്രമേയമാക്കിയ നിശ്ചലദൃശ്യങ്ങൾ യാത്രയെ കമനീയമാക്കി. കൃഷ്ണന്റെയും രാധയുടെയും തോഴിമാരുടേയും മറ്റും വേഷങ്ങൾ ധരിച്ച നൂറു കണക്കിന് കുരുന്നുകളാണ് യാത്രയിൽ പങ്കെടുത്തത്.
മഹാ ശോഭാ യാത്രയുടെ ഉദ്ഘാടനം പാളയം ഗണപതി ക്ഷേത്രത്തിനു മുന്നിൽ ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി.ഗോവിന്ദൻ നിർവഹിച്ചു.ബാലഗോകുലം പൊതു കാര്യദർശി കെ.എൻ. സജികുമാർ ശ്രീകൃഷ്ണ ജയന്തി സന്ദേശം നൽകി. ജനറൽ കൺവീനർ കെ.ജയകുമാർ, ചെങ്കൽ രാജശേഖരൻനായർ, നർത്തകി ഗായത്രി സുബ്രഹ്മണ്യൻ, നടൻ ഗോകുൽ സുരേഷ് ഗോപി, ഡോ.ചന്ദ്രശേഖരൻനായർ തുടങ്ങിയവർ പ്രസംഗിച്ചു.
പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു മുന്നിൽ കൃഷ്ണ വിഗ്രഹത്തിൽ വെണ്ണ സമർപ്പിച്ച് പൂജ നടത്തിയതോടെ ശോഭ യാത്രയ്ക്ക് സമാപനമായി. ഘോഷയാത്രയിൽ പങ്കെടുത്ത കുട്ടികൾക്ക് ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് അവിലും ഉണ്ണിയപ്പവും വിതരണം ചെയ്തു. ബാല ഗോകുലത്തിന്റെ നേതൃത്വത്തിൽ നടന്നുവന്ന ബാല ദിനാഘോഷത്തിനു സമാപനം കുറിച്ചാണ് ശോഭായാത്ര നടത്തിയത്.
കണ്ണന്റെ ജന്മദിനം ആഘോഷമാക്കി ഘോഷയാത്രയും പൂജകളും
തിരുവനന്തപുരം ∙ കൃഷ്ണ വിഗ്രഹം വഹിച്ചുള്ള ഘോഷയാത്രയും പ്രത്യേക പൂജകളും നടത്തി ശ്രീകൃഷ്ണന്റെ ജന്മദിനമായ അഷ്ടമി രോഹിണി ഭക്തർ ആഘോഷിച്ചു. ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ജന്മാഷ്ടമി പൂജകൾ തൊഴാൻ ഭക്തരുടെ വൻ തിരക്ക് അനുഭവപ്പെട്ടു. ക്ഷേത്രങ്ങളിൽ അർധരാത്രിയോടെ നടത്തിയ അവതാരപൂജയും നടത്തി. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തി. അഭിശ്രവണ മണ്ഡപത്തിൽ സജ്ജീകരിച്ച അലങ്കാര ഊഞ്ഞാലിൽ കൃഷ്ണന്റെ ബാല വിഗ്രഹങ്ങളുടെ ദർശനവും ഉണ്ടായിരുന്നു.

ശ്രീകൃഷ്ണലീലയിൽ നാടിന്റെ മനംനിറച്ച് ശോഭായാത്ര
കല്ലമ്പലം∙ഗ്രാമവീഥികളും പ്രധാന പട്ടണങ്ങളും അമ്പാടിയാക്കി കൃഷ്ണ രാധമാരുടെ കുട്ടിക്കാലം ഓർമപ്പെടുത്തുന്ന ശോഭ യാത്ര ഭക്തി സാന്ദ്രം. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശോഭ യാത്രകൾ കടന്നു പോകുന്ന വഴികളിലെല്ലാം ഭക്തർ കൃഷ്ണ മന്ത്രം ഉരുവിട്ട് കൈകൂപ്പി സ്വീകരിച്ചു. മണമ്പൂർ,ഒറ്റൂർ പഞ്ചായത്തിലെ 7 സ്ഥലങ്ങളിൽ നിന്നുള്ള ശോഭാ യാത്രകൾ ഒറ്റൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു.
നാവായിക്കുളം പഞ്ചായത്തിൽ നാല് സ്ഥലങ്ങളിൽ ആണ് ശോഭാ യാത്ര നടന്നത്. വിലങ്ങറയിൽ നിന്നും ശങ്കരനാരായണസ്വാമി ക്ഷേത്രത്തിലേക്കും പോളച്ചിറ അപ്പൂപ്പൻ കാവിൽ നിന്നും ഇലങ്കത്തിൽ ഭഗവതി ക്ഷേത്രത്തിലേക്കും കുണ്ടുമൺ കാവിൽ നിന്നും വലിയ കാവിലേക്കും ഇടമൺനില, പ്ലാച്ചിവട്ടം, കുഴക്കാട്ടുകോണം ആലുംകുന്ന് എന്നീ സ്ഥലങ്ങളിൽ നിന്നുള്ള ശോഭാ യാത്രകൾ 28-ാംമൈലിലും സംഗമിച്ച് മഹാ ശോഭ യാത്രയായി ചെറുവട്ടിയൂർ കാവിൽ സമാപിച്ചു.
പള്ളിക്കൽ പഞ്ചായത്തിൽ വൈവേലിയിൽ നിന്നും ആരംഭിച്ച ശോഭ യാത്ര മൂതല ധർമശാസ്താ ക്ഷേത്രത്തിൽ സമാപിച്ചു .കരവാരം പഞ്ചായത്തിലെ പന്തു വിളയിൽ നിന്നും ആരംഭിച്ച ശോഭ യാത്ര പുതുശ്ശേരി മുക്കിൽ സമാപിച്ചു.വഞ്ചിയൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും ആഘോഷം ഉണ്ടായിരുന്നു. ആഘോഷത്തോടനുബന്ധിച്ച് ഗോപൂജ വൃക്ഷ പൂജ ഗീത അക്ഷര ശ്ലോക സദസ്സ് തുടങ്ങിയവ വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
ബാലഗോകുലം പകൽക്കുറി മണ്ഡലത്തിന്റെ നേതൃത്വത്തിലുള്ള ശോഭ യാത്ര പൈവേലി മാടൻ കാവിൽ നിന്ന് ആരംഭിച്ച് ചെമ്മരത്ത് കൊടിമരത്തിൻമൂട് ,ഭദ്രാദേവീക്ഷേത്രം,മൂതല വഴി പാറയിൽ ധർമ ശാസ്താ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. തുടർന്ന് പ്രസാദ വിതരണം നടന്നു.
ബാലഗോകുലം ചിറ്റായിക്കോട് മണ്ഡലത്തിന്റെ നേതൃത്വത്തിലുള്ള ശോഭ യാത്ര കുണ്ടുമൺ കാവിൽ നിന്നാരംഭിച്ച് മാവിൻമൂട് വഴി വലിയകാവ് ശാസ്താ ക്ഷേത്രത്തിൽ എത്തി ഉറിയടിയോടെ സമാപിച്ചു. ഒരാഴ്ച വ്രതം ആചരിച്ച ഇരുനൂറോളം ബാലിക ബാലൻമാർ കൃഷ്ണ,രാധ വേഷം അണിഞ്ഞാണ് ശോഭ യാത്രയിൽ പങ്കെടുത്തത്. വാദ്യ ഘോഷങ്ങൾ,നിശ്ചല ദൃശ്യങ്ങൾ എന്നിവ അകമ്പടിയായി.
കിളിമാനൂർ∙ വിവിധ ക്ഷേത്രങ്ങളിൽ നിന്നും ആരംഭിച്ച ശോഭ യാത്രകളിൽ വ്രതംനോറ്റ ബാലിക ബാലന്മാർ പീലി തിരുമുടി കിരീടം തലയിൽ ചൂടിയും ഓടക്കുഴൽ കൈകളിലേന്തിയ ഉണ്ണിക്കണ്ണൻ, രാധ, രുക്മിണി, കുചേലൻ വേഷധാരികളായി അണിനിരന്നു. പുരാണ കഥാപാത്രങ്ങൾ, ചെണ്ടമേളം, വിവിധ വാദ്യമേളങ്ങൾ, മുത്തുക്കുടകൾ , നിശ്ചല ദൃശ്യങ്ങൾ, ഭജന സംഘം എന്നിവ അകമ്പടി വഹിച്ചു. അകലട്ടെ ലഹരി, ഉണരട്ടെ മൂല്യവും ബാല്യവും എന്നതാണ് ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി സന്ദേശം.
ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകൾ, ഉണ്ണിയപ്പം പ്രസാദ വിതരണം, പാൽപായസ നിവേദ്യം, ഭാഗവത പാരായണം, ഉറിയടി, കഥാകഥനം, ഗോമാതാപൂജ എന്നിവ നടന്നു. കിളിമാനൂർ പാപ്പാലയിൽ നിന്നുള്ള ശോഭ യാത്ര കിളിമാനൂർ ടൗൺ, പഞ്ചായത്ത് ബസ് സ്റ്റാൻഡ് വഴി മഹാദേവേശ്വരം ക്ഷേത്രത്തിലും, കൈലാസംകുന്ന് ജംക്‌ഷനിൽ നിന്നുള്ള ശോഭയാത്ര കൈലാസം ശക്തിഗണപതി ക്ഷേത്രത്തിലും സമാപിച്ചു.
പോങ്ങനാട് തെക്കതിൽ ദേവി ക്ഷേത്രത്തിൽ നിന്നുള്ള ശോഭയാത്ര പാറയിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിലും, പനപ്പാംകുന്ന് ഇലഞ്ഞിക്കൽകാവ്, തുമ്പോട് എന്നിവിടങ്ങളിൽ നിന്നുള്ള ശോഭ യാത്രകൾ കൃഷ്ണൻകുന്ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും സമാപിച്ചു. മടവൂർ ആനകുന്നം മഹാദേവർ ക്ഷേത്രത്തിൽ നിന്നുള്ള ശോഭ യാത്ര കുറിച്ചി വഴി കാരംകുളം അപ്പൂപ്പൻകാവിൽ സമാപിച്ചു.
നഗരൂർ വഞ്ചിയൂർ കടവിള പാറമുക്ക് ദുർഗാ ഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള ശോഭ യാത്ര കുന്നിൻകുളങ്ങര ക്ഷേത്രത്തിലും, രാമനല്ലൂർക്കോണം, കായാട്ടുകോണം ഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ശോഭ യാത്രകൾ കേശവപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലും സമാപിച്ചു. പള്ളിക്കൽ മൂതല പൈവേലി മാടൻകാവിൽ നിന്നുള്ള ശോഭ യാത്ര മൂതല പാറയിൽ ശാസ്താ ക്ഷേത്രത്തിൽ സമാപിച്ചു.
കാരേറ്റ് പ്ലാവോട് ദുർഗാ ഭദ്രാ ക്ഷേത്രത്തിൽ നിന്നുള്ള ശോഭ യാത്ര ആനാകുടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും, കടലുകാണി ശിവക്ഷേത്രത്തിൽ നിന്നുള്ള ശോഭ യാത്ര താളിക്കുഴി ശിവക്ഷേത്രത്തിലും, കുറ്റിമൂട് വാവൂപ്പാറ ഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള ശോഭ യാത്ര കല്ലറ മാടൻനടയിലും, തുമ്പോട് മഹാദേവ ക്ഷേത്രത്തിൽ നിന്നുള്ള ശോഭ യാത്ര കല്ലറ ആയിരവില്ലി ക്ഷേത്രത്തിലും സമാപിച്ചു.
വെഞ്ഞാറമൂട്∙ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണജയന്തിയോട് അനുബന്ധിച്ചു നടന്ന ശോഭായാത്രകൾ വർണശബളമായി.ബാലഗോകുലം ഭരതന്നൂർ മണ്ഡലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ നടന്നു. മൈലമൂട്, സേമ്യാക്കട, നെല്ലിക്കുന്ന്, കൈതപ്പച്ച, കാക്കാണിക്കര, വലിയവയൽ, മൂലപ്പേഴ്, രാമരശ്ശേരി, തൃക്കോവിൽവട്ടം, മാറനാട്, പുളിക്കരക്കുന്ന്, ലെനിൻകുന്ന്, കാഞ്ചിനട, കൊച്ചുവയൽ, ഭരതന്നൂർ സ്റ്റേഡിയം, പാങ്ങോട്, കല്ലുമല എന്നിവിടങ്ങളിൽ നിന്നും എത്തിയ ശോഭായാത്രകൾ ഗാർഡ് സ്റ്റേഷനിൽ സംഗമിച്ച് ഭരതന്നൂർ വഴി ശിവക്ഷേത്രത്തിൽ എത്തിച്ചേർന്നു. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ മുന്നോടിയായി വിളംബര ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, ഗോപികാ നൃത്തം എന്നിവയും സംഘടിപ്പിച്ചിരുന്നു.
ബാലഗോകുലം കല്ലറ മണ്ഡലത്തിന്റെ നേതൃത്വത്തിൽ നടന്ന ശോഭായാത്ര കല്ലറ ആയിരവില്ലി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് തുമ്പോട് മുടിപ്പുര ദേവീ ക്ഷേത്രത്തിൽ സമാപിച്ചു. ചെണ്ടമേളം, പൂക്കാവടി, മുത്തുക്കുടകൾ, തെയ്യം എന്നിവ അകമ്പടി സേവിച്ചു.വാമനപുരം കുറ്റൂർ ക്ഷേത്രത്തിൽ നിന്നും ശോഭായാത്ര അമ്മൻകോവിൽ, ശാസ്താംഭാഗം ക്ഷേത്രം വഴി തിരികെ കുറ്റൂർ ക്ഷേത്രത്തിൽ സമാപിച്ചു.കളമച്ചൽ,പള്ളിമൺകുഴി ക്ഷേത്രം,പരപ്പാറമുകൾ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ കണിച്ചോട് സംഗമിച്ച് പെരുന്തറ ക്ഷേത്രത്തിൽ സമാപിച്ചു.
വർക്കല∙ ശ്രീകൃഷ്ണന്റെ ജന്മദിനത്തിൽ ക്ഷേത്രങ്ങളിൽ പൂജകളും നഗരത്തിൽ ഘോഷയാത്രകളും നടത്തി ഭക്തിനിർഭരമായി. ബാലഗോകുലത്തിന്റെ മഹാശോഭയാത്ര വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള ഉപശോഭാ യാത്രകളോടെ വൈകിട്ട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് സംഗമിച്ചു. തുടർന്നു വർക്കല ജനാർദനസ്വാമി ക്ഷേത്രം പരിസരത്തേക്കു ശോഭായാത്ര നീങ്ങി. ഉണ്ണിക്കണ്ണനു പുറമേ രാധയുടെയും കുചേലന്റെയും വേഷധാരികളായി കുട്ടികൾ അണിനിരന്നു.
നിശ്ചലദൃശ്യങ്ങൾ, വാദ്യമേളങ്ങൾ എന്നിവ ആഘോഷങ്ങൾക്കു മിഴിവേകി. ‘അകലട്ടെ ലഹരി ഉണരട്ടെ മൂല്യവും ബാല്യവും’ എന്ന സന്ദേശത്തോടെയാണ് ബാലഗോകുലം ജന്മാഷ്ടമി ആഘോഷിക്കുന്നത്. വൈകിട്ട് 7 മണിയോടെ ഘോഷയാത്ര ജനാർദനസ്വാമി ക്ഷേത്രപരിസരത്ത് സമാപിച്ചു. മാന്തറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ചെമ്മരുതി ശ്രീകൃഷ്ണ മഹാക്ഷേത്രം ഉൾപ്പെടെ വിവിധ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും ആഘോഷപരിപാടികളും നടന്നു.