പല്ലുകൊഴിഞ്ഞു, ഇരതേടി നാട്ടിലിറങ്ങി: ഒടുവിൽ കടുവ കുടുങ്ങി; ആശ്വാസത്തോടെ ജനം
Mail This Article
ബത്തേരി ∙ വാകേരിയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ഒരു മാസത്തോളമായി ഭീതി പരത്തിയ കടുവ പിടിയിൽ. വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ കുടുങ്ങിയ കടുവയെ കുപ്പാടി നാലാം മൈലിലുള്ള വന്യമൃഗ പരിചരണ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. ഇന്നലെ രാവിലെ 11.17നാണ് വാകേരി രണ്ടാംനമ്പർ ഏദൻവാലി എസ്റ്റേറ്റിലെ വഴിയരികിൽ സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത്. ഇരജീവിയായി നിർത്തിയിരുന്ന നായയെ പിടികൂടാൻ കൂട്ടിനകത്തു കയറിയപ്പോഴാണ് കടുവ കുടുങ്ങിയത്. സുമാർ 14 വയസ്സ് പ്രായമുള്ള കടുവയാണ് പിടിയിലായതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
കടുവയുടെ ഉളിപ്പല്ലുകൾ നാലും കൊഴിഞ്ഞു പോയിട്ടുണ്ട്. മറ്റു പരുക്കുകളോ അവശതകളോ ഇല്ല. പല്ലു കൊഴിഞ്ഞത് നിമിത്തം ഇര പിടിക്കാൻ കഴിയാത്തതിനാലാണ് നാട്ടിലേക്കിറങ്ങി ചെറിയ വളർത്തു മൃഗങ്ങളെ പിടികൂടിയിരുന്നതെന്നാണു നിഗമനം. കെണിയിൽ കുടുങ്ങിയ കടുവയെ വയനാട് വന്യജീവി സങ്കേതത്തിൽ കുപ്പാടിയിലുള്ള വന്യമൃഗ പരിചരണ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
കേന്ദ്രത്തിലെ സ്ക്യൂസ് കേജിലാണ് പ്രാഥമിക നിരീക്ഷണത്തിനായി കടുവയെ പാർപ്പിച്ചിട്ടുള്ളത്. വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ എസ്. നരേന്ദ്രബാബു, സൗത്ത് വയനാട് ഡിഎഫ്ഒ എ. സജ്ന, ചീഫ് വെറ്ററിനറി ഫോറസ്റ്റ് ഓഫിസർ ഡോ. അരുൺ സഖറിയ, ചെതലത്ത് റേഞ്ച് ഓഫിസർ കെ.പി. അബ്ദുൽ സമദ് എന്നിവർ സ്ഥലത്തെത്തി.
വാലി, ഏദൻവാലി പ്ലാന്റേഷനുകളിൽഒരാഴ്ചയിലേറെ കടുവ സാന്നിധ്യം
സ്ഥിര സാന്നിധ്യമായിരുന്ന കടുവ അകത്തായതോടെ അൽപമൊരു ആശ്വാസത്തിൽ നാട്ടുകാർ. വാകേരി, രണ്ടാം നമ്പർ, കക്കടം, എന്നിവിടങ്ങളിലെ ജനങ്ങളും വാലി, ഏദൻവാലി പ്ലാന്റേഷനുകളിലെ തൊഴിലാളികളും കഴിഞ്ഞ ഒരാഴ്ചയിലധികമായി കടുവാഭീതിയിലായിരുന്നു. കഴിഞ്ഞ 29നാണ് വാലി എസ്റ്റേറ്റ് റോഡിൽ ബൈക്കിലെത്തിയ മത്സ്യവിൽപനക്കാരന്റെ മുൻപിലേക്കു കടുവ ചാടിയത്. അന്ന് ഒട്ടേറെ പേർ കടുവയെ കണ്ടിരുന്നു.
പിന്നീട് കഴിഞ്ഞ 12ന് ഏദൻവാലി പ്ലാന്റേഷനിൽ വളർത്തുനായയെ കടുവ കൊന്നു ഭക്ഷിച്ചു. കൂടാതെ പല സമയങ്ങളിലായി മാനിനെയും കാട്ടുപന്നിയെയും കൊന്നും ഭക്ഷിച്ചതുമായ നിലയിൽ എസ്റ്റേറ്റുകളിൽ കണ്ടിരുന്നു. ഇതോടെ തോട്ടം മേഖലയിൽ പണിയെടുക്കുന്ന നൂറുകണക്കിന് തൊഴിലാളികളും ഭീതിയിലായിരുന്നു.
കടുവ പിടിയിലായെന്നറിഞ്ഞതോടെ പ്രദേശവാസികൾ കൂട്ടത്തോടെ കൂടിനടുത്തേക്കെത്തി. തുടക്കത്തിൽ ഗേറ്റ് അടച്ച് ജനങ്ങളെ നിയന്ത്രിച്ചെങ്കിലും ഒടുവിൽ കടുവയെ കൊണ്ടുപോകാൻ നേരം എല്ലാവരെയും കാണാൻ അനുവദിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണു കടുവയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചത്. കൂട് സ്ഥാപിക്കുന്നതിനു മുൻപ് കടുവയുടെ നീക്കം നിരീക്ഷിക്കുന്നതിനായി പ്രദേശത്ത് ക്യാമറകൾ സ്ഥാപിച്ചിരുന്നു.
രണ്ടു ദിവസവും കടുവ ക്യാമറയിൽ പതിഞ്ഞിരുന്നു. ഒരേ വഴിച്ചാലിലൂടെയാണ് എന്നും കടുവ വരുന്നതെന്നു മനസിലാക്കിയാണ് കൂട് സ്ഥാപിച്ചത്. ഉടൻ കുടുങ്ങുകയും ചെയ്തു. ഇരജീവിയായി കൂട്ടിൽ കെട്ടിയ നായയെ കടുവ കൊന്നു പാതി ഭക്ഷിച്ചു.
‘കല്ലിയോട്ടുകാരന്’ കൂട്ടായി പല്ലുകൊഴിഞ്ഞ ‘വാകേരിക്കാരി’
സംസ്ഥാനത്ത് വന്യജീവികൾക്കു മാത്രമായി ആരംഭിച്ച നാലാം മൈലിലെ പരിചരണ കേന്ദ്രത്തിലേക്കു രണ്ടാമത്തെ അതിഥിയുമെത്തി. ആദ്യ അതിഥി മാനന്തവാടി കല്ലിയോട്ടു നിന്നു കെണിയിലായ നാലു വയസ്സുകാരൻ കടുവയായിരുന്നെങ്കിൽ ഇന്നലെയെത്തിയത് വാകേരിയിൽ നിന്നു പിടികൂടിയ പല്ലുകൊഴിഞ്ഞ പതിനാലുകാരി കടുവ. ആദ്യ അതിഥിക്ക് മുൻകാലിനു പരുക്കേറ്റ് മുടന്തായിരുന്നു പ്രശ്നം. പുതിയ അതിഥിക്കാവട്ടെ പ്രായാധിക്യവും. രണ്ടിനെയും സംരക്ഷിക്കാനാണു വനംവകുപ്പിന്റെ തീരുമാനം.
സംരക്ഷണ കേന്ദ്രത്തിലെ പെഡോക്കുകളിൽ ഉല്ലസിച്ചു കഴിയുകയാണു കഴിഞ്ഞ മാർച്ച് 10ന് കല്ലിയോട്ടു നിന്നു പിടിയിലായ നാലുവയസ്സുകാരൻ. 20 മുതൽ 30 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയിൽ ചുറ്റിലും മേൽക്കൂരയിലും കമ്പിവലയും താഴെ പുൽപ്പരപ്പുമുള്ള വന്യജീവികളുടെ താമസ ഇടമാണ് പെഡോക്കുകൾ.
പല്ലില്ലെങ്കിലും നല്ല ശൗര്യത്തിലായിരുന്നു കേന്ദ്രത്തിൽ ഇന്നലെയെത്തിയ കടുവ. ദേഹത്ത് പരുക്കുകളൊന്നും ഇല്ലാത്ത കടുവ ആരോഗ്യവതിയാണ്. ചീഫ് വെറ്ററിനറി ഫോറസ്റ്റ് ഓഫിസർ ഡോ. അരുൺ സഖറിയ വിശദമായി പരിശോധിച്ച് ആവശ്യമായ മരുന്നുകൾ കുറിച്ചു. ഇറച്ചിയും വെള്ളവും ഇന്നലെ ആവശ്യത്തിനു നൽകി.
പുതിയ അതിഥിയുടെ വരവ് കണക്കിലെടുത്ത് മുൻ കരുതൽ എന്നോണം പെഡോക്കിൽ ഉല്ലസിച്ചിരുന്ന നാലു വയസ്സുകാരനെ പ്രത്യേക പരിചരണ മുറിയിലേക്കു മാറ്റിയിരുന്നു. കുറച്ചു ദിവസങ്ങൾക്കു ശേഷം വീണ്ടും പെഡോക്കിലേക്ക് മാറ്റും. സ്ക്യൂസ് കേജിലെ പരിചരണത്തിനു ശേഷം വയോധിക കടുവയെയും പെഡോക്കിലേക്കു മാറ്റും.
കൂട്ടിലായത് കടുവ നമ്പർ ഡബ്ല്യുഡബ്ല്യു 54
വാകേരിയിൽ ജനവാസ കേന്ദ്രങ്ങളിൽ ഭീതി പടർത്തുകയും ഇന്നലെ കൂട്ടിലാവുകയും ചെയ്തത് വയനാട്ടിലെ 54ാം നമ്പർ കടുവ. കഴിഞ്ഞ 11 വർഷമായി ഇതേ കടുവ വനംവകുപ്പിന്റെ രേഖകളിൽ ഇതേ നമ്പറിലുണ്ട്. 2011ൽ നടന്ന കടുവ സെൻസസിൽ ഈ കടുവയുടെ ചിത്രങ്ങൾ വനംവകുപ്പിന് ലഭിച്ചിരുന്നു. അന്നു നൽകിയ തിരിച്ചറിയൽ നമ്പറാണ് ഡബ്ല്യുഡബ്ല്യു 54. കടുവയുടെ ദേഹത്തെ വരകളും മറ്റ് പ്രത്യേകതകളും ശേഖരിച്ച ശേഷമാണ് നമ്പർ നൽകുന്നത്.
പിന്നീട് 2016ലും 2018ലും നടത്തിയ കണക്കെടുപ്പുകളിലും ഇതേ കടുവയുടെ ചിത്രങ്ങളും വിവരങ്ങളും ലഭിച്ചിരുന്നെന്ന് ഡിഎഫ്ഒ എ. സജ്ന പറഞ്ഞു. കഴിഞ്ഞ 11 വർഷമായി തന്റെ അധീന പ്രദേശത്ത് ഈ കടുവ വിലസുണ്ടെന്ന് വേണം അനുമാനിക്കാൻ. രണ്ടോ, മൂന്നോ വയസുള്ളപ്പോഴായിരിക്കണം കടുവയുടെ വിവരങ്ങൾ ആദ്യം ലഭിച്ചത്.
പല്ലുകൊഴിഞ്ഞാൽ പട്ടിണി
കടുവയുടെ ശരാശരി ആയൂസ് 20– 25 വയസാണ്. എന്നാൽ നല്ല പ്രായമെന്നു പറയുന്നത് 12 വരെയാണ്. അതിനു ശേഷം കാട്ടിലെ മറ്റു കടുവകളുമായുള്ള ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെടുകയോ പല്ലുകൾ കൊഴിഞ്ഞ് അവശനാകുകയോ ചെയ്യാം. കടുവയുടെ നാലു കോമ്പല്ലുകളാണ് (ഉളിപ്പല്ലുകൾ) പ്രധാന ഇരപിടിയൻ ആയുധം. കഴുത്തിലോ തലയ്ക്കു പിന്നിലോ ഈ ദംഷ്ട്രകൾ ആഴത്തിലിറക്കിയാണ് ഇവയുടെ ഇരപിടുത്തും. ഇരകളെ കീഴടക്കുന്നത്.
ഇതുവഴി ഇരയുടെ സുഷുമ്നാ നാഡി തകരുകയോ രക്തം വാർന്ന് ചാവുകയോ ചെയ്യും. പല്ലുകൾ കൊഴിയുന്നതോടെയാണ് ചെറുജീവികളെ തേടി നാട്ടിൻ പുറങ്ങളിലേക്കെത്തുന്നത്. ഇന്നലെ പിടിയിലായ കടുവ അലറുമ്പോൾ അതിന്റെ വായിൽ കോമ്പല്ലുകളില്ലെന്നു പ്രത്യേകം തിരിച്ചറിയാൻ കഴിയുമായിരുന്നു.