തെപ്പക്കാട് പാടിയിൽ വീണ്ടും കടുവ
![മുതുമല കടുവ സങ്കേതത്തിലെ തെപ്പക്കാട് പാടി ഗ്രാമത്തിൽ വീണ്ടും കടുവ ഇറങ്ങിയതോടെ വനംവകുപ്പിന്റെ നേതൃത്വത്തിൽ കൂടുതൽ ക്യാമറകൾ സ്ഥാപിക്കുന്നു. മുതുമല കടുവ സങ്കേതത്തിലെ തെപ്പക്കാട് പാടി ഗ്രാമത്തിൽ വീണ്ടും കടുവ ഇറങ്ങിയതോടെ വനംവകുപ്പിന്റെ നേതൃത്വത്തിൽ കൂടുതൽ ക്യാമറകൾ സ്ഥാപിക്കുന്നു.](https://img-mm.manoramaonline.com/content/dam/mm/mo/district-news/wayanad/images/2023/2/14/wayanad-tiger-threats-in-theppakadu.jpg?w=1120&h=583)
Mail This Article
ഗൂഡല്ലൂർ ∙ മുതുമല കടുവ സങ്കേതത്തിലെ തെപ്പക്കാട് പാടി ഗ്രാമത്തിൽ വീണ്ടും കടുവ ഇറങ്ങിയതോടെ ഗ്രാമീണർ ഭീതിയിൽ. പാടി ഗ്രാമത്തിലെ മാരി എന്ന വീട്ടമ്മയെ കഴിഞ്ഞ ജനുവരി 31നു പരിസരത്തുള്ള വനത്തിൽ വച്ചു കടുവ കൊന്നു ഭക്ഷിച്ചിരുന്നു. നരഭോജിയായ കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ടു നാട്ടുകാർ സമരം നടത്തിയിരുന്നു. വനംവകുപ്പ് പാടിയിലെ വീടുകൾക്കു സമീപം 41 ക്യാമറകൾ സ്ഥാപിച്ചു കടുവയെ നിരീക്ഷിച്ചു വരുന്നതിനിടയിലാണ് വീടുകൾക്ക് സമീപത്തായി വീണ്ടും കടുവ ഇറങ്ങിയത്.
ഈ പ്രദേശത്ത് ക്യാമറകളിൽ 4 കടുവകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മാരിയെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയെ കണ്ടെത്താനായി പരിശോധന നടത്തി വരികയാണ്. മാരിയുടെ ജഡത്തിൽ നിന്നും ശേഖരിച്ച കടുവയുടെ ഉമിനീർ സാംപിളും കടുവയുടെ കാഷ്ഠം പരിശോധിച്ചുമാണു നരഭോജി കടുവയെ കണ്ടെത്താനായി ശ്രമിക്കുന്നത്. ഇതിനിടയിലാണു കടുവ വീണ്ടും ഗ്രാമത്തിലിറങ്ങിയത്. കഴിഞ്ഞ ഡിസംബർ പാടിയിലുള്ള വനംവകുപ്പിലെ താൽക്കാലിക ജീവനക്കാരനെ കടുവ ആക്രമിച്ചു പരുക്കേൽപ്പിച്ചിരുന്നു.
കടുവ സങ്കേതത്തിനകത്തുള്ള ഗ്രാമമാണ് പാടി. ഇവിടത്തെ ഗ്രാമീണർ കടുവ സങ്കേതത്തിൽ ജോലികൾ ചെയ്തു വരുന്നവരാണ്. പാടിയിലെ നാട്ടുകാർ വനത്തിൽ വിറക് ശേഖരിക്കാൻ പോകുന്നതു വനംവകുപ്പ് തടഞ്ഞു. പകരം വിറക് വനംവകുപ്പ് നാട്ടുകാർക്കു നേരിട്ട് വിതരണം ചെയ്തു തുടങ്ങി. നാട്ടുകാരുടെ അടിസ്ഥാന ആവശ്യങ്ങൾ വനംവകുപ്പ് നേരിട്ട് നടത്തി കൊടുക്കുന്നുണ്ട്. മറ്റൊരു അപകടം നടക്കാതിരിക്കാനുള്ള എല്ലാ മുൻ കരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. നരഭോജിയായ കടുവയെ ഉടൻ പിടികൂടണമെന്നാണു നാട്ടുകാരുടെ ആവശ്യം.