കടുവയുടെ വരകൾ ആര് എണ്ണി നോക്കും? പ്രജീഷിനെ പിടികൂടി കൊന്ന സ്ഥലത്ത് വീണ്ടും കടുവ എത്തി
![way-tiger-attacked-prajeesh-passed-away way-tiger-attacked-prajeesh-passed-away](https://img-mm.manoramaonline.com/content/dam/mm/mo/district-news/thiruvananthapuram/images/2022/12/way-tiger-attacked-prajeesh-passed-away.jpg?w=1120&h=583)
Mail This Article
കൽപറ്റ ∙ വയനാട്ടിലെ നരഭോജിക്കടുവയെ വെടിവയ്ക്കാനുള്ള ഉത്തരവ് എത്രയും വേഗം നടപ്പാക്കണമെന്ന ആവശ്യമുയരുന്നു. കടുവയെ തിരിച്ചറിഞ്ഞ ശേഷം മയക്കുവെടി വച്ചോ കൂടു സ്ഥാപിച്ചോ പിടികൂടാൻ പരമാവധി ശ്രമിക്കണമെന്നും അതിനു സാധിച്ചില്ലെങ്കിൽ നടപടിക്രമങ്ങൾ കർശനമായി പാലിച്ചു വെടിവച്ചുകൊല്ലാമെന്നുമാണു ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ്.
ഇതിലെ നടപടിക്രമങ്ങൾ ഓരോന്നായി പാലിച്ചുവരുമ്പോഴേക്കും കടുവ ഇനിയും ആരുടെയെങ്കിലും ജീവനെടുക്കുമോ എന്ന ഭീതിയിലാണു കൂടല്ലൂർ നിവാസികൾ. പ്രജീഷിനെ പിടികൂടി കൊന്ന സ്ഥലത്ത് ഇന്നലെ വീണ്ടും കടുവ എത്തിയിരുന്നു. ഉത്തരവു നേരത്തേ ഇറങ്ങിയിരുന്നെങ്കിൽ കടുവയെ കണ്ടയുടൻ വെടിവച്ചുകൊല്ലുകയോ പിടികൂടുകയോ ചെയ്യാമായിരുന്നു. വെടിവച്ചുകൊല്ലണമെങ്കിൽ പോലും ആദ്യം കടുവയെ തിരിച്ചറിയണമെന്നതാണ് ഇനിയുള്ള വലിയ കടമ്പ.
കഴിഞ്ഞ ദിവസം വച്ച 8 ക്യാമറകൾക്കു പുറമേ ഇതിനായി 20 ക്യാമറകൾ കൂടി ഇന്നലെ സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ, ക്യാമറയിൽ പതിയുന്ന കടുവയുടെ വരകൾ നോക്കി സ്ഥിരീകരണം നടക്കില്ല. ഒത്തുനോക്കാൻ, പ്രജീഷിനെ കൊന്ന കടുവയുടെ ചിത്രങ്ങൾ ഇല്ലാത്തതാണു കാരണം. ഒരു കടുവ തന്നെ തുടർച്ചയായി പല ക്യാമറകളിൽ പതിയുകയാണെങ്കിൽ നരഭോജി അതു തന്നെയാകുമെന്ന നിഗമനത്തിലെത്തുക മാത്രമാണ് ഇനിയുള്ള മാർഗം. അതിനുശേഷം കൂടു സ്ഥാപിക്കുകയോ മയക്കുവെടി വയ്ക്കാൻ ഒരുക്കങ്ങൾ തുടങ്ങുകയോ വേണം. ഇതെല്ലാം നീണ്ടുപോയാൽ നരഭോജിക്കടുവ വീണ്ടും നാശം വിതയ്ക്കുമെന്നാണു ജനങ്ങളുടെ ഭീതി.