പന്തല്ലൂരിൽ കനത്ത മഴ, നാശനഷ്ടം

Mail This Article
ഗൂഡല്ലൂർ∙ പന്തല്ലൂർ ഭാഗത്ത് പെയ്ത കനത്ത മഴയിൽ വ്യാപക നാശനഷ്ടമുണ്ടായി. പന്തല്ലൂരിൽ ഒട്ടേറെ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി. ദേവാല ഉപ്പട്ടി റോഡിൽ 3 സ്ഥലത്ത് മണ്ണിടിച്ചിൽ ഉണ്ടായി. ദേവാല ഹട്ടി റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഈ റോഡിലുള്ള ഗതാഗതം പൂർണമായും നിലച്ചു. ബത്തേരി റോഡിലും വെള്ളം കയറി ഗതാഗതം സ്തംഭിച്ചിരുന്നു. പന്തല്ലൂരിലെ ചെമ്മൺവയലിൽ 40 വീടുകളിൽ വെള്ളം കയറി വീട്ടുപകരണങ്ങൾ നശിച്ചു. പെട്ടെന്നാണ് ഈ ഭാഗത്ത് മഴവെള്ളം ഇരച്ചെത്തിയത്. ഈ ഭാഗത്തുള്ള താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. പാടന്തുറ ഭാഗത്ത് പെയ്ത മഴയിൽ ഒട്ടേറെ വീടുകളിൽ വെള്ളം കയറി. പാടന്തുറയിലുള്ള സഹകരണ സംഘത്തിന്റെ പാൽ സംഭരണ കേന്ദ്രത്തിലും വെള്ളം കയറി. പാടന്തുറയിലെ ആലവയൽ റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം നിലച്ചിരുന്നു. ഈ ഭാഗത്ത് വിള നാശവും ഉണ്ടായിട്ടുണ്ട്.

മണ്ണിടിച്ചിലിൽപെട്ട് കാർ ഒലിച്ചുപോയി
പന്തല്ലൂർ∙ മണ്ണിടിച്ചിലിൽ പെട്ട് കാർ ഒലിച്ചു പോയെങ്കിലും കാറിലുണ്ടായിരുന്ന യാത്രക്കാർ രക്ഷപ്പെട്ടു. ദേവാലയ്ക്ക് സമീപം അത്തികുന്ന് റോഡിൽ അത്തിമാനഗറിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. നെല്ലിയാളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സ് നിഷ, മകൻ ജോസ്, സുഹൃത്ത് ആൽവിൻ എന്നിവരാണ് രക്ഷപ്പെട്ടത്. വൈകിട്ട് 6 മണിക്കാണ് അപകടം ഉണ്ടായത്. നെല്ലിയാളത്തിൽ നിന്നും ദേവാലയിലെ വീട്ടിലേക്ക് പോകുമ്പോൾ അത്തിമാനഗറിൽ എത്തിയപ്പോൾ റോഡിന്റെ മുകൾ വശത്ത് നിന്നും കൂറ്റൻ മൺതിട്ട ഇടിഞ്ഞു വരുന്നത് കണ്ടതോടെ ഇവർ കാർ നിർത്തി.
കാറിലേക്ക് മണ്ണും വെള്ളവും ഒലിച്ചെത്തി റോഡില്‍ നിന്നും ഒലിച്ചു പോകുന്നതിനിടയില്‍ വാഹനത്തില്‍ നിന്നും മൂന്ന് പേർക്കും ഇറങ്ങാന്‍ കഴിഞ്ഞു. നിമിഷങ്ങൾക്കകം ഇടിഞ്ഞു വീണ മണ്ണിൽ പുതഞ്ഞ കാർ ഒലിച്ച് താഴ് ഭാഗത്തെ തേയിലത്തോട്ടത്തില്‍ എത്തി. മൂന്നു പേര്‍ക്കും നേരിയ പരുക്കേറ്റു. ഇവരെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഈ പ്രദേശത്ത് വൈകുന്നേരം മുതൽ കനത്ത മഴയായിരുന്നു.