ആള് ജപ്പാനാണ് ജാനിസ് പുളിക്കൻ; നേടി മുക്കാൽ കോടിയുടെ സ്കോളർഷിപ്പ്; മെക്സ്റ്റിൽ അറിയേണ്ടതെല്ലാം

Mail This Article
ജപ്പാൻ എന്നു കേൾക്കുമ്പോൾ ചാലക്കുടിക്കാരി ജാനിസ് പുളിക്കന്റെ മനസ്സിലേക്കു വന്ന ചിത്രം ഭാവിയുടേതായിരുന്നു. ലോകം 2025ൽ നിൽക്കുമ്പോൾ 2050ൽ ജീവിക്കുന്ന നാട്. പ്രകൃതിദുരന്തങ്ങളിൽനിന്നുവരെ ‘നിസ്സാരം’ എന്നു പറഞ്ഞ് തിരിച്ചുവരുന്നനാട്. ആയിരം കടലാസുകൊറ്റികളെയുണ്ടാക്കി ആണവദുരന്തത്തിന്റെ മുറിവുകളുണക്കാൻ ശ്രമിച്ച സഡാകോ സസാക്കിയുടെ നാട്. യൂറോപ്യൻ സർവകലാശാലകളിൽ ഉപരിപഠനത്തിനുള്ളഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പും ജപ്പാനിൽ ഉപരിപഠനത്തിനുള്ള മെക്സ്റ്റ് (MEXT) സ്കോളർഷിപ്പും ലഭിച്ചപ്പോൾ അതുകൊണ്ടുതന്നെ ജാനിസിനു സംശയമൊന്നുമുണ്ടായിരുന്നില്ല. ചലോ ജപ്പാൻ...
വിദേശപഠനമോഹം
തൃശൂർ സെന്റ് പോൾസ് സിഇഎച്ച്എസ്, എസ്എച്ച് സിജിഎച്ച്എസ് എന്നിവിടങ്ങളിലെസ്കൂൾ പഠനശേഷം ജാനിസ് വണ്ടികയറിയത് ഡൽഹി സർവകലാശാലയ്ക്കു കീഴിലുള്ള കോളജായ മിറാൻഡ ഹൗസിലേക്കായിരുന്നു. അവിടെ ബിഎസ്‌സി സുവോളജി (ഓണേഴ്സ്)രണ്ടാം വർഷം പഠിക്കുമ്പോഴാണ് കാനഡയിൽ 3മാസത്തെ ഇന്റേൺഷിപ്പിനു മൈറ്റാക്സ്(MITACS)സ്കോളർഷിപ് ലഭിച്ചത്. ഉപരിപഠനം വിദേശത്താകണമെന്നമോഹം അന്നേ ഉള്ളിൽ കയറി. ഡിഗ്രിക്കുശേഷം അതിനുള്ള അന്വേഷണത്തിൽ അടുത്ത ചില സുഹൃത്തുക്കളും യൂട്യൂബുമായിരുന്നു വഴികാട്ടികൾ. ചാലക്കുടി പോട്ട പുളിക്കൻ ജോർജിന്റെയും ബിന്ദുവിന്റെയും മകൾ അങ്ങനെ ഇക്കുറി ഇന്ത്യയിൽനിന്ന് മെക്സ്റ്റ് സ്കോളർഷിപ് ലഭിച്ച 35 പേരിലൊരാളായി മാറി.
ഐ ലവ് ജപ്പാൻ
ജപ്പാനിലെ സെൻഡായ് (Sendai) നഗരത്തിലെ ടൊഹോകു സർവകലാശാലയാണ് ജാനിസ് തിരഞ്ഞെടുത്തത്. പാരമ്പര്യത്തിലും നിലവാരത്തിലും ജപ്പാനിൽ മൂന്നാം സ്ഥാനത്തുള്ള സർവകലാശാല. ടോക്കിയോ, ക്യോട്ടോ സർവകലാശാലകളാണു മറ്റു രണ്ടെണ്ണം. ടൊഹോകുവില ഗ്രാെജ്വേറ്റ് സ്കൂൾ ഓഫ് ലൈഫ് സയൻസിൽ എംഎസ്‌സി കാൻസർ ബയോളജിയാണ് ജാനിസ് തിരഞ്ഞെടുത്തത്. 2 വർഷത്തെ മാസ്റ്റേഴ്സിനുശേഷം3വർഷം ഗവേഷണത്തിനും അവസരമുണ്ട്.
എന്താണ് മെക്സ്റ്റ് ?
മിനിസ്ട്രി ഓഫ് എജ്യുക്കേഷൻ, കൾചർ, സ്പോർട്സ്, സയൻസ് ആൻഡ് ടെക്നോളജി സ്കോളർഷിപ്പിന്റെ ചുരുക്കപ്പേരാണ് മെക്സ്റ്റ്. 100% ഫണ്ടിങ്ങും ജപ്പാൻ സർക്കാർ വക. പേരുപോലെ തന്നെ വ്യത്യസ്ത വിഷയങ്ങളിലാണ് പഠനത്തിന് അവസരം.
ഏകദേശം 75 ലക്ഷം രൂപ ഉപരിപഠനത്തിന് ലഭിക്കും. മൂന്നുകടമ്പകൾ കടന്നുവേണം മെക്സ്റ്റ് ജേതാവാകാൻ
പ്രിലിമിനറി: എല്ലാ വർഷവും ഏപ്രിൽ പകുതിയോടെയാണ്അപേക്ഷ ക്ഷണിക്കുന്നത്. വിശദമായറിസർച് പ്രപ്പോസൽതന്നെ അയയ്ക്കണം. എന്തുകൊണ്ട് ജപ്പാൻ, അവിടെഏറ്റവും ഇഷ്ടപ്പെട്ട കാര്യം തുടങ്ങി പഠനശേഷം ഭാവി ഏതു ദിശയിലായിരിക്കും എന്നുവരെ വിശദീകരിക്കുന്ന പ്രപ്പോസൽ ഓൺലൈനായി നൽകണം.
ഫസ്റ്റ് സ്ക്രീനിങ്: ഷോർട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ഒരു പരീക്ഷയും അഭിമുഖവുമാകും ഈ ഘട്ടത്തിലുണ്ടാവുക. പരീക്ഷയിൽ ആശയവിനിമയശേഷിയാണു പ്രധാനം; വിഷയത്തിൽനിന്ന് ആഴത്തിലുള്ള ചോദ്യങ്ങളാകും അഭിമുഖത്തിലുണ്ടാകുക. വ്യക്തിത്വ വിശകലനവുമുണ്ടാകും. ഡൽഹിയിലെ ജാപ്പനീസ് എംബസിയിലാകും അഭിമുഖം.
സെക്കൻഡ് സ്ക്രീനിങ്: ഫസ്റ്റ് സ്ക്രീനിങ്ങിൽ പാസാകുന്നതോടെ സർവകലാശാലയുടെയും റിസർച് ഗൈഡിന്റെയും കാര്യം തീരുമാനിക്കാം. ചില സർവകലാശാലകൾ എൻട്രൻസ് ടെസ്റ്റ് നടത്തിയേക്കാം.ഗൈഡ് അംഗീകരിക്കുന്നതോടെ ജപ്പാൻ നമ്മളോടു പറയും ‘ഇറാശൈമസെ’ (‘കേറിവാ മക്കളേ’എന്നു മലയാളം).കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യയിലെ ജാപ്പനീസ് എംബസിയുടെ വെബ്സൈറ്റ് ലിങ്ക്: www.in.emb-japan.go.jp