ഐഡിപി പുതുക്കി യുജിസി; സ്വകാര്യമേഖലയിൽനിന്നു ഫണ്ട്, അധ്യാപകർക്കു റാങ്കിങ്
Mail This Article
ന്യൂഡൽഹി ∙ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവീകരണവുമായി ബന്ധപ്പെട്ട കരട് മാർഗരേഖ യുജിസി പരിഷ്കരിച്ചു. ഒരു വർഷം മുൻപു പ്രസിദ്ധീകരിച്ച ഇൻസ്റ്റിറ്റ്യൂഷനൽ ഡവലപ്മെന്റ് പ്ലാൻസ് (ഐഡിപി) എന്ന മാർഗരേഖയിൽ മാറ്റം വരുത്തിയാണു വീണ്ടും പ്രസിദ്ധീകരിച്ചത്.
സ്വകാര്യമേഖലയിൽനിന്നു ഫണ്ട് കണ്ടെത്തുന്നതിനുള്ള പദ്ധതികൾ സ്ഥാപനങ്ങൾ ആവിഷ്കരിക്കണമെന്നു മാർഗരേഖ നിർദേശിക്കുന്നു. അധ്യാപകർക്കു റാങ്കിങ് സംവിധാനം ഏർപ്പെടുത്തുന്നതുൾപ്പെടെയുള്ള ശുപാർശകളുമുണ്ട്. സർക്കാർ ഗ്രാന്റ്, പൂർവവിദ്യാർഥികളിൽ നിന്നുള്ള സംഭാവന, സ്വകാര്യ മേഖലയുടെ പങ്കാളിത്തം, ഫണ്ട് സമാഹരണ ക്യാംപെയ്ൻ എന്നിവയെല്ലാം വഴി പണം സമാഹരിക്കാമെന്നാണു ശുപാർശ.
അക്കാദമിക് തലത്തിൽ നൈപുണ്യ വികസനത്തിനുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്നും ഐഡിപി പദ്ധതികൾ നടപ്പാക്കാൻ പ്രത്യേക ടീം രൂപീകരിക്കണമെന്നും ശുപാർശയുണ്ട്. കരട് മാർഗരേഖയിൽ സെപ്റ്റംബർ 8 വരെ നിർദേശങ്ങൾ അയയ്ക്കാം. ugcidp@gmail.com.
Content Summary : UGC revised IDP guidelines