സിനിമയെ മാത്രമല്ല പ്രതിസ്ഥാനത്തു നിർത്തേണ്ടത്; അറിയാം 10 കാരണങ്ങൾ

Mail This Article
അഫാൻ എന്ന ഇരുപത്തിമൂന്നുകാരൻ നടത്തിയ കൊലപാതക പരമ്പരയുടെ വാർത്ത നടുക്കത്തോടെയാണ് കേരളം കേട്ടത്. പ്രത്യേകിച്ചു പ്രകോപനമൊന്നും കൂടാതെ, സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് തന്റെ പ്രിയപ്പെട്ടവരെ കൊലപ്പെടുത്താൻ ഈ ചെറുപ്പക്കാരന് എന്താണ് സംഭവിച്ചത്? കേട്ടാൽ ഞെട്ടുന്ന അക്രമങ്ങളാണ് ഇപ്പോൾ ദിവസവും നമുക്കു ചുറ്റും നടക്കുന്നത്. ലഹരിയാണോ വില്ലൻ? യുവതലമുറയുടെ സ്വഭാവത്തെ സ്വാധീനിച്ച് അക്രമത്തിലേക്ക് നയിക്കുന്നതിൽ സിനിമയ്ക്ക് പങ്കുണ്ടോ? വീട്ടിലെയും മറ്റും പ്രശ്നങ്ങളാണോ യഥാർഥ കാരണം? ഒരു കുറ്റകൃത്യം സംഭവിക്കുമ്പോൾ സിനിമയെ മാത്രമല്ല പ്രതിസ്ഥാനത്തു നിർത്തേണ്ടത് എന്നു വിദഗ്ധർ പറയുന്നു. വീട്ടിൽ നിന്നും സ്കൂളിൽ നിന്നും അനുഭവിക്കേണ്ടിവന്ന കാര്യങ്ങൾ ഒരാളെ കുറ്റകൃത്യത്തിലേക്കു നയിക്കാം.
1. മനുഷ്യൻ സമൂഹജീവിയായതിനാൽ ചില നിയമങ്ങൾ, അയാൾ ഉൾപ്പെടുന്ന കുടുംബം, സമൂഹം, വിശ്വാസങ്ങൾ എന്നിവയിൽ നിന്നെല്ലാം രൂപപ്പെടുത്തി പാലിക്കേണ്ടതുണ്ട്. മുൻകാലങ്ങളെക്കാൾ ഇക്കാലത്ത് ഇതിനെ എതിർക്കുന്നവർ വർധിച്ചു.
2. വ്യക്തികേന്ദ്രീകൃത സന്തോഷങ്ങൾക്കാണു യുവതലമുറ പ്രാധാന്യം കൽപിക്കുന്നത്. സമൂഹ – കുടുംബ സന്തുലനം കുറഞ്ഞതാണു കാരണം. മാതാപിതാക്കളുടെയും പ്രിയപ്പെട്ടവരുടെയും ഇഷ്ടങ്ങൾക്കു കൂടി വില കൽപിച്ചിരുന്നതു കൊണ്ടും ചുറ്റുമുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ ഭയപ്പെട്ടിരുന്നതു കൊണ്ടും ചിലതിനോടൊക്കെ ‘നോ’ പറഞ്ഞിരുന്നു. ഇപ്പോൾ അതു കുറഞ്ഞു.
3. ശരി, തെറ്റ് എന്നിവയുടെ അതിരുകൾ ദുർബലമായി. അവനവന്റെ തൃപ്തിക്കു മാത്രം പരിഗണന. വ്യക്തിത്വത്തിൽ ജന്മവാസന പിടിമുറുക്കിയതിന്റെ അടയാളങ്ങളാണിവ.
4. എനിക്കിഷ്ടമുള്ളതു ഞാൻ ചെയ്യും എന്ന്, ചുറ്റുപാടിനെ അവഗണിച്ചുള്ള നിലപാടുകളാണു യുവത്വത്തിന്റേത്. യഥാർഥ വ്യക്തിത്വം തിരിച്ചറിയുന്നതിനു തടസ്സമാകുന്നു.
5. മുൻപു ചില ആഫ്രിക്കൻ രാജ്യങ്ങളിൽ മാത്രം ഉപയോഗിച്ചിരുന്ന ലഹരിവസ്തുക്കൾ കേരളത്തിന്റെ ഉൾഗ്രാമങ്ങളിൽ പോലും കിട്ടുന്ന സ്ഥിതിയാണിന്ന്. പുത്തൻ രാസലഹരികളുടെ ഉപയോഗം അക്രമവാസന കൂട്ടും.

6. ദൃശ്യമാധ്യമങ്ങളുടെ സ്വാധീനം വലുതാണ്. സിനിമകളിൽ കാണുന്ന ചിലതൊക്കെ പരീക്ഷിക്കാനുള്ള പ്രവണത കൂടുതലായിരിക്കും. കുറ്റകൃത്യത്തിനുള്ള പുതിയ ആശയങ്ങൾ ഇങ്ങനെ കിട്ടിയതായി പല കുറ്റവാളികളും വെളിപ്പെടുത്തിയിട്ടുണ്ട്.
7. കുട്ടികളുടെ മേൽ മാതാപിതാക്കൾക്കു സ്വാധീനമില്ലാത്ത സ്ഥിതിയാണ്. ഇന്നത്തെ കൗമാര–യുവ തലമുറയുടെ മാതാപിതാക്കളിൽ പലർക്കും മക്കളെ പേടിയാണ്. മൊബൈൽ ഫോൺ നൽകാത്തതിന് അമ്മയെ കൊല്ലുന്നതും ആത്മഹത്യ ചെയ്യുന്നതുമെല്ലാം പേരന്റിങ്ങിലെ പാളിച്ച തന്നെ.
8. ഏതെങ്കിലും പഠനവൈകല്യമുള്ള കുട്ടികളെ ഒറ്റപ്പെടുത്തി പഠനത്തിൽ മിടുക്കരായവർക്കു പ്രാധാന്യം നൽകുന്ന പ്രവണത ചില സ്കൂളുകളിലെങ്കിലുമുണ്ട്. കുറവുകൾ മനസ്സിലാക്കാതെ വീട്ടിൽ നിന്നു പോലും ചൊരിയുന്ന പരിഹാസങ്ങളും കുത്തുവാക്കുകളുമെല്ലാം ചെറുപ്പത്തിൽ തന്നെ സമൂഹവിരുദ്ധ, പ്രതികാര ചിന്തകളിലേക്കു നയിക്കാനിടയുണ്ട്.
9. ടോക്സിക് പ്രണയങ്ങൾ കൂടുതലാണിപ്പോൾ. സ്വന്തമാക്കണമെന്നും അതിനു കഴിയുന്നില്ലെങ്കിൽ ഇല്ലാതാക്കണമെന്നുമായി പ്രണയത്തിന്റെ അർഥം.
10. നോ പറയാനോ നോ സ്വീകരിക്കാനോ ഉള്ള മനഃസാന്നിധ്യം ഇല്ലാതായി. നഷ്ടങ്ങളെ അംഗീകരിക്കാനോ ഉചിതമല്ലാത്തതു വേണ്ടെന്നു വയ്ക്കാനോ ഉള്ള പരിശീലനം ഒരിടത്തുനിന്നും ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ തെറ്റുകൾക്കു വേഗത്തിൽ വശപ്പെടുന്ന ദുർബലമനസ്സിന് ഉടമകളാകുകയാണു പലരും.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. മാത്യു കണമല, കൗൺസലിങ് സൈക്കോളജിസ്റ്റ്, ഹെഡ്, സാമൂഹികപ്രവർത്തന വിഭാഗം, സെന്റ് ജോസഫ്സ് കോളജ്, മൂലമറ്റം