ഓർക്കസ്ട്രേഷനിൽ സഹായിയായി തുടക്കം; വഴിത്തിരിവായത് ലാല്‍ജോസുമായുള്ള പരിചയം

Mail This Article
സിനിമാഗാനങ്ങൾ കേട്ടാണ് ഞാൻ വളർന്നത്. വീട്ടിൽ എല്ലാവരും പാടുന്നവരായിരുന്നു. കൊച്ചിൻ പോര്‍ട്ട് ട്രസ്റ്റിൽ ഉദ്യോഗസ്ഥനായിരുന്ന അച്ഛന്‍ സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടുണ്ട്. അമ്മയും സിനിമാപാട്ടുകളൊക്കെ നന്നായി പാടും. ബന്ധുക്കൾ ഒത്തുകൂടുമ്പോൾ പാട്ടുകൾ പാടുന്നതായിരുന്നു വിനോദം. ഇതൊക്കെ കേട്ടു കേട്ട് പാട്ടിന്റെ ലോകത്തേക്ക് ഞാനും എത്തി. എനിക്ക് ഒന്‍പതു വയസ്സുള്ളപ്പോൾ അച്ഛന്‍ ഒരുവയലിൻ വാങ്ങിച്ചു തന്നു. വീട്ടിനടുത്ത് ഉണ്ണിക്കൃഷ്ണൻ ചേർത്തല എന്ന വയലിൻ മാഷ് ഉണ്ടായിരുന്നു. അദ്ദേഹത്തോട് ചോദിച്ചപ്പോൾ പഠിപ്പിക്കാമെന്ന് സമ്മതിച്ചു. അദ്ദേഹമാണ് സംഗീതത്തിലെ എന്റെ ആദ്യ ഗുരു. പിന്നെ ഹരിഹര അയ്യര്‍ എന്ന വയലിൻ വിദ്വാന്റെ അടുത്ത് പഠനമാരംഭിച്ചു. മുപ്പതു വര്‍ഷത്തോളം അവിടെ തുടർന്നു. അങ്ങനെ, ജീവിതചര്യ പോലെയോ വിദ്യാഭ്യാസം പോലെയോ വയലിന്‍ കൂടെക്കൂടി.
കർണാട്ടിക് സംഗീതം വോക്കൽ പഠിച്ചിട്ടില്ല. എന്നാല്‍, പില്‍ക്കാലത്ത് മോഹന്‍ കുമാർ സാറിന്റെ അടുത്തു നിന്ന് ഹിന്ദുസ്ഥാനി പഠിച്ചു. വയലിൻ പഠിക്കുന്നത് പാട്ടു പഠിക്കുന്നതിനു തുല്യാണ്. പാടാവുന്ന രീതിയിൽ പഠിച്ചു പോകുന്ന സ്വഭാവം വയലിൻ പഠനത്തിനുണ്ട്. ഏതാണ്ട് വോക്കൽ കോഡിന്റെ സ്വഭാവത്തിലുള്ള വാദനമായതിനാൽ കൂടെ പാടുന്ന പ്രവണത എപ്പോഴുമുണ്ടാകും. ശാസ്ത്രീയ സംഗീതം പാടി ശീലക്കുകയും ചെയ്യുമായിരുന്നു.
അച്ഛന്റെ മരുമക്കളിൽ ചിലർ നന്നായി പാടും. അതിൽ സുനിലേട്ടൻ പാട്ടെഴുതും. പഠിക്കുന്ന സമയത്ത് സുനിലേട്ടൻ എഴുതി ഞാൻ സംഗീതം ചെയ്ത ‘സാമഗീതം’ എന്ന ലളിതഗാനം എം.ജി. സർവകലാശാല വേദിയിൽ പാടി ഞാൻ സമ്മാനം വാങ്ങിച്ചു. ഈ പാട്ട് പിന്നീട് എന്റെ മോൻ സിബിഎസ്ഇ കലോത്സവത്തിൽ പാടി സമ്മാനം നേടി. ആദ്യമായി ട്യൂൺ ചെയ്തത് ചേട്ടന്റെ പാട്ടുകളാണ്. അദ്ദേഹം പിൽക്കാലത്ത് ഒന്നു രണ്ട് സിനിമകൾക്കും എഴുതിയിട്ടുണ്ട്. അഞ്ചുസുന്ദരികൾ എന്ന ആന്തോളജിയിലെ ആഷിഖ് അബു സംവിധാനം ചെയ്ത ‘ഗൗരി’ എന്ന ചിത്രത്തിൽ അദ്ദേഹം ‘മഴ നേർത്ത രാഗം ചൂടി’ എന്ന പാട്ട് എഴുതുകയും ഞാൻ ഈണമിടുകയും ചെയ്തു.
കോളജ് പഠനകാലത്ത് ഞാൻ ഈണമിട്ട ചില ലളിതഗാനങ്ങൾ, ജൂനിയറായി പഠിച്ചവർ പാടി സർവകലാശാലതലത്തിൽ സമ്മാനമൊക്കെ നേടിയിട്ടുണ്ട്. എംകോം പൂർത്തിയാക്കിയ ശേഷമാണ് സംഗീതത്തെപ്പറ്റിയും പാട്ടുകളെപ്പറ്റിയും കൂടുതൽ ചിന്തിച്ചു തുടങ്ങിയത്. ഇടയ്ക്കു ചെറിയ കച്ചേരികൾക്ക് വയലിൻ വായിക്കാൻ പോകുക, സുഹൃത്തുക്കളുടെ നാടകങ്ങൾക്കു വേണ്ടി സംഗീതം ചിട്ടപ്പെടുത്തുക എന്നതൊക്കെയായിരുന്നു അക്കാലത്ത് ചെയ്തിരുന്നത്. ആ സമയത്ത് നമുക്കൊരു ഓണപ്പാട്ടുകളുടെ കസെറ്റ് ചെയ്താലോയെന്ന് വീടിനടുത്തുള്ള സുഹൃത്ത് ചോദിച്ചു. അദ്ദേഹം വാഗ്ദാനം ചെയ്ത ചെറിയ തുകയിൽ ‘എന്റെ കേരളം’ എന്ന ഓണപ്പാട്ട്– ലളിതഗാന കസെറ്റ് ഇറക്കി. സുനിൽ ചേട്ടനും അച്ഛന്റെ ബന്ധുകൂടിയായ സിനിമാ ഗാനരചയിതാവ് അപ്പൻ തച്ചേത്തുമാണ് വരികളെഴുതിയത്.
പിന്നീട് നാട്ടിൽ തന്നെയുള്ള സംഗീതസംവിധായകരുടെ ഓർക്കസ്ട്രേഷനിൽ സഹായിയായി. വരുമാനം എന്ന രീതിയിലൊന്നും അന്ന് ചിന്തിച്ചിരുന്നില്ല. എന്ത് കിട്ടിയാലും സന്തോഷമായിരുന്നു. പിന്നീട് പരസ്യങ്ങൾക്കും സംഗീതം ചെയ്തു. സംവിധായകൻ ലാല്‍ജോസിനെ 2006 ൽ ആകസ്മികമായി പരിചയപ്പെടുന്നതും അദ്ദേഹം സംവിധാനം ചെയ്ത ‘അറബിക്കഥ’ എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായതുമാണ് ജീവിതത്തിലെ പ്രധാന വഴിത്തിരിവ്.
ബിജി ബാൽ
പുതുതലമുറ നെഞ്ചിലേറ്റുന്ന സംഗീതസംവിധായകൻ. എറണാകുളത്ത് വെണ്ണലയില്‍ ബാലചന്ദ്രന്റെയും ജയശ്രീയുടെയും മകൻ. 2007 ൽ പുറത്തിറങ്ങിയ അറബിക്കഥ എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി. 2013, 14, 15, 16, 18 എന്നീ വർഷങ്ങളിൽ പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന അവാർഡുകൾ, 2013 ൽ കളിയച്ഛൻ എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. സോൾട്ട് ആൻഡ് പെപ്പർ, മഹേഷിന്റെ പ്രതികാരം, പത്തേമാരി, തൊണ്ടിമുതലും ദൃക്സാക്ഷിയും തുടങ്ങി ഇരുന്നൂറിലേറെ ചലച്ചിത്രങ്ങൾക്കും ഒട്ടേറെ നാടകങ്ങൾക്കും സംഗീത സംവിധാനം ചെയ്തിട്ടുണ്ട്. വിലാസം: കൈലാസം, വെണ്ണല പി. ഒ, കൊച്ചി.