റെക്കോർഡുകളെല്ലാം തകർത്ത ജൂലൈ 22; 84 വർഷത്തിനിടെ ഭൂമിയെ ഏറ്റവും പൊള്ളിച്ച ദിനം
Mail This Article
ഭൂമിയുടെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ദിവസമായിരുന്നു ഇക്കഴിഞ്ഞ ജൂലൈ 22 എന്ന് കാലാവസ്ഥ ശാസ്ത്രജ്ഞർ. 1940 ൽ താപനില രേഖപ്പെടുത്തി തുടങ്ങിയതിനുശേഷമുള്ള എല്ലാ റെക്കോർഡുകളെയും തകർത്തുകൊണ്ടായിരുന്നു ജൂലൈ 22 ലെ ആഗോള താപനില. അന്നേദിവസം ആഗോള ഉപരിതല വായുവിന്റെ ശരാശരി താപനില 17.5 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. 84 വർഷത്തിനിടെ ഭൂമിയെ ഏറ്റവും പൊള്ളിച്ച ദിനമാണിത്.
തൊട്ടുതലേന്നു ഞായറാഴ്ച രേഖപ്പെടുത്തിയ 17.09 ഡിഗ്രി സെൽഷ്യസ് താപനില റെക്കോർഡ് 24 മണിക്കൂറിനുള്ളിൽ ആവിയാക്കിയാണ് തിങ്കളാഴ്ചത്തെ ആഗോള ശരശരി 17.5 ഡിഗ്രി സെൽഷ്യസ് എന്ന റെക്കോർഡിലെത്തിയത്. യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസിന്റേതാണു താപനില കണക്കുകൾ.
ഉയർന്ന താപനിലയുടെ കാര്യത്തിൽ മുൻപത്തെ റെക്കോർഡും ജൂലൈ മാസത്തിലായിരുന്നു എന്നതാണ് മറ്റൊരു വസ്തുത. 2023 ജൂലൈ ആറിന് രേഖപ്പെടുത്തിയ 17.08 ഡിഗ്രി സെൽഷ്യസ് എന്ന റെക്കോർഡാണ് ഈ ജൂലൈ 21 മറികടന്നിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം ആഗോളതാപനിലയിൽ ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണിതെന്ന് കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു. കോപ്പർനിക് ക്ലൈമറ്റ് ചേഞ്ച് സർവീസാണ് 1940 മുതൽ ഇങ്ങോട്ടുള്ള കാലാവസ്ഥ റെക്കോർഡുകൾ സൂക്ഷിക്കുന്നത്.
ജൂലൈ മാസത്തിലെ ആകെയുള്ള സാഹചര്യം വിശകലനം ചെയ്യുമ്പോൾ ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ അതിതീവ്ര താപ തരംഗമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ദക്ഷിണ യൂറോപ്പ്, തെക്ക് കിഴക്കൻ ഏഷ്യ, വടക്കൻ ആഫ്രിക്ക, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ അധിക ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ശക്തമായ താപ തരംഗങ്ങൾ അനുഭവപ്പെട്ടിരുന്നു. ഗ്രീസ്, കാനഡ, അൾജീരിയ എന്നിവിടങ്ങളിലെ കാട്ടുതീയടക്കം പല സംഭവങ്ങളിലേക്കും ഇത് വഴി വയ്ക്കുകയും ചെയ്തു. ഇവയുടെയെല്ലാം അനന്തരഫലമായാണ് റെക്കോർഡ് നിലയിൽ ജൂലൈ 21 ലെ ചൂട് ഉയർന്നത് എന്നാണ് നിഗമനം.
കഴിഞ്ഞവർഷം ജൂൺ മുതൽ ഇങ്ങോട്ട് എല്ലാ മാസങ്ങളും ചൂടേറിയതായിരുന്നു. മുൻവർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കാലയളവിലെ താപനിലയിൽ വലിയ തോതിലുള്ള വ്യത്യാസമുണ്ട്. നിലവിലെ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ മനുഷ്യരാശി ഹോട്ട് സീറ്റിൽ ആണെന്ന് പറയേണ്ടി വരുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അടുത്തയിടെ മുന്നറിയിപ്പ് നൽകിയിരുന്നു.
കാലാവസ്ഥ വ്യതിയാനത്തിനു പുറമേ ഹരിത ഗൃഹ വാതകങ്ങളുടെ ഉദ്വമനവും ചൂട് വർധിക്കുന്നതിന് കാരണമായി കാലാവസ്ഥാ ഗവേഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. ആവാസ വ്യവസ്ഥയ്ക്കും മനുഷ്യരുടെ ആരോഗ്യത്തിനും ലോക സമ്പദ് വ്യവസ്ഥയ്ക്കും ഇതുയർത്തുന്ന വെല്ലുവിളികൾ വളരെ വലുതാണ്. അസാധാരണമാം വിധം ആഗോള സമുദ്രോപരിതല താപനില വർദ്ധിക്കുന്നതും ഈ സാഹചര്യങ്ങളുമായി ചേർത്ത് വായിക്കാം. നിലവിൽ ശൈത്യകാലത്ത് അന്റാർട്ടിക്കയിൽ പോലും ശരാശരിയേക്കാൾ ഉയർന്ന താപനില റിപ്പോർട്ട് ചെയ്തിട്ടുണ്ട്