ADVERTISEMENT

225 വർഷം മുൻപാണ്; കൃഷി ചെയ്യാൻ പറ്റിയ ഇടം തേടി നടക്കുകയായിരുന്നു ഡാനിയൽ മക്‌ഗിനിസ് എന്ന ചെറുപ്പക്കാരൻ. ചെന്നെത്തിയതാകട്ടെ ഓക് ഐലന്റ് എന്നറിയപ്പെടുന്ന പ്രദേശത്തും. കാനഡയിലെ ഇന്നത്തെ പ്രവിശ്യകളിലൊന്നായ നോവ സ്കോഷയിലാണ് ഈ ദ്വീപ്. ആകാശത്തുനിന്നു നോക്കിയാൽ ഒരു ചോദ്യചിഹ്നം പോലെ കിടക്കുന്ന ദ്വീപെന്നാണ് ചരിത്രകാരന്മാർ ഇതിനെ വിശേഷിപ്പിക്കുന്നത്. ഒട്ടേറെ പേരെ സംബന്ധിച്ചിടത്തോളം ഇന്നും ഒരു ചോദ്യ ചിഹ്നമാണ് ഓക് ഐലന്റ്. ഡാനിയലിൽ നിന്നായിരുന്നു എല്ലാറ്റിന്റെയും തുടക്കം. ദ്വീപിൽ രാത്രിയിൽ പലപ്പോഴും ആ പതിനാറുകാരൻ അസാധാരണ വെളിച്ചം കണ്ടിരുന്നു. അങ്ങനെയാണ് അവൻ അവിടെയെത്തിയതെന്നും പറയപ്പെടുന്നു. 

Oak Island, the Island with Mysterious Money Pit

എന്തായാലും ദ്വീപിൽ കറങ്ങിയടിച്ചു നടക്കവേ ഒരു ചെറിയ കുന്നിൻ പ്രദേശം അവന്റെ കണ്ണിൽപ്പെട്ടു. അവിടെ ഏതാനും മരത്തടികളും കപ്പിയും കയറുമെല്ലാമുണ്ടായിരുന്നു. പക്ഷേ എല്ലാം പഴകി ദ്രവിച്ച നിലയിലായിരുന്നു. അതിനിടെയാണ് ഒരിടത്ത് വൃത്താകൃതിയിൽ മണ്ണെടുത്തതായി ശ്രദ്ധയിൽപ്പെട്ടത്. എന്തായിരിക്കും സംഭവം? സമീപത്തെ ലഹാവ് തുറമുഖം ഒരു കാലത്ത് കടൽക്കൊള്ളക്കാരുടെ വിളനിലമായിരുന്നുവെന്നത് അവനറിയാമായിരുന്നു. അവിടേക്കെത്തുന്ന കപ്പലുകളെ കൊള്ളയടിച്ച് സ്വത്ത് മുഴുവൻ പലയിടത്തും കുഴിച്ചിട്ടതായും കഥകളുണ്ട്. താൻ രാത്രികളിൽ കണ്ടിരുന്ന വെളിച്ചവും ദ്വീപിലെ കുഴിയുമെല്ലാം അവന്റെ ജിജ്ഞാസയെ ഉണർത്തി. അങ്ങനെയാണ് രണ്ട് സുഹൃത്തുക്കളെ കൂടി വന്ന് അവിടം കുഴിക്കാൻ ഡാനിയൽ തീരുമാനിച്ചത്. 

അവനും സുഹൃദ് സംഘവും കുഴിച്ച് 10 അടിയെത്തിയപ്പോഴേക്കും ആദ്യ പ്രതീക്ഷ തെളിഞ്ഞു. ഒരു അടയാളപ്പെടുത്തൽപോലെ കുഴിക്കു ചുറ്റും മരത്തടി പതിച്ചിരുന്നു. അടുത്ത 10 അടിയിൽ പോയപ്പോഴും ഇതേപോലൊരു അടയാളം കണ്ടു. അങ്ങനെ 30 അടി വരെയെത്തി. താഴേക്കു പോകുന്തോറും കുഴിയിൽ പലയിടത്തും കോടാലിയുടെ അടയാളങ്ങൾ കൃത്യമായി പതിഞ്ഞുകിടന്നിരുന്നു. നേരത്തേ ആരോ കുഴിച്ചതാണതെന്നു വ്യക്തം. പക്ഷേ അധികം ആഴത്തിലേക്ക് അവര്‍ക്ക് പോകാനായില്ല. പലരുടെയും സഹായം അഭ്യർഥിച്ചെങ്കിലും ആരും വന്നതുമില്ല. അസാമാന്യ ധൈര്യമുള്ളതിനാലാണ് ഡാനിയൻ ആ ദ്വീപിലേക്ക് വന്നത്. സാധാരണ ആരും വരാത്ത ഇടമാണത്. 1720 ൽ മരിച്ച രണ്ടു മത്സ്യത്തൊഴിലാളികളുടെ പ്രേതങ്ങൾ ദ്വീപിൽ ചുറ്റിത്തിരിയുന്നുണ്ടെന്നായിരുന്നു പ്രദേശവാസികളുടെ വിശ്വാസം. സഹായത്തിന് ആരെയും കിട്ടാതായതോടെ ഡാനിയലും സംഘവും ശ്രമം ഉപേക്ഷിച്ചു. 

Oak Island, the Island with Mysterious Money Pit

അപ്പോഴേക്കും ഓക് ദ്വീപിലെ നിധിക്കുഴിയെപ്പറ്റി ഒട്ടേറെ പേർ അറിഞ്ഞിരുന്നു. ഏകദേശം 140 ഏക്കറിൽ പരന്നുകിടക്കുന്ന ആ ദ്വീപിൽ നിധിയുടെ സാധ്യതകൾ പലരും തള്ളിക്കളഞ്ഞതുമില്ല. അങ്ങനെയാണ് 1800 കളുടെ മധ്യത്തിൽ രണ്ടു കമ്പനികൾതന്നെ ഓക് ദ്വീപിലെ നിധി വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ രംഗത്തിറങ്ങിയത്. അവരാകട്ടെ 90 അടി വരെ ആഴത്തിലേക്ക് കുഴിച്ചെത്തി. അപ്പോഴായിരുന്നു അപ്രതീക്ഷിതമായ ‘കടൽക്കെണി’യെത്തിയത്. കുഴിയിലേക്ക് കടൽവെള്ളം ഇരച്ചെത്തി. ഒരിക്കലല്ല, രണ്ടു തവണ കുഴിയിൽ വെള്ളം നിറഞ്ഞു. അതോടെ ശാപം കിട്ടിയ കുഴിയാണതെന്ന കഥയുമിറങ്ങി. നിധി എടുക്കാതിരിക്കാൻ കടൽക്കൊള്ളക്കാർ തയാറാക്കിയ കെണിയാണ് ആ വെള്ളപ്പൊക്കമെന്ന നിഗമനത്തിലും പലരുമെത്തി. കുഴി നിശ്ചിത ആഴത്തിലെത്തിയാൽ ദ്വീപിനു ചുറ്റിലുമുള്ള കടലിൽനിന്ന് വെള്ളം എത്തുംവിധം തുരങ്കങ്ങൾ നിർമിച്ചിട്ടുണ്ടെന്നായിരുന്നു വിശ്വാസം. നിധി കുഴിച്ചിട്ടവര്‍ക്കു മാത്രമേ ആ വെള്ളപ്പൊക്കം തടയാനുള്ള വഴി അറിയാവുകയുള്ളൂവെന്നും വിശ്വാസം പരന്നു. 

എന്തായാലും പല കാലങ്ങളിലായി പലരും കുഴിച്ചതിനിടെ കുഴിയിൽനിന്ന് വർഷങ്ങൾ പഴക്കമുള്ള മരത്തടികളും തോൽക്കടലാസിന്റെ അവശിഷ്ടങ്ങളുമെല്ലാം ലഭിച്ചിരുന്നു. ഇവയെല്ലാം കാർബൺ ഡേറ്റിങ്ങിനു വിധേയമാക്കിയപ്പോൾ 17–18 നൂറ്റാണ്ടിൽനിന്നുള്ളതാണെന്നും കണ്ടെത്തി. അങ്ങനെയാണ് ക്യാപ്റ്റൻ വില്യം കിഡ്ഡിന്റെ നിധിയാണ് ദ്വീപിലെന്ന വാദത്തിന് ഏറെ പ്രചാരം ലഭിച്ചത്. 1701ൽ തന്റെ 46–ാം വയസ്സിലാണ് അദ്ദേഹം തൂക്കിലേറ്റപ്പെട്ടത്. ഇന്ത്യൻ മഹാസമുദ്രത്തിൽ പല കപ്പലുകളും കൊള്ളയടിച്ചുവെന്നായിരുന്നു കുറ്റം. എന്നാൽ അദ്ദേഹം കൊള്ളയടിച്ച വസ്തുക്കളെല്ലാം പലയിടത്തായി കുഴിച്ചിടുകയായിരുന്നുവെന്നാണു പറയപ്പെടുന്നത്. അവ എങ്ങനെ വീണ്ടെടുക്കാമെന്ന തെളിവുകളും പലയിടത്തും നൽകിയിരുന്നു. അതിലൊന്നാണ് ഓക് ദ്വീപിലെ നിധിയെന്നും പ്രചാരമുണ്ട്. 

അതല്ല വില്യം ഷേക്സ്പിയറിന്റെ സാഹിത്യസൃഷ്ടികളുടെ യഥാർഥ പതിപ്പുകളാണ് അവിടെ മറഞ്ഞിരിക്കുന്നതെന്നാണ് മറ്റൊരു വാദം. ഫ്രഞ്ച് രാജ്ഞിയായിരുന്ന മേരി അന്റോണെറ്റിന്റെ സ്വത്താണ് ദ്വീപിൽ കുഴിച്ചിട്ടിരിക്കുന്നതെന്നു വിശ്വസിക്കുന്നവരും കുറവല്ല. ഇങ്ങനെ പലർക്കും ഓക്‌ ഐലന്റിലെ നിധി ഓരോ വിശ്വാസങ്ങളാണ്. ഇക്കാലത്തിനിടയ്ക്ക് ദ്വീപിൽ പലയിടത്തും 100 മുതൽ 235 അടി വരെ ആഴത്തിൽ കുഴിയെടുക്കപ്പെട്ടിട്ടുണ്ട്. ആറു പേർ പലപ്പോഴായി കുഴിയിലെ മണ്ണിടിഞ്ഞും ആഴങ്ങളിൽ ഹൈഡ്രജൻ സൾഫൈഡ് ശ്വസിച്ചുമെല്ലാം മരിച്ചു. 

ഹിസ്റ്ററി ചാനൽ 2014ൽ ‘ഓക് ദ്വീപിലെ നിധിയുടെ ശാപ’ത്തെപ്പറ്റി ഒരു ഡോക്യുമെന്ററി സീരീസ് തന്നെയൊരുക്കി. സ്വകാര്യ ഉടമസ്ഥതയിലുള്ള ഈ ദ്വീപ് നിലവിൽ ജാൻ ബ്ലാങ്കൻഷിപ്, ഡേവിഡ് തോബിയാസ് എന്നിവരുടെ പേരിലാണ്. 1960കൾ മുതൽ ഇവർ ഇവിടെ നിധിവേട്ട തുടരുന്നു. അതിനിടെ ദ്വീപിനെ കുഴിച്ചു നശിപ്പിക്കാതെ ഒരു ടൂറിസം കേന്ദ്രമാക്കി മാറ്റണമെന്ന ആവശ്യവുമായി ഓക് ഐലന്റ് ടൂറിസം സൊസൈറ്റി രംഗത്തുണ്ട്. ദ്വീപ് പുരാവസ്തു ഗവേഷകർക്ക് വിട്ടുകൊടുക്കണമെന്ന ആവശ്യവുമുണ്ട്. പക്ഷേ കോടികൾ മൂല്യമുണ്ടെന്നു കരുതുന്ന നിധി തേടി ഇവിടെ അന്വേഷണം രണ്ടേകാൽ നൂറ്റാണ്ടിനിപ്പുറവും തുടരുകയാണ്. ഏകദേശം 50 കോടി രൂപയെങ്കിലും ഇതിനോടകം പലരും നിധി തേടി ഇവിടെ ചെലവാക്കിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. 

English Summary: | Oak Island, the Island with Mysterious Money Pit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com