ആനയ്ക്കുണ്ട് ആറാം ഇന്ദ്രിയം; കാഴ്ച ശക്തി കുറവാണെങ്കിലും മണം പിടിക്കാൻ മിടുക്കൻ, ദുരന്തം മുൻകൂട്ടി അറിയും
Mail This Article
ആനക്കഥകളിലെ പുതിയ താരം ആ കൊമ്പനാണ്. മലയിടിഞ്ഞു വന്നപ്പോൾ മരണം മുന്നിൽക്കണ്ടവർക്കു കാവൽ നിന്ന വയനാട്ടിലെ കൊമ്പൻ. അതേപ്പറ്റിയുള്ള ചർച്ചകൾ കൊഴുക്കുമ്പോൾ ഒരു ഗജദിനം കൂടി എത്തുന്നു. ആനക്കഥകളിലൂടെ, ആനയറിവുകളിലൂടെ...
ശബ്ദവും ഗന്ധവും
∙ മനുഷ്യനു കേൾക്കാൻ പോലും കഴിയാത്ത ശബ്ദ തരംഗങ്ങളാണ് ആനകൾ പരസ്പരം ആശയവിനിമയത്തിന് ഉപയോഗിക്കുന്നത്. 5 ഹെട്സിനും 24 ഹെട്സിനും ഇടയിലുള്ള ഈ തരംഗങ്ങൾ കിലോമീറ്ററുകളോളം സഞ്ചരിക്കുന്നു.
∙ ഘ്രാണശക്തിയുടെ കാര്യത്തിൽ ആന മറ്റേതൊരു മൃഗത്തെക്കാളും മുൻപിലാണ്. ആളുകളെ ഗന്ധം കൊണ്ടു തിരിച്ചറിയാനുള്ള ആനയുടെ കഴിവ് സാധാരണമാണ്. അതുകൊണ്ടാണ് കാഴ്ചശക്തി കുറവുള്ള മൃഗമായ ആന, നിറമുള്ള പഴങ്ങളെക്കാൾ മണമുള്ള പഴങ്ങൾ തേടി പോകുന്നത്. സുഗന്ധം വമിക്കുന്ന ചക്കയോട് ആനയ്ക്കുള്ള പ്രതിപത്തി ഇതിനു തെളിവാണ്.
∙ ആനയുടെ തുമ്പിക്കൈ രൂപംകൊണ്ടിരിക്കുന്നത് മേൽചുണ്ടും മൂക്കും ചേർന്നാണ്. അതുകൊണ്ട് വ്യാപ്തിയുള്ള മൂക്ക് ഘ്രാണശക്തിയെ സുവ്യക്തമായി അനുഭവവേദ്യമാക്കുന്നു.
വികാരജീവി
∙ മനുഷ്യവികാരങ്ങളും അതു തിരിച്ചറിഞ്ഞു പെരുമാറാനുള്ള സവിശേഷ ഗുണവും സാമൂഹിക ജീവിയായ ആനകൾക്കുണ്ട്.
∙ ദുരന്തഭൂമിയിൽ നിന്ന് ഭയാശങ്കയോടെ രക്ഷപ്പെട്ട് കാട്ടിൽ അഭയം തേടിയ കുടുംബത്തിനു കാവലൊരുക്കിയ ആനക്കൂട്ടം ഇതിനു തെളിവാണ്. ഇവിടെ അതിശയോക്തിക്കു സ്ഥാനമില്ല.
∙ ഇതിൽ നിന്നെല്ലാം മനുഷ്യൻ തിരിച്ചറിയേണ്ട ഒരു പാഠമുണ്ട്: കാടിറങ്ങിവരുന്ന ആനകളെ ഉപദ്രവിക്കാതിരിക്കുക. അവയുടെ ചെറിയ ആവശ്യങ്ങൾ കണ്ടെത്തി പരിപാലിക്കുക. തീർച്ചയായും മനുഷ്യ–വന്യമൃഗ പ്രതിസന്ധി ഒരു പരിധിവരെ ഇല്ലാതാക്കാൻ ഈ നീക്കുപോക്കു കൊണ്ടു സാധിക്കും. തീർച്ച.
ആനയോളം കഥകളുണ്ട് ആനയെപ്പറ്റി. അതിൽ ചിലതൊക്കെ ഭാവന മാത്രം. എന്നാൽ അതിശയോക്തി എന്ന് പലരും തള്ളിക്കളയുന്ന ചില കഥകളാകട്ടെ, വെറും കഥകളല്ലതാനും. അവയിൽ പലതിനും ശാസ്ത്രീയ അടിത്തറയുണ്ട്. ആനക്കഥകൾ കേൾക്കുമ്പോൾ ഇതു കൂടി അറിഞ്ഞിരിക്കുക.
ആറാം ഇന്ദ്രിയം
∙ ദുരന്തങ്ങൾ മണിക്കൂറുകൾക്കു മുൻപു തിരിച്ചറിയാൻ ആനകൾക്കു സാധിക്കും. ഇത്തരം ദുസ്സൂചനകൾ മൃഗങ്ങൾക്കു നേരത്തെ തിരിച്ചറിയാൻ കഴിയുന്നതുകൊണ്ടാണ് വയനാട്ടിലെ ഉരുൾപൊട്ടലിനു മുൻപേ ആനകൾ കൂട്ടമായി മലയിറങ്ങി ഉൾക്കാട്ടിലേക്കു നീങ്ങിയത്. ഇവ ശാസ്ത്രീയമായി പരിശോധിച്ചാൽ വസ്തുതകൾ കണ്ടെത്താൻ കഴിയും.
∙ അടുത്തിടെ തൃശൂർ ഭാഗത്തു ഭൂചലനം ഉണ്ടാകുന്നതിനു മുൻപ്, കെട്ടുംതറിയിൽ കിടന്നുറങ്ങിയിരുന്ന ആന ഞെട്ടി എഴുന്നേറ്റതിന്റെ വിഡിയോ ഇതിന് ഉദാഹരണമാണ്.
∙ ദുരന്തഭൂമിയിൽ നിന്ന് മുൻകൂട്ടി കൂട്ടത്തോടെ മൃഗങ്ങൾ മറ്റൊരു സ്ഥലത്തേക്കു സുരക്ഷിത മാർഗം സ്വീകരിച്ച് പലായനം ചെയ്യുന്നത് പലയിടങ്ങളിലും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
∙ 2004 ഡിസംബർ 24ന് ഉണ്ടായ സൂനാമി ദുരന്തത്തിനു മുൻപ് ശ്രീലങ്കയിലെ യാല ദേശീയ പാർക്കിന്റെ തീരമേഖലയോടു ചേർന്ന ഭാഗത്തു നിന്ന് ആനകൾ കൂട്ടമായി ഉൾഭാഗങ്ങളിലേക്കു നീങ്ങിയതിന് ശാസ്ത്രീയമായ റിപ്പോർട്ടുകളുണ്ട്.
∙ പ്രകൃതിയിലെ സൂക്ഷ്മ വ്യതിയാനങ്ങളെയും മനുഷ്യനു മനസ്സിലാക്കാൻ കഴിയാത്ത അതിസൂക്ഷ്മ ആവൃത്തിയുള്ള ശബ്ദങ്ങളെയും സീസ്മിക് തരംഗങ്ങളെയും ഭൂമിയുടെ കാന്തിക മണ്ഡലത്തിൽ നിന്ന് പുറത്തുവരുന്ന വ്യതിയാനങ്ങളെയും കൃത്യമായി മനസ്സിലാക്കാനും ആനകൾക്ക് അവയുടെ സവിശേഷ ആറാം ഇന്ദ്രിയം ഉപയോഗപ്പെടുത്താൻ കഴിയുന്നുണ്ടെന്നാണു പഠനം.