അവസാന പ്രതീക്ഷയും അസ്തമിച്ചു; മലേഷ്യയിലെ സുമാത്രന്‍ കാണ്ടാമൃഗം ടാം ഓർമയായി!
Mail This Article
മലേഷ്യയിലെ സാബായിലുള്ള ടാബിന്‍ വന്യജീവി സങ്കേതത്തില്‍ ടാം എന്ന ആണ്‍ കാണ്ടാമൃഗം മരണത്തിനു കീഴടങ്ങി. ഇതോടെ ഒരു അംഗം കൂടി അവശേഷിക്കുന്നുണ്ടെങ്കിലും സുമാത്രന്‍ കാണ്ടാമൃഗങ്ങള്‍ ഫലത്തില്‍ വംശനാശം സംഭവിച്ചവയായിരിക്കുന്നു. ഇമാന്‍ എന്ന പ്രത്യുൽപാദന ശേഷിയില്ലാത്ത പെണ്‍ കാണ്ടാമൃഗത്തില്‍ നിന്ന് ഇനി കൃത്രിമ ബീജസങ്കലം മുഖേന പോലും കുട്ടികളുണ്ടാവില്ലെന്ന് നേരത്തെ തന്നെ വ്യക്തമായതാണ്. ഇതോടെ നോർതേണ്‍ ആഫ്രിക്കന്‍ വൈറ്റ് കാണ്ടാമൃഗത്തിനു പുറമെ, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വംശനാശം സംഭവിക്കുമെന്നുറപ്പായ രണ്ടാമത്തെ കാണ്ടാമൃഗ വര്‍ഗമായി മാറിയിരിക്കുകയാണ് സുമാത്രന്‍ കാണ്ടാമൃഗങ്ങളും.
പരാജയപ്പെട്ട സംരക്ഷണ ശ്രമങ്ങള്‍
ഏപ്രില്‍ അവസാന വാരമാണ് ആരോഗ്യം തിരികെവരില്ലെന്ന് ഉറപ്പാകും വിധം ടാം അസുഖബാധിതനായത്. അന്ന് മുതല്‍ മുപ്പത് വയസ്സിന് മേല്‍ പ്രായമുള്ള ഈ കാണ്ടാമൃഗത്തിന്‍റെ ആരോഗ്യനില അനുദിനം വഷളായി വരികയായിരുന്നു. വ്യാപകമായ വേട്ടയെ തുടര്‍ന്ന് മലേഷ്യയിലെ സുമാത്രന്‍ കാണ്ടാമൃഗങ്ങളുടെ എണ്ണം പത്തിനു താഴെയായി ചുരുങ്ങിയപ്പോഴാണ് അവശേഷിക്കുന്നവയെ കാട്ടില്‍ നിന്ന് സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റിയത്. 2008 ലാണ് ഇതിന്‍റെ ഭാഗമായി ടാം, ടാബിന്‍ വന്യജീവി സങ്കേതത്തിലേക്കെത്തുന്നതും.
അതീവ വംശനാശ ഭീഷണി നേരിട്ടിരുന്ന മലേഷ്യന്‍ സുമാത്രന്‍ കാണ്ടാമൃഗങ്ങളെ 2015 ല്‍ തന്നെ വംശനാശം സംഭവിച്ചവയായി പ്രഖ്യാപിച്ചിരുന്നു. പക്ഷെ ടാം അക്കാലത്ത് ആരോഗ്യവാനായിരുന്നു. അതിനാല്‍ തന്നെ ഏതെങ്കിലും വിധത്തില്‍ വംശത്തെ തിരികെ കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലായിരുന്നു വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് ഉള്‍പ്പടെയുള്ള സംഘടനകള്‍. പക്ഷേ 2011 ല്‍ കാട്ടില്‍ നിന്നും ലഭിച്ച പുണ്‍ടുങ്, 2014 ല്‍ ലഭിച്ച ഇമാന്‍ എന്നീ കാണ്ടാമൃഗങ്ങളില്‍ കൃത്രിമ ബീജ സങ്കലനം നടത്തിയെങ്കിലും എല്ലാ ശ്രമങ്ങളും പരാജയമായി. ഇതില്‍ പുണ്‍ടുങ് 2017 ല്‍ ജീവനറ്റു.
ഒരു വംശത്തിന്‍റെ അന്ത്യം
ഒരു വന്യജീവിയുടെ മാത്രമല്ല ഒരു വംശത്തിന്‍റെ തന്നെ അന്ത്യത്തിനാണ് നാം സാക്ഷ്യം വഹിച്ചതെന്നാണ് ടാമിന്‍റെ മരണ വാര്‍ത്തയറിയിച്ച് വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് ട്വീറ്റ് ചെയ്തത്. സുമാത്രന്‍ കാണ്ടാമൃഗങ്ങളുടെ പൊതു വര്‍ഗത്തില്‍ ഇനി ഇന്തോനീഷ്യയിലെ കാണ്ടാമൃഗങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇന്തോനീഷ്യയില്‍ എണ്‍പതില്‍ താഴെ സുമാത്രന്‍ കാണ്ടാമൃഗങ്ങളാണ് ഇനിയുള്ളത്. ബോര്‍ണിയയിലും, സുമാത്രയിലുമായി അവശേഷിക്കുന്ന ഇവയും വനനശീകരണം മൂലവും വനംകൊള്ളയും വേട്ടയും മൂലവും കൊല്ലപ്പെടുന്നതു തുടരുകയാണ്. അതീവ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലാണ് ഈ കുള്ളന്‍ കാണ്ടാമൃഗങ്ങളും.
മലേഷ്യയിലെ സുമാത്രന്‍ കാണ്ടാമൃഗങ്ങള്‍ക്കു സംഭവിച്ച ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്തോനീഷ്യയിലെ സുമാത്രന്‍ കാണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള ആവശ്യം ശക്തമാകുകയാണ്. ജീവികളുടെ വംശനാശം ഉറപ്പാകുമ്പോള്‍ മാത്രം കൃത്രിമ ബീജസങ്കലം പോലുള്ള മാര്‍ഗങ്ങള്‍ പരീക്ഷിക്കാതെ ഇപ്പോള്‍ തന്നെ ഇന്തോനീഷ്യയിലെ കാണ്ടാമൃഗങ്ങളില്‍ ഈ ശ്രമം നടത്തണമെന്നാണു പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. ഇതിനായി വനത്തില്‍ നിന്ന് ഒരു വിഭാഗം കാണ്ടാമൃഗങ്ങളെ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റണമെന്നും ഇവയില്‍ നിന്ന് പ്രജനനം ഉറപ്പാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.