ആ ആഗ്രഹം നടന്നു; ഇത് ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ ആഡംബര എസ്യുവി
Mail This Article
സ്വപ്നങ്ങൾക്ക് അതിരുകൾ നിശ്ചയിക്കാതിരിക്കുക, അത് നിങ്ങളെ കൂടുതൽ കഠിനാധ്വാനികളും പരിശ്രമശാലികളുമാക്കും. ഇന്ത്യൻ ക്രിക്കറ്റർ മുഹമ്മദ് സിറാജ് തന്റെ സ്വപ്നവാഹനം സ്വന്തമാക്കിയതിന് ശേഷം കുറിച്ചിട്ട വാക്കുകളാണിത്. റേഞ്ച് റോവർ എസ് യു വി യാണ് താരത്തിന്റെ ഗാരിജിലേക്കു എത്തിയിരിക്കുന്ന പുതിയ വാഹനം. സിറാജ് തന്നെയാണ് വാഹനം സ്വന്തമാക്കിയ വിശേഷവും ഡെലിവറി സ്വീകരിച്ചതിനു ശേഷമുള്ള ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യൻ ടീമിന്റെ വിശ്വസ്തനായ ഫാസ്റ്റ് ബൗളർ സ്വന്തമാക്കിയിരിക്കുന്നതു റേഞ്ച് റോവർ എസ് യു വിയുടെ ഏതു വേരിയന്റ് ആണെന്ന് വ്യക്തമല്ല.
2.98 കോടി രൂപ മുതലാണ് വാഹനത്തിന്റെ ബേസ് വേരിയന്റിന് വില ആരംഭിക്കുന്നത്. മൂന്നു ലീറ്റർ ഇൻലൈൻ 6 സിലിണ്ടർ ടർബോ പെട്രോൾ എൻജിനാണ് കുറഞ്ഞ വേരിയന്റ് വാഹനത്തിന്റെ കരുത്ത്. 2000 ആർ പി എമ്മിൽ 394 ബി എച്ച് പി പരമാവധി പവറും 560 എൻ എം ടോർക്കും ഉല്പാദിപ്പിക്കും ഈ എൻജിൻ. 8 സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷനും ഓൾ വീൽ ഡ്രൈവുമാണ്. ഈ ആഡംബര വാഹനത്തിനു പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 5.8 സെക്കൻഡ് മതിയാകും. പരമാവധി വേഗം 242 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
5.2 കോടി രൂപയാണ് ഏറ്റവും ഉയർന്ന വേരിയന്റ് എസ് വി ഓട്ടോബയോഗ്രഫിയ്ക്ക് വില. 4.4 ലീറ്റർ വി8 ട്വിൻ ടർബോ എൻജിനാണ് വാഹനത്തിൽ. 1800 ആർ പി എമ്മിൽ പരമാവധി കരുത്ത് 523 ബി എച്ച് പിയും ടോർക്ക് 750 എൻ എമ്മുമാണ്. 4.7 സെക്കൻഡിൽ പൂജ്യത്തിൽ നിന്നും നൂറു കിലോമീറ്റർ വേഗം കൈവരിക്കാൻ കഴിയും. 8 സ്പീഡ് ടോർക്ക് കൺവെർട്ടർ ഗിയർബോക്‌സും ഓൾ വീൽ ഡ്രൈവുമാണ്. പരമാവധി വേഗം 250 കിലോമീറ്ററാണ്.
13.1 ഇഞ്ച് ടച്ച് സ്ക്രീൻ ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം, രണ്ടു 13.1 ഇഞ്ച് റിയർ ഇന്ഫോടെയ്ന്മെന്റ് സ്ക്രീനുകൾ, മെറിഡിയൻ 3 ഡി സറൗണ്ട് സൗണ്ട് സിസ്റ്റം, പ്രീമിയം ലെതർ അപ്ഹോൾസ്റ്ററി, മൾട്ടി ഫങ്ക്ഷൻ സ്റ്റീയറിങ് വീൽ എന്നിങ്ങനെ ഫീച്ചറുകളുടെ ഒരു നീണ്ടനിരയും ഈ റേഞ്ച് റോവറിന്റെ ഈ ആഡംബര എസ് യു വിയിൽ കാണുവാൻ കഴിയും.