ADVERTISEMENT

ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് 5 ഡോര്‍ ഥാറിന്റെ വിലയും വിശദാംശങ്ങളും മഹീന്ദ്ര അവതരിപ്പിച്ചത്. പക്കാ ഓഫ് റോഡറായ 3 ഡോര്‍ ഥാറിന്റെ ഫാമിലി പതിപ്പായാണ് 5 ഡോര്‍ ഥാറിന്റെ വരവ്. പുതിയ ഥാര്‍ റോക്‌സില്‍ അധികമായി രണ്ടു ഡോറിനൊപ്പം നിരവധി ഫീച്ചറുകളും മഹീന്ദ്ര നല്‍കിയിട്ടുണ്ട്. അപ്പോഴും 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷന്‍ ഥാര്‍ റോക്‌സിലില്ല. എന്തുകൊണ്ടാണ് 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഥാര്‍ റോക്‌സിന് നല്‍കാതിരുന്നത് എന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം മഹീന്ദ്രക്കുണ്ട്. 

ഥാറിന്റെ രണ്ടാമത്തെ മോഡലായാണ് ഥാര്‍ റോക്‌സ് എത്തിയിരിക്കുന്നത്. സമ്പൂര്‍ണ ഓഫ് റോഡിങ് വാഹനം എന്നതിനേക്കാള്‍ കുടുംബ വാഹനമായെത്തുന്ന ഥാര്‍ റോക്‌സ് എത്തുമ്പോള്‍ 3 ഡോര്‍ ഥാറിന്റെ വില്‍പനയെ അത് ബാധിക്കുമെന്ന കാര്യം മഹീന്ദ്രക്കും അറിയാം. അതുകൊണ്ടുതന്നെ 3 ഡോര്‍ ഥാറിന്റെ സവിശേഷതകളെ അതുപോലെ 5 ഡോര്‍ ഥാറിലേക്കു പറിച്ചു നടുന്നതിനേക്കാള്‍ രണ്ടിലും വ്യത്യസ്ത സാധ്യതകള്‍ പരീക്ഷിക്കാനും മഹീന്ദ്ര ശ്രമിച്ചിട്ടുണ്ട്. 

Thar Roxx
Thar Roxx

'3 ഡോര്‍ ഥാറിന്റെ വില്‍പനയെ ബാധിക്കുമെന്ന ധാരണ ഞങ്ങള്‍ക്കുമുണ്ട്. അതുകൊണ്ടു കൂടിയാണ് 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഥാര്‍ റോക്‌സില്‍ അവതരിപ്പിക്കാത്തത്. 3 ഡോര്‍ ഥാറിന്റെ സവിശേഷ സ്ഥാനം വിപണിയില്‍ നിലനിര്‍ത്താന്‍ വേണ്ടിയാണിത്. രണ്ട് ഉത്പന്നങ്ങളേയും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് പ്രൊഡക്ഷന്‍ കപ്പാസിറ്റിയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയിട്ടുമുണ്ട്'  മഹീന്ദ്ര ആന്റ് മഹീന്ദ്ര എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് ജെജൂരിക്കര്‍ പറയുന്നു. 

നിലവില്‍ പ്രതിമാസം 4,000-4,500 എണ്ണം 3 ഡോര്‍ ഥാറുകളാണ് മഹീന്ദ്ര നിര്‍മിക്കുന്നത്. ഇത് പ്രതിമാസം 3,000 യൂണിറ്റുകളാക്കി കുറക്കാനാണ് മഹീന്ദ്രയുടെ തീരുമാനം. ഥാര്‍ റോക്‌സിന്റെ വരവോടെ 3 ഡോര്‍ ഥാറിന്റെ വില്‍പനയില്‍ കുറവുണ്ടാവുമെന്ന പ്രതീക്ഷയിലാണ് മഹീന്ദ്രയുടെ ഈ നീക്കം. പ്രതിമാസം 6,500 ഥാര്‍ റോക്‌സുകളാണ് മഹീന്ദ്ര നിര്‍മിക്കുക. 

ഇതോടെ ഥാറിന്റെ പ്രതിമാസ ഉത്പാദനം 4,500ല്‍ നിന്നും 9,500 ആയി ഉയര്‍ത്താന്‍ മഹീന്ദ്രക്കാവും. സ്‌കോര്‍പിയോ എന്നിനേക്കാള്‍ തികച്ചും വ്യത്യസ്തരാണ് ഥാര്‍ വാങ്ങുന്നവരെന്നാണ് മഹീന്ദ്രയുടെ കണക്കുകൂട്ടല്‍. ഥാര്‍ റോക്‌സിന്റെ പെട്രോള്‍ വിഭാഗത്തില്‍ 4×4 വകഭേദത്തെ മഹീന്ദ്ര അവതരിപ്പിച്ചിട്ടില്ല. 3 ഡോര്‍ ഥാറിന്റെ 4×4 വകഭേദങ്ങളാണ് വില്‍പനയുടെ പകുതിയും. എന്നാല്‍ ഥാര്‍ റോക്‌സിലേക്കെത്തുമ്പോള്‍ 4×4 വകഭേദങ്ങളുടെ വില്‍പന ഇത്രയുണ്ടാവില്ലെന്നാണ് മഹീന്ദ്രയുടെ കണക്കുകൂട്ടല്‍. ഭാവിയിലായിരിക്കും ഥാര്‍ റോക്‌സ് പെട്രോള്‍ 4×4 വകഭേദങ്ങള്‍ വിപണിയിലെത്തുക. 

mahindra-thar-roxx-7

ഒരു കാര്യം മഹീന്ദ്ര ഉറപ്പിച്ചു പറയുന്നുണ്ട്. ഭാവിയില്‍ ഥാര്‍ റോക്‌സിന്റെ കൂടുതല്‍ വകഭേദങ്ങള്‍ വിപണിയിലെത്തും. ഏകദേശം ആയിരം കോടി രൂപയാണ് ഥാര്‍ റോക്‌സിനായി മഹീന്ദ്ര നിക്ഷേപിച്ചിരിക്കുന്നത്. ഇതില്‍ നിര്‍ത്താനും മഹീന്ദ്രക്ക് ഉദ്ദേശമില്ല. പുതിയ ഗ്ലൈഡ് പ്ലാറ്റ്‌ഫോമിലാണ് ഥാര്‍ റോക്‌സ് എത്തുന്നത്. ഇതേ പ്ലാറ്റ്‌ഫോമില്‍ കൂടുതല്‍ മോഡലുകള്‍ ഇറക്കാനും മഹീന്ദ്രക്ക് പദ്ധതിയുണ്ട്. 

'ഥാറിനു കീഴില്‍ കൂടുതല്‍ മോഡലുകള്‍ വൈകാതെ എത്തും. അടുത്ത 3-5 വര്‍ഷത്തിനുള്ളില്‍ ഒന്നാമതെത്താനാണ് ഞങ്ങളുടെ ശ്രമം. അതുകൊണ്ടുതന്നെ ഭാവിയില്‍ കൂടുതല്‍ വകഭേദങ്ങളെ പ്രതീക്ഷിക്കാം ' ജെജൂരിക്കര്‍ പറയുന്നു. ഇതുവരെ പെട്രോള്‍, ഡീസല്‍ ഥാറുകളുടെ റിയര്‍ വീല്‍ ഡ്രൈവ് മോഡലുകളുടെ വില മാത്രമാണ് മഹീന്ദ്ര പുറത്തുവിട്ടിട്ടുള്ളത്. 4×4 മോഡലുകളുടെ വില വൈകാതെ മഹീന്ദ്ര പുറത്തുവിടും. ഒക്ടോബര്‍ രണ്ടിന് ഔദ്യോഗികമായി ബുക്കിങ് ആരംഭിക്കുന്നതിന് മുമ്പ് ഈ മോഡലുകളുടെ വിലയും പുറത്തുവരുമെന്നാണ് പ്രതീക്ഷ.

English Summary:

Mahindra Thar Roxx: why there's no 1.5-litre diesel at launch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com