ബിഎസ് 6 ഡീസൽ എൻജിനുമായി കോംപാക്റ്റ് സെഡാൻ, ഹ്യുണ്ടേയ് ഓറ; വില 5.79 ലക്ഷം മുതൽ
Mail This Article
ഹ്യുണ്ടേയ്‌യുടെ പുത്തൻ കോംപാക്ട് സെഡാനായ ഓറ വിപണിയിൽ. പെട്രോൾ, ഡീസൽ എൻജിനുകളിൽ ലഭിക്കുന്ന ഓറയുടെ വില 5.79 ലക്ഷം മുതൽ 9.22 ലക്ഷം രൂപ വരെയാണ്. പെട്രോൾ 1.2 ലീറ്റർ വകഭേദത്തിന്റെ വില 5.79 ലക്ഷം മുതൽ 8.04 ലക്ഷം രൂപ വരെയും 1.0 ലീറ്റർ പെട്രോളിന്റെ വില 8.54 ലക്ഷം രൂപയും 1.2 ലീറ്റർ ഡീസൽ വകഭേദത്തിന്റെ വില 7.73 ലക്ഷം മുതൽ 9.22 ലക്ഷം രൂപ വരെയുമാണ്.
ഹ്യുണ്ടേയ് ശ്രേണിയിലെ കോംപാക്ട് സെഡാനായ എക്സെന്റിന്റെ പകരക്കാരനായിട്ടാണ് ഓറയുടെ വരവ്. വിപണിയിൽ മാരുതി സുസുക്കി ഡിസയർ, ഹോണ്ട അമെയ്സ്, ഫോഡ് ആസ്പയർ എന്നീ വാഹനങ്ങളുള്ള സെഗ്‌മെന്റിലേക്കാണ് ഓറ എത്തുന്നത്. ഓറ വിൽപനയ്ക്കെത്തിയ ശേഷവും എക്സെന്റ് വിപണിയിൽ തുടരുമെന്നു ഹ്യുണ്ടേയ് വ്യക്തമാക്കിയിട്ടുണ്ട്. ഫ്ളീറ്റ്, ടാക്സി ഓപ്പറേറ്റർമാർക്കു വേണ്ടിയാവും എക്സെന്റിന്റെ വിൽപന.
മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബിഎസ് ആറ്) നിലവാരം പാലിക്കുന്ന മൂന്നു എൻജിനുകളോടായാണ് ഓറയുടെ വരവ്. ഇതിൽ രണ്ടെണ്ണം പെട്രോളും ഒരെണ്ണം ഡീസലുമാണ്. 1.2 ലീറ്റർ കാപ്പാ ഡ്യുവൽ വി ടി വി ടിയും ഒരു ലീറ്റർ കാപ്പ ടർബോ ജിഡിഐയും കൂടാതെ 1.2 ലീറ്റർ യു ടു സി ആർ ഡി ഐ ഇകോടോർക് ഡീസൽ എൻജിൻ സഹിതവും കാർ ലഭ്യമാവും. കോംപാക്ട് സെഡാൻ വിഭാഗത്തിൽ ടർബോ പെട്രോൾ എൻജിനോടെ ലഭ്യമാവുന്ന ആദ്യ മോഡലുമാവും ഓറ.
1.2 ലീറ്റർ പെട്രോൾ എൻജിനും ഡീസല്‍ എൻജിനു കൂട്ടായ് അഞ്ചു സ്പീഡ് മാനുവൽ, ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) ഗീയർബോക്സുകളുണ്ടാവും. ടർബോ ചാർജ്ഡ് പെട്രോൾ എൻജിനൊപ്പമാവട്ടെ അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സ് മാത്രമാണ് ട്രാൻസ്മിഷൻ.
പുത്തൻ പവർ ട്രെയ്നുകൾക്കു പ്രകമ്പനം കുറവാണെന്നതിനു പുറമെ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുമാവുമെന്നു ഹ്യുണ്ടേയ് അവകാശപ്പെടുന്നു. അനുപാതം, ആർക്കിടെക്ചർ, സ്റ്റൈലിങ്, സാങ്കേതികവിദ്യ എന്നീ നാലു അടിസ്ഥാന ഘടകങ്ങളിൽ ഊന്നിയാണ് ഓറയുടെ രൂപകൽപന. 3995 എംഎം നീളവും 1680 എംഎം വീതിയും 1520 എംഎം ഉയരവുമുണ്ട് കാറിന്. 2450 എംഎമ്മാണ് വീൽ ബെയ്സ്.
സെഗ്മെന്റിൽ ആദ്യമായി വയർലെസ് ചാർജർ, ഡ്രൈവർ റിയർവ്യൂ മോണിറ്റർ, ഔട്സൈഡ് ഡോർഹാൻഡിൽ ക്രോം, ലതർ പൊതിഞ്ഞ ഗിയർനോബ്, ഇക്കോ കോട്ടിങ്, എമർജൻസി സ്റ്റോപ് സിഗ്നൽ, എയർ കർട്ടൻ എന്നീ സൗകര്യങ്ങളുമായിട്ടാണ് ഓറ എത്തുന്നത്. കൂടാതെ 5.3 ഇഞ്ച് ഡിജിറ്റൽ മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലെയും 8 ഇഞ്ച് ടച്ച് ഇൻഫോടൈൻമെന്റ് സിസ്റ്റവും പ്രൊജക്റ്റർ ഫോഗ്‌ലാംപുകളുമുണ്ട്.
ഓറയുടെ ബുക്കിങ്ങോടെ ഹ്യുണ്ടേയ് പുത്തൻ ദശാബ്ദത്തിനു തുടക്കം കുറിക്കുകയാണെന്ന് കമ്പനിയുടെ വിൽപന, വിപണന, സർവീസ് വിഭാഗം ഡയറക്ടർ തരുൺ ഗാർഗ് അഭിപ്രായപ്പെട്ടു. ആധുനികവും സവിശേഷവുമായ രൂപകൽപ്പനയുടെ പിൻബലത്തോടെയും പരിധികൾ മറികടക്കാനുള്ള ആർജവത്തോടെയുമെത്തുന്ന ഓറയ്ക്ക് കോംപാക്ട് സെഡാൻ വിഭാഗത്തിൽ സ്വന്തം ഇടം ഉറപ്പിക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
English Summary: Hyundai Aura Launched In India