ഇന്നോവയുടെ വിപണിയിൽ കണ്ണുവച്ച് 6 സീറ്റുള്ള ഹെക്ടർ പ്ലസ്, വില 13.48 ലക്ഷം മുതല്‍
Mail This Article
ഇന്ത്യയിൽ എംജിയുടെ മൂന്നാമത്തെ വാഹനം ഹെക്ടർ പ്ലസ് വിപണിയിൽ. നാലു മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ ഷോറൂം വില 13.48 ലക്ഷം മുതല്‍ 18.53 ലക്ഷം വരെയാണ്. എംജിയുടെ ഇന്ത്യയിലെ ആദ്യ വാഹനം ഹെക്ടറിന്റെ ഒന്നാം വാർഷികദിനത്തിലാണ് ഹെക്ടറിന്റെ 6 സീറ്റ് വകഭേദം എംജി പുറത്തിറക്കിയത്.
സ്റ്റൈൽ, സൂപ്പർ, സ്മാർട്ട്, ഷാർപ്പ് എന്നീ വകഭേദങ്ങളിലായി പെട്രോൾ, ഹൈബ്രിഡ്, ഡീസൽ എൻജിനുകളിലാണ് പുതിയ വാഹനം ലഭിക്കുന്നത്. നേരത്തേ എംജി വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചിരുന്നു. 50000 രൂപ നൽകിയാൽ ഓൺലൈനായി എംജിയുടെ ആറ് സീറ്റർ വാഹനം ബുക്ക് ചെയ്യാം. അഞ്ചു വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ വാറന്റി, 5 ലേബർ ചാർജ് ഫ്രീ സർവീസ്, 5 വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസ് എന്നിവ അടങ്ങുന്ന എംജി ഷീൽഡ് സംരക്ഷണവും എംജി നൽകുന്നുണ്ട്.
2019 ൽ ഇന്ത്യയിൽ എത്തിയ എംജി മോട്ടോഴ്സ്, ഹെക്ടർ എന്ന തങ്ങളുടെ ആദ്യ വാഹനത്തിന്റെ വലുപ്പം കൂടിയ മോഡലായ ഹെക്ടർ പ്ലസ് 2020 ഒാട്ടോ എക്സ്പോ വേദിയിലാണ് ആദ്യമായി പ്രദർശിപ്പിക്കുന്നത്. മൂന്നു വരികളിലായി സീറ്റുകൾ ഒരുക്കിയിട്ടുള്ള പുതിയ ഹെക്ടർ പ്ലസിൽ പരമാവധി 6 സീറ്റുകളാണുള്ളത്.
പൂർണമായും കറുപ്പ് നിറത്തിലുള്ള മുൻവശത്തെ ഗ്രിൽ, കട്ടി കൂടിയ എൽഇഡി ഡിആർഎൽ ലാംപുകൾ, പുതിയ ഡിസൈനിലുള്ള ബമ്പർ, ത്രികോണാകൃതിയിലുള്ള പുതിയ ഹെഡ്‌ലാംപുകൾ, ഫോഗ് ലാംപ് ക്ലസ്റ്റർ എന്നിവയാണ് രൂപത്തിൽ ഹെക്ടർ പ്ലസിനെ പഴയ ഹെക്ടറിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. പിന്നിലും ചെറിയ ചില മാറ്റങ്ങളുണ്ട്. 6 സീറ്റ് വാഹനത്തിന് നടുവിൽ 2 ക്യാപ്റ്റൻ സീറ്റുകളാണ്.
ഹെക്ടറിൽ ഉപയോഗിച്ചിരിക്കുന്ന അതേ എൻജിൻ തന്നെയാണ് ഹെക്ടർ പ്ലസിലും ഉണ്ടാവുക. ബിഎസ് 6 നിലവാരത്തിലുള്ള 1.5 ലീറ്റർ ടർബോ പെട്രോൾ എൻജിൻ, 1.5 ലീറ്റർ ടർബോ പെട്രോളിനൊപ്പം 48 വാട്ട് കരുത്തുള്ള ഹൈബ്രിഡ് സിസ്റ്റമുള്ള എൻജിൻ, 2.0 ലീറ്റർ ടർബോ ഡീസൽ എൻജിൻ എന്നീ വകഭേദങ്ങളിൽ വാഹനം ലഭ്യമാകും. മൂന്ന് എൻജിനുകൾക്കും 6 സ്പീഡ് മാനുവൽ ഗിയർ ബോക്സാണ് ഉള്ളത്. എന്നാൽ പെട്രോൾ മോഡലിന് 7–സ്പീഡ് ഡ്യുവൽ ക്ലച്ച് ഒാട്ടമാറ്റിക് ഒാപ്ഷനും ലഭിക്കും.
English Summary: MG Hector plus Launched In India