വിദേശ നിർമിത കാറുകൾക്ക് തീരുവ; ട്രംപിന്റെ പ്രഖ്യാപനത്തിൽ പ്രതിഷേധം, ജർമൻ കമ്പനികൾക്ക് തിരിച്ചടി

Mail This Article
ബര്‍ലിന്‍ ∙ ഏപ്രില്‍ 2 മുതല്‍ വിദേശ നിര്‍മ്മിത കാറുകള്‍ക്ക് യുഎസ് തീരുവ ചുമത്തുമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം ജര്‍മന്‍ കാര്‍ കമ്പനികള്‍ക്ക് തിരിച്ചടിയായി. താരിഫുകള്‍ പ്രാബല്യത്തിലായാൽ യുഎസില്‍ ഒരു കാറിന്റെ വിലയിൽ ആയിരക്കണക്കിന് ഡോളറിന്റെ വർധനയുണ്ടാകുമെന്ന് കമ്പനികൾ.
ട്രംപ് താരിഫുകള്‍ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കുമെന്ന് വൈറ്റ് ഹൗസ് പ്രതീക്ഷിക്കുന്നുവെങ്കിലും ഇറക്കുമതി കണക്കില്‍ യൂറാപ്പിന് വലിയ തിരിച്ചടിയാവും. യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്കും ലൈറ്റ് ട്രക്കുകള്‍ക്കും 25% പുതിയ താരിഫ് ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്. താരിഫുകള്‍ ശാശ്വതമായിരിക്കുമെന്നും ഏപ്രില്‍ 2 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും 3 മുതല്‍ തീരുവ ഈടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു.
നിലവില്‍ യുഎസിൽ വില്‍ക്കുന്ന 50% കാറുകളും ആഭ്യന്തരമായി നിര്‍മ്മിച്ചതാണ്. ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കാനാണ് താരിഫുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.രാജ്യം മുൻപ് കണ്ടിട്ടില്ലാത്തത്ര വളര്‍ച്ചയ്ക്ക് ഇത് തുടക്കമിടുമെന്നാണ് ട്രംപ് കണക്കുകൂട്ടുന്നത്.
∙കാര്‍ വില ഉയര്‍ത്തും
താരിഫുകളില്‍ നിന്ന് പ്രതിവര്‍ഷം 100 ബില്യൻ ഡോളര്‍ (93 ബില്യൻ യൂറോ) വരുമാനം സമാഹരിക്കുമെന്നാണ് ട്രംപ് ഭരണകൂടം പറയുന്നത്. എന്നാല്‍ യുഎസ് വാഹന നിര്‍മ്മാതാക്കള്‍ ഉയര്‍ന്ന ചെലവുകളും കുറഞ്ഞ വില്‍പ്പനയും നേരിടേണ്ടിവരും. പ്രത്യേകിച്ച് ജര്‍മന്‍ കാര്‍ ഭീമന്മാരായ മെഴ്സിഡസ്, ഫോക്സ് വാഗൺ, ഔഡി, സിയാറ്റ്, പോര്‍ഷെ, സ്കോഡ തുടങ്ങിയ എല്ലാ കമ്പനികളെയും ഇത് ബാധിക്കും.
ഓട്ടോമോട്ടീവ് റിസര്‍ച്ച് സെന്റര്‍ നേരത്തെ കണക്കാക്കിയത് പ്രകാരം ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് യുഎസ് താരിഫ് ഏര്‍പ്പെടുത്തിയാല്‍ കാറിന്റെ വില ആയിരക്കണക്കിന് ഡോളര്‍ വര്‍ധിപ്പിക്കുമെന്നാണ്. പുതിയ യുഎസ് താരിഫുകള്‍ ആഗോള വ്യാപാരത്തെയും സാമ്പത്തിക വളര്‍ച്ചയെയും പ്രതികൂലമായി ബാധിച്ചേക്കാവുന്ന വ്യാപാര യുദ്ധത്തിന് തുടക്കമിടും,
താരിഫുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുകയാണെങ്കില്‍, ശരാശരി വാഹന വില 12,500 ഡോളറായി കുതിച്ചുയരും. കൂടാതെ, ഇറക്കുമതി ചെയ്ത കാറുകള്‍ ടാര്‍ഗെറ്റുചെയ്യുന്നത് യുഎസിന്റെ പങ്കാളികളായ ജപ്പാന്‍, ദക്ഷിണ കൊറിയ, കാനഡ, മെക്സിക്കോ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളുമായുള്ള പിരിമുറുക്കം കൂട്ടും.
പുതിയ താരിഫ് സംബന്ധിച്ച് വലിയ പ്രതികരണമാണ് രാജ്യാന്തര സമൂഹത്തിൽ നിന്നുള്ളത്. ജര്‍മന്‍ സാമ്പത്തിക മന്ത്രി റോബര്‍ട്ട് ഹാബെക്ക് ട്രംപിന്റെ ഏറ്റവും പുതിയ താരിഫ് ഭീഷണിയോട് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് കൃത്യമായ നിലപാട് ആവശ്യപ്പെട്ടിരുന്നു.യൂറോപ്യന്‍ യൂണിയന്‍ ചര്‍ച്ചകളിലൂടെ പരിഹാരം തേടേണ്ടതുണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. പുതിയ ഓട്ടോമൊബൈല്‍ താരിഫുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ടോക്കിയോ എല്ലാ ഓപ്ഷനുകളും വിലയിരുത്തുമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ പറഞ്ഞു.
ജര്‍മന്‍ അസോസിയേഷന്‍ ഓഫ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രിയുടെ തലവന്‍ ഹില്‍ഡെഗാര്‍ഡ് മുള്ളര്‍, താരിഫുകളെ സ്വതന്ത്രവും നിയമാധിഷ്ഠിതവുമായ വ്യാപാരത്തിനുള്ള മാരകമായ സിഗ്നല്‍ എന്നാണ് വിശേഷിപ്പിച്ചത്. താരിഫുകള്‍ കമ്പനികള്‍ക്കും ഓട്ടോമോട്ടീവ് വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്ന ആഗോള വിതരണ ശൃംഖലകള്‍ക്കും ഗണ്യമായ ഭാരം സൃഷ്ടിക്കുമെന്ന് മുള്ളര്‍ പറഞ്ഞു. പ്രത്യേകിച്ചും വടക്കേ അമേരിക്ക ഉള്‍പ്പെടെയുള്ള ഉപഭോക്താക്കള്‍ക്ക് നെഗറ്റീവ് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.