യോർക്കിന്റെ പ്രിയ ഗായകൻ മോഡി തോമസിന് വിട നൽകാൻ യുകെയിലെ മലയാളി സമൂഹം; പൊതുദർശനം 21ന്

Mail This Article
ലണ്ടൻ∙ യോർക്ക് മലയാളികളുടെ പ്രിയ ഗായകൻ മോഡി തോമസ് ചങ്കന്റെ (55) പൊതുദർശനം 21ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടത്തും. അതിനു ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും. കാൻസർ ബാധിതനായി ചികിത്സയിലായിരുന്ന മോഡി ഏപ്രിൽ ആറിനാണ് അന്തരിച്ചത്.
യോർക്കിനു സമീപമുള്ള ക്ലിഫ്റ്റണിലെ സെന്റ് ജോസഫ്സ് കത്തോലിക്കാ പള്ളിയിലാണ് പ്രാർഥനാശുശ്രൂഷകളും പൊതുദർശനവും ഒരുക്കുന്നത്. മലയാളി അസോസിയേഷൻ ഓഫ് യോർക്കിന്റെ എല്ലാ സാംസ്കാരിക പരിപാടികളും ആഘോഷങ്ങളും സംഘടിപ്പിക്കുന്നതിൽ മുന്നിൽനിന്ന് പ്രവർത്തിച്ചയാളാണ് മോഡി. മതപരമായ ചടങ്ങുകൾ ഉൾപ്പെടെ മലയാളികളുടെ മറ്റെല്ലാ കൂട്ടായ്മകളിലും സജീവ സാന്നിധ്യമായിരുന്നു. അവയെ എല്ലാം മോഡി തന്റെ പാട്ടുകൾകൊണ്ട് കൂടുതൽ ഇമ്പമുള്ളതാക്കുകയും ചെയ്തിരുന്നു.
ഒരു മാസം മുമ്പ് മാത്രമാണ് മോഡിക്ക് കാൻസർ രോഗം സ്ഥിരീകരിച്ചത്.
തൃശൂർ പരേതരായ സി.എ. തോമസ് ചങ്കന്റെയും പരിയാരം പോട്ടോക്കാരൻ കുടുംബാംഗം അന്നം തോമസിന്റെയും മകനാണ്. ഭാര്യ: സ്റ്റീജ, പൂവത്തുശ്ശേരി തെക്കിനേടത്ത് കുടുംബാംഗം. ലീഡ്സ് യൂണിവേഴ്സിറ്റി വിദ്യാർഥിയായ റോയ്സ് മോഡി, എ- ലെവൽ വിദ്യാർഥിയായ അന്ന മോഡി എന്നിവർ മക്കളാണ്.
സഹോദരങ്ങൾ: പരേതനായ ആൻഡ്രൂസ് തോമസ്, ജെയ്സൺ തോമസ്, പ്രിൻസി ടോമി, പരേതയായ റോസിലി ദേവസി, ജെസ്സി തോമസ്, ഷീല ജോൺസൺ.