കലാലയം സാംസ്കാരിക വേദിയുടെ പുസ്തക ചർച്ച സംഘടിപ്പിച്ചു

Mail This Article
ദമാം ∙ ഗാന്ധിയെ വായിക്കുന്നതിലും ഏറ്റെടുക്കുന്നതിലും വന്ന അപാകതയാണ് ഇന്ത്യയിൽ നാം ഇന്നനുഭവിക്കുന്നതെന്ന് ചരിത്രകാരനും ഗ്രന്ഥകാരനുമായ പി. ഹരീന്ദ്രനാഥ് പറഞ്ഞു. കലാലയം സാംസ്കാരിക വേദിയുടെ പുസ്തക ചർച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗാന്ധി വായനകൾ ഒരിക്കലും അവസാനിക്കുന്നില്ല, ഗാന്ധി ഒരു തർക്കവിഷയമല്ലെന്നും പഠനവിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
റിയാസ് സഖാഫി അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ബെന്യാമിൻ രചിച്ച 'കുടിയേറ്റം - പ്രവാസത്തിന്റെ മലയാളവഴികൾ' എന്ന പുസ്തകത്തെ ആസ്പദമാക്കി പ്രവാസത്തിന്റെ ബാക്കിപത്രം, രാഷ്ട്രീയം, ഭാഷ, വീട്, ദിശ, 'ഗൾഫ്‌ലോർ' എന്നീ വിഷയങ്ങളിൽ ജിഷാദ് ജാഫർ, അബ്ദുൽ ഹകീം, റിയാസ് സഖാഫി, ഷംനാദ് മുഹമ്മദ് ബഷീർ, സബൂർ കണ്ണൂർ, മുഹമ്മദ് സഗീർ പറവൂർ എന്നിവർ വിഷയാവതരണം നടത്തി. ലുഖ്മാൻ വിളത്തൂർ ചർച്ച നിയന്ത്രിച്ചു. മുസ്തഫ മൂക്കൂട്, സ്വാദിഖ് ഹരിപ്പാട് എന്നിവർ പ്രസംഗിച്ചു.