ഹജ് തീർഥാടനത്തിന് വെള്ളിയാഴ്ച തുടക്കം;കേരളത്തിൽനിന്നുള്ള മുഴുവൻ തീർഥാടകരും മക്കയിൽ എത്തി
Mail This Article
മക്ക ∙ ഹജ് തീർഥാടനത്തിന് വെള്ളിയാഴ്ച (ദുൽഹജ് 8) മിനായിൽ തുടക്കമാകും. മക്കയിൽ എത്തിച്ചേർന്ന മുഴുവൻ തീർഥാടകരും കഅബ പ്രദക്ഷിണത്തിനു ശേഷം ഹജ്ജിന്റെ മുന്നൊരുക്കത്തിനായി വ്യാഴാഴ്ച വൈകിട്ടോടെ മിനായിലേക്ക് യാത്ര തിരിക്കും. 14ന് ഉച്ചയോടെ മുഴുവൻ തീർഥാടകരും മിനായിൽ എത്തിച്ചേരും. ദുൽഹജ് എട്ടിന് മിനായിലെ കൂടാരത്തിൽ തീർഥാടകർ താമസിക്കുന്നതോടെയാണ് (രാപാർക്കൽ) ഹജ്ജിന് ഔപചാരിക തുടക്കമാകുക.
മലയാളികൾ ഉൾപ്പെടെ ഇന്ത്യൻ തീർഥാടകരും 13ന് വൈകിട്ട് (അസർ നമസ്കാര ശേഷം) മിനായിലേക്കു ബസിൽ യാത്ര തിരിക്കും. താമസം, ഭക്ഷണം, ആരോഗ്യസേവനം തുടങ്ങി മിനായിൽ തീർഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സജ്ജമാണെന്ന് ഹജ് മിഷൻ അറിയിച്ചു.
കേരളത്തിൽനിന്നുള്ള മുഴുവൻ തീർഥാടകരും മക്കയിൽ എത്തി. അവസാന ദിവസമായ ഇന്നലെ കണ്ണൂരിൽനിന്ന് എത്തിയ 322 തീർഥാടകരെ മക്ക കെഎംസിസി ഹജ് വൊളന്റിയർമാർ സ്വീകരിച്ചു. ഹറമിലേക്കും പിന്നീട് താമസ സ്ഥലമായ അസീസിയയിലേക്കും ഇവരെ അനുഗമിച്ചു. കേരളത്തിൽനിന്നുള്ള 17,997 തീർഥാടകർ ഉൾപ്പെടെ 1,75,025 ഇന്ത്യക്കാർക്കാണ് ഇത്തവണ ഹജ് നിർവഹിക്കാൻ അവസരമുള്ളത്. ഇതുൾപ്പെടെ വിവിധ രാജ്യക്കാരായ 20 ലക്ഷത്തിലേറെ പേർ ഈ വർഷം ഹജ് നിർവഹിക്കും.