കേരള സർക്കാരിന്റെ ഭരണത്തിൽ പൂർണതൃപ്തിയില്ല; നവീന്റെ മരണം ആര് അന്വേഷിച്ചാലും കുടുംബത്തിന്റെ ഒപ്പം: ബിനോയ് വിശ്വം
Mail This Article
റിയാദ് ∙ കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ പൂർണ്ണ തൃപ്തിയില്ലെന്നും സർക്കാർ ഇനിയും പ്രവർത്തനം മെച്ചപ്പെടുത്താനുണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം റിയാദിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ പിണറായി ഭരണത്തില്‍ പൂര്‍ണ സംതൃപ്തി പ്രകടിപ്പിക്കാനാകില്ല. പൂര്‍ണതയിലേക്കുള്ള യാത്രയിലാണ്. ഇനിയും മുന്നോട്ട് കുതിക്കാനുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് ആശയപ്രതിബദ്ധത വേണം. കേഡര്‍മാര്‍ പ്രത്യയ ശാസ്ത്ര അവബോധമുള്ളവരാകണമെന്നും ഇടതുമുന്നണിയില്‍ പാര്‍ട്ടികള്‍ തമ്മില്‍ ചതിക്കാന്‍ പാടില്ലെന്നും ബിനോയ് പറഞ്ഞു. റിയാദില്‍ ന്യൂ ഏജ് ഇന്ത്യ സാംസ്‌കാരിക വേദിയുടെ സര്‍ഗ സന്ധ്യയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ബിനോയ് വിശ്വവും സത്യന്‍ മെകേരിയും.
കണ്ണൂരില്‍ എഡിഎമ്മായിരുന്ന കെ. നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെയും ബിനോയ് രംഗത്തെത്തി. നവീന്റെ മരണം സിബിഐ അന്വേഷിച്ചാലും പൊലീസ് അന്വേഷിച്ചാലും കുടുംബത്തിന്റെ കൂടെയുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. കുടുംബത്തിന്റെ ദുഃഖത്തിനും ഉത്കണ്ഠക്കും പരിഹാരം വേണം. സര്‍ക്കാറും അങ്ങനെതന്നെയാണ് പ്രവര്‍ത്തിക്കുന്നത്. വഖഫ്, ദേവസ്വം സ്ഥലങ്ങളില്‍ കാലാകാലങ്ങളായി താമസിക്കുന്നവരെ കുടിയിറക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടില്‍ യുഡിഎഫ് ഇമോഷണല്‍ വിഷയങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ ഇടതുപക്ഷം വികസനവിഷയങ്ങളിലൂന്നിയാണ് പ്രചാരണം നടത്തിയതെന്ന് സത്യന്‍ മെകേരി പറഞ്ഞു. വൈകാരികത ചലനമുണ്ടാക്കിയാണ് യുഡിഎഫ് വിജയിച്ചത്. രാഹുലിന്റെ ഭൂരിപക്ഷമേ പ്രിയങ്കക്കും നേടാനായുള്ളൂ – ബിനോയ് വിശ്വം പറഞ്ഞു. പത്രസമ്മേളനത്തിൽ ബിനോയ് വിശ്വം, സത്യൻ മോകേരി, ജോസഫ് അതിരുങ്കൽ, ന്യൂ ഏജ് ഇന്ത്യ സാംസ്കാരിക വേദി പ്രസിഡന്റ് അഷ്റഫ് മൂവാറ്റുപുഴ, സെക്രട്ടറി വിനോദ് കൃഷ്ണ, എം സാലി ആലുവ എന്നിവരും പങ്കെടുത്തു.