മുസന്ദമില്‍ പുതിയ വിമാനത്താവളം; അന്തിമ രൂപരേഖ തയാർ, ടെന്‍ഡര്‍ നടപടികൾ ഉടൻ ആരംഭിക്കും

Mail This Article
മസ്കത്ത് ∙ മുസന്ദമിലെ പുതിയ വിമാനത്താവളത്തിന് അന്തിമ രൂപരേഖയായെന്നും ഉടന്‍ ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കുമെന്നും മുസന്ദം ഗവര്‍ണര്‍ സയ്യിദ് ഇബ്റാഹിം ബിന്‍ സഊദ് അല്‍ ബുസൈദി പറഞ്ഞു. ഗവര്‍ണറേറ്റിന്റെ വികസന പദ്ധതികളെ കുറിച്ച് വിശദീകരിക്കവെയാണ് ഗവര്‍ണര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട വിവരങ്ങളും പങ്കുവച്ചത്.
2028 രണ്ടാം പാദത്തോടെ വിമാനത്താവളത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കും. മേഖലയുടെ തന്നെ വികസനത്തിന് പുതിയ വേഗം കൈവരിക്കുന്നതിന് അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന വിമാനത്താവളം വഴിയൊരുക്കും. റണ്‍വേ, ടാക്സിവേ, ടെര്‍മിനല്‍, സര്‍വീസ് ഏരിയ തുടങ്ങിയവ നൂതന സൗകര്യങ്ങളോടെയാണ് മുസന്ദം വിമാനത്താവളത്തില്‍ ഒരുക്കുന്നത്.
വര്‍ഷത്തില്‍ 250,000 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാവുന്ന സൗകര്യത്തോടെയാണ് വിമാനത്താവളം ഒരുക്കുന്നത്. മുസന്ദമിലെ വികസനങ്ങള്‍ നേരിട്ടറിയുന്നതിനായി നേരത്തെ സുല്‍ത്താന്‍ ഗവര്‍ണറേറ്റ് സന്ദര്‍ശിച്ചിരുന്നു. മുസന്ദമിലെ ശൈഖുമാരുമായും പൗരപ്രമുഖരുമായും കൂടിക്കാഴ്ച നടത്തുകയും ആവശ്യങ്ങളും നിര്‍ദേശങ്ങളും ചോദിച്ചറിയുകയും ചെയ്തിരുന്നു. ഇതോടൊപ്പം ഗവര്‍ണറേറ്റില്‍ നടപ്പിലാകാനിരിക്കുന്ന പദ്ധതികളെ കുറിച്ച് അതാത് വകുപ്പുകളുടെ മന്ത്രിമാര്‍ വിശദീകരിക്കുകയും ചെയ്തു.