നിറഞ്ഞു തുളുമ്പി ഷറഫിയ; ജിദ്ദയിലെ ഏറ്റവും വലിയ ഇഫ്താർ ഒരുക്കി കൂട്ടായ്മ

Mail This Article
ജിദ്ദ ∙ മലയാളികൾ തിങ്ങിപ്പാർക്കുന്ന സൗദിയിലെ പ്രദേശമാണ് ജിദ്ദ. ഈ നഗരത്തിൽ മലയാളികളുടെ സംഗമസ്ഥാനമായ ഷറഫിയ ഇന്നലെ ജിദ്ദയിലെ ഏറ്റവും വലിയ നോമ്പുതുറയ്ക്ക് സാക്ഷ്യം വഹിച്ചു. ഒൻപതാം വർഷത്തിലേക്ക് കടന്ന സമൂഹ ഇഫ്താറിന് ഇക്കുറി എത്തിയത് അയ്യായിരത്തോളം വരുന്ന പ്രവാസികൾ.
ജിദ്ദയിലെ വ്യാപാരികളുടെ കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താറിൽ സംഘാടകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് വൻ ജനക്കൂട്ടം എത്തിയത്. 3500 പേരെയാണ് സംഘാടകർ പ്രതീക്ഷിച്ചതെങ്കിലും എത്തിയത് അയ്യായിരത്തോളം പേരായിരുന്നു. ജിദ്ദയിലെ പ്രവാസി സമൂഹത്തിന്റെ നാനാതുറകളിലുള്ളവരും നോമ്പു തുറക്കാനെത്തി. മുജീബ് റീഗൾ, ഫിറോസ് ചെറുകോട്, ബേബിക്ക ഷറഫിയ, യാസിർ ഡി.എച്ച്.എൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഇഫ്താറിന്റെ സംഘാടനം.
എട്ടുവർഷം മുൻപ് ചെറിയ രീതിയിലാണ് ഷറഫിയയിൽ നോമ്പുതുറ ആരംഭിച്ചത്. തുടക്കത്തിൽ ഷറഫിയയിലെ വ്യാപാരികൾക്ക് ഒന്നിച്ചിരിക്കാൻ ഒരു ഇഫ്താർ എന്നായിരുന്നു സങ്കൽപ്പം. എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ ഇഫ്താറിനെത്തുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. കഴിഞ്ഞ വർഷം മൂവായിരത്തോളം പേർ പങ്കെടുത്തു. ഇക്കുറി 3500 പേർക്കാണ് സംഘാടകർ ഭക്ഷണം ഒരുക്കിയിരുന്നത്. എന്നാൽ ഇഫ്താറിൽ പങ്കെടുക്കാനെത്തിയതാകട്ടെ അയ്യായിരത്തോളം പേരായിരുന്നു.
വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരെയും ഉൾക്കൊള്ളുന്ന സന്ദേശമാണ് ഷറഫിയ ഇഫ്താർ നൽകുന്നതെന്ന് സംഘാടകർ മനോരമ ഓൺലൈനിനോട് പറഞ്ഞു. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചാണ് ജനം ഇരമ്പിയെത്തിയത്. എങ്കിലും എല്ലാവരെയും പരമാവധി തൃപ്തിപ്പെടുത്താൻ സാധിച്ചിട്ടുണ്ടെന്നും സംഘാടകർ പറഞ്ഞു.