ഒൻപത് കോടിയിലധികം രൂപ സ്കോളർഷിപ്പായി നൽകി ജോസഫ് ചാണ്ടി

Mail This Article
ഡാലസ്∙ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഡാലസിൽ നിന്നുള്ള മലയാളി ജോസഫ് ചാണ്ടി മറ്റൊരു നാഴിക കല്ലുകൂടി പിന്നിട്ടിരിക്കുന്നു. ജൂൺ 19 ന് ബസേലിയസ് കോളജിൽ നടന്ന വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണോദ്ഘാടന ചടങ്ങിൽ വിദ്യാർഥികൾക്ക് നവജീവൻ ട്രസ്റ്റ് ചെയർമാൻ പി. യു. തോമസ് സ്കോളർഷിപ്പുകൾ വിതരണം ചെയ്തതോടെ നാളിതുവരെ 29,2000 സ്കൂൾ വിദ്യാർഥികൾക്കും 21,000 കോളജ് വിദ്യാർഥികൾക്കും ജോസഫ് ചാണ്ടിയുടെ ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് സഹായം നൽകി. ഒൻപത് കോടി രൂപയാണ് ഇതുവരെ സ്കോളർഷിപ്പായി വിതരണം ചെയ്തിട്ടുള്ളത്.

കോളജ് പ്രിൻസിപ്പൽ ഡോ. ജാൻസി തോമസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഡോ. എം. ആർ. ഗോപാല കൃഷ്ണൻ നായർ, ഡോ. സുമ ബിനോയ് തോമസ്, എം. എസ്. സിബിൻ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. ജോസഫ് ചാണ്ടി തന്റെ ജീ കാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്നതിനിടയാക്കിയ ജീവിത സാഹചര്യങ്ങൾ വിവരിച്ചു.

41 വർഷമായി അമേരിക്കയിലെ ഡാലസിൽ കഴിയുന്ന ജോസഫ് ചാണ്ടി ശാരീരിക അസ്വസ്ഥതകൾ പോലും വകവയ്ക്കാതെ എല്ലാ വർഷവും ജൂൺ മാസം കേരളത്തിലെത്തി അനാഥരെയും അശരണരെയും ആശ്വസിപ്പിക്കുവാൻ സമയം കണ്ടെത്തുന്നു. കോട്ടയം അയർക്കുന്നം പുന്നത്തറ സ്വദേശിയാണ്. ഡാലസിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന ചാണ്ടി തന്റെ സമ്പാദ്യത്തിന്റെ ഒരുഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കി വച്ചിരിക്കുന്നു.