ജോസഫ് ചാണ്ടിയെ വേൾഡ് മലയാളി കൗൺസിൽ ആദരിച്ചു

Mail This Article
ഡാലസ് ∙ കേരളമുൾപ്പെടെ ഇരുപത്തിയഞ്ച് സംസ്ഥാനങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പഠന സഹായം നൽകി കൊണ്ടിരിക്കുന്ന ഡാലസിൽ നിന്നുള്ള മലയാളിയും അമേരിക്കൻ ക്രിസ്ത്യൻ ചാരിറ്റബിൾ മിഷൻ, ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപകനും ഡയറക്ടറുമായ ജോസഫ് ചാണ്ടിയെ വേൾഡ് മലയാളി കൗൺസിൽ നോർത്ത് ടെക്സസ്– ഡാലസ് പ്രൊവിൻസുകൾ സംയുക്തമായി ആദരിച്ചു.
കരോൾട്ടൺ സെന്റ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോപ്പേൽ സിറ്റി കൗൺസിൽ അംഗവും മലയാളിയുമായ ബിജു മാത്യു, ഡബ്ല്യുഎംസി ഗ്ലോബൽ പ്രസിഡന്റ് ഗോപാലപിള്ള എന്നിവർ പ്ലാക്കം, പൊന്നാടയും അണിയിച്ചാണ് ജോസഫ് ചാണ്ടിയെ ആദരിച്ചത്. സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാ. ജോഷ്വ ജോർജ് മുഖ്യാതിഥിയായിരുന്നു.

കേരളത്തിലെ ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തിൽ നിന്നു ലഭിക്കുന്ന പണമാണ് സ്കോളർഷിപ്പിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അദ്ദേഹം ഉപയോഗിക്കുന്നതെന്ന് കൗൺസിലംഗം ബിജു മാത്യു പറഞ്ഞു.
1962 മുതൽ തന്നാലാവുംവിധം പഠനസഹായം നിരവധി പേർക്ക് നൽകി വരുന്നു ജോസഫ് ചാണ്ടി. നാളിതുവരെ 2,92,000 സ്കൂൾ വിദ്യാർഥികൾക്കും 21,000 കോളജ് വിദ്യാർഥികൾക്കും സഹായം ആശ്വാസമായതായി ഗോപാലപിള്ള പറഞ്ഞു. ദൈവം നൽകിയ അനുഗ്രഹം മറ്റുള്ളവർക്ക് വീതിച്ചു നൽകുമ്പോൾ സന്തോഷം അനുഭവിക്കുന്നതായി മറുപടി പ്രസംഗത്തിൽ ചാണ്ടി പറഞ്ഞു.