മുൻപരിചയമില്ലാത്ത പുരുഷനെ കുടുക്കാൻ വ്യാജ പീഡന പരാതി; യുഎസിൽ നിരപരാധി ജയിലിൽ കഴിഞ്ഞത് ഒരു മാസം

Mail This Article
പെൻസിൽവേനിയ∙ പെൻസിൽവേനിയയിൽ ഡാനിയൽ പിയേഴ്‌സൺ എന്നയാൾക്കെതിരെ വ്യാജ പീഡന പരാതി നൽകിയ കേസിൽ അഞ്ജല ബോറിസോവ ഉറുമോവ (20) കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. പിയേഴ്‌സൺ തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ഉറുമോവ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പിയേഴ്‌സണിന് ഒരു മാസം ജയിലിൽ കഴിയേണ്ടിവന്നു.
2024 ഏപ്രിൽ 16ന് പിയേഴ്‌സൺ സൂപ്പർമാർക്കറ്റിന് പുറത്ത് വച്ച് തന്നെ ആക്രമിച്ചുവെന്നാണ് ഉറുമോവ ആരോപിച്ചത്. പിയേഴ്‌സൺ തന്‍റെ പാന്‍റ് വലിച്ചുകീറുകയും മുഖത്ത് അടിക്കുകയും ചെയ്‌തതായി ഉറുമോവ പറഞ്ഞതായി ബക്‌സ് കൗണ്ടി ഡിസ്‌ട്രിക്‌ട് അറ്റോർണി ഓഫിസ് അറിയിച്ചു.
അന്വേഷണത്തിന്‍റെ ഭാഗമായി, മിഡിൽടൗൺ ടൗൺഷിപ്പ് പൊലീസ് ആക്രമണം നടന്നതായി പറയപ്പെടുന്ന പ്രദേശത്തെ വിവിധ റീട്ടെയിൽ സ്‌റ്റോറുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്‌തു. ബക്‌സ് കൗണ്ടി ഡിസ്‌ട്രിക്‌ട് അറ്റോർണി ഓഫിസിലെ ഒരു ഡിറ്റക്‌ടീവ് ഉറുമോവയുടെ മൊബൈൽ ഫോൺ ഡാറ്റ ഫോറൻസിക്ക് പരിശോധനയ്ക്ക് വിധേയമാക്കി.പരിശോധനയിൽ ഉറുമോവയുടെ മൊഴിയിൽ നിരവധി പൊരുത്തക്കേടുകളും വൈരുദ്ധ്യങ്ങളും കണ്ടെത്തി.
ഇതേ തുടർന്ന് അധികൃതർ ഉറുമോവയെ ചോദ്യം ചെയ്‌തപ്പോൾ താൻ കള്ളം പറഞ്ഞതായി യുവതി വെളിപ്പെടുത്തി. ആരും തന്നെ ആക്രമിച്ചിട്ടില്ലെന്ന് ഉറുമോവ സ്ഥിരീകരിച്ചതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു.
‘‘പിയേഴ്‌സണിനെ താൻ മുമ്പ് കണ്ടിട്ടുണ്ട് അദ്ദേഹത്തിന്‍റെ ട്രക്ക് ഓർമയുണ്ടായിരുന്നു. അതിനാലാണ് പിയേഴ്‌സണെതിരെ പരാതി നൽകിയത്. ഒരു കുടുംബാംഗവുമായുള്ള വഴക്കിനിടെയാണ് മുഖത്ത് പരുക്കേറ്റത്. മുത്തശ്ശിക്ക് ഡിമെൻഷ്യ ബാധിച്ചിട്ടുണ്ട്. . വീട്ടിൽ കയറിയപ്പോൾ മുത്തശ്ശി തന്നെ തിരിച്ചറിഞ്ഞില്ല, ഒരു പ്ലാസ്റ്റിക് വസ്‌തു തന്‍റെ നേരെ എറിഞ്ഞു. അത് ചുണ്ടിൽ തട്ടി. ഈ സംഭവമാണ് ചുണ്ടിൽ മുറിവുണ്ടാക്കിയതെന്ന്’’ ഉറുമോവ വെളിപ്പെടുത്തി.
ഉറുമോവ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ പിയേഴ്‌സണെതിരായ കുറ്റങ്ങൾ ഒഴിവാക്കുകയും അദ്ദേഹത്തെ മോചിപ്പിക്കുകയും ചെയ്‌തു. കേസിൽ ശിക്ഷ പിന്നീട് വിധിക്കും.