യുഎസിനെതിരെ കാനഡ; രാജ്യത്തെ വിഴുങ്ങാമെന്ന് ട്രംപ് കരുതേണ്ടെന്ന് മാര്‍ക്ക് കാര്‍ണി

Mail This Article
ഹൂസ്റ്റണ്‍∙ യുഎസിന്റെ സ്വാഭാവിക സഖ്യകക്ഷിയാണ് കാനഡ. അയൽരാജ്യമായ കാനഡയുമായുള്ള യുഎസിന്റെ ബന്ധം ഡോണൾഡ് ട്രംപ് അധികാരത്തിലെത്തിയതു മുതൽ വഷളായിരിക്കുകയാണ്. ഒടുവിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാജിയിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരുന്നു. ഇപ്പോഴിതാ ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള തന്റെ ആദ്യ പ്രസംഗത്തിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി യുഎസിനെതിരേ ശക്തമായി രംഗത്തുവന്നു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൊണ്ടുവന്ന 'ഇരുണ്ട ദിനങ്ങളെ'ക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകി. ധിക്കാരപരമായ നിലപാട് സ്വീകരിച്ചുകൊണ്ട്, ട്രംപ് 'കനേഡിയൻ തൊഴിലാളികളെയും കുടുംബങ്ങളെയും ബിസിനസുകളെയും ആക്രമിക്കുന്നു' എന്ന ആരോപണമാണ് അദ്ദേഹം ഉന്നയിച്ചത്. 'ന്യായീകരിക്കാത്ത താരിഫുകൾ' ചുമത്തി യുഎസ് പ്രസിഡന്റ് കനേഡിയൻ സമ്പദ്വ്യവസ്ഥയെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണ്. ട്രംപിനെ വിജയിക്കാൻ അനുവദിക്കില്ലെന്നും കാർണി പരസ്യമായി പ്രഖ്യാപിച്ചു.
'വിശ്വസനീയമായ വ്യാപാര പങ്കാളികളുമായി ഞങ്ങൾ പുതിയ ബന്ധങ്ങൾ കെട്ടിപ്പടുക്കുകയും ഞങ്ങളുടെ അതിർത്തികൾ സുരക്ഷിതമാക്കുകയും ചെയ്യും. യുഎസിൽ പരമാവധി സ്വാധീനം ചെലുത്തുന്ന തരത്തിൽ പ്രതികാര താരിഫുകൾ ഞങ്ങൾ ചുമത്തും, അമേരിക്കക്കാർ ഞങ്ങൾക്ക് ബഹുമാനം കാണിച്ചാൽ അത് നിലനിൽക്കും.' എന്നായിരുന്നു കാർണിയുടെ പ്രഖ്യാപനം.
ഇതോടെ കാനഡയിൽ യുഎസിന്റെ താൽപര്യങ്ങൾക്കു വിരുദ്ധമായ ശക്തികളുടെ ഇടപെടൽ ഉണ്ടാകാനുള്ള സാധ്യതയാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. യുഎസിന്റെ നയതന്ത്ര പരാജയമായും ഇതിനെ വിലയിരുത്തുന്നു. കാനഡയുടെ വിഭവങ്ങൾ, വെള്ളം, ഭൂമി എന്നിവ യുഎസിന് വേണമെന്ന് അവർ ആഗ്രഹിക്കുന്നു. ഒട്ടാവ ഒരിക്കലും അമേരിക്കയുടെ ഭാഗമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.