ഡോ. ജോര്‍ജ് തയ്യിലിന് ജോണ്‍പോള്‍ മാര്‍പാപ്പ അവാര്‍ഡ്

Mail This Article
കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ 17–ാംമത് ജോണ്‍ പോള്‍ മാര്‍പാപ്പ പുരസ്കാരം പ്രശസ്ത ഹൃദ്രോഗവിദഗ്ധനും എഴുത്തുകാരനുമായ ഡോ. ജോര്‍ജ് തയ്യിലിന്. കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍വച്ച് ഒക്ടോബര്‍ 23ന് നടന്ന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിളള സമ്മാനിച്ചു. ചങ്ങനാശ്ശേരി ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ. ശശി തരൂര്‍ എം.പി, വ്യവസായ മന്ത്രി പി.രാജീവ്, മുന്‍മന്ത്രി പി.ജെ. ജോസഫ് എം.എല്‍.എ എന്നിവരും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. സമ്മേളനത്തില്‍ തോമസ് ചാഴികാടന്‍ എം.പി. യും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. യും അനുഗ്രഹപ്രഭാഷണങ്ങള്‍ നടത്തി.
ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയുമായുളള സുദീര്‍ഘമായ ആത്മബന്ധത്തെ അവലംബിച്ച് ഡോ. തയ്യില്‍ രചിച്ച ‘സ്വർണ്ണം അഗ്നിയിലെന്നപോലെ ഒരു ഹൃദ്രോഗവിദഗ്ധന്‍റെ ജീവിത സഞ്ചാരക്കുറിപ്പുകള്‍’എന്ന ബെസ്റ്റ്സെല്ലര്‍ ഗ്രന്ഥവും മാര്‍പാപ്പയുടെ ഗ്രന്ഥകാരന്‍ എന്ന പരിഗണനയും അവാര്‍ഡിന് അര്‍ഹനാക്കി. ഹൃദ്രോഗചികിത്സയും പ്രതിരോധവും വിഷയമാക്കി അദ്ദേഹം ഇതിനകം ആറു ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആര്‍ദ്രമായ ആതുരശുശ്രൂഷയും രോഗീപരിപാലനവും ജീവിത ദൗത്യമായി കരുതുന്ന ഡോ.തയ്യില്‍ എറണാകുളം ലൂര്‍ദ് ആശുപത്രിയിലെ ഹൃദ്രോഗവിഭാഗം സ്ഥാപകനും സീനിയര്‍ കണ്‍സള്‍ട്ടന്‍റുമാണ്. കേരളത്തിലെ ഹൃദ്രോഗചികിത്സാരംഗത്ത് മൂന്നു പതിറ്റാണ്ടിലേറെ സജീവസാന്നിധ്യമായി നില്‍ക്കുന്ന ഡോ. തയ്യില്‍ പത്രപ്രവര്‍ത്തകനായാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. വ്യക്തികളെ സാന്ത്വനവും മരുന്നും കൊണ്ടും സമൂഹത്തെ ബോധവത്കരണം കൊണ്ടും ചികിത്സിക്കുന്ന ഭിഷഗ്വരനാണ് ഡോ. തയ്യില്‍. സമര്‍പ്പണ ബോധത്തോടെ തുടരുന്ന ഈ ജീവിതനിഷ്ഠയെതേടി ഒട്ടേറെ അംഗീകാരങ്ങള്‍ എത്തിയിട്ടുണ്ട്. ഗ്ലോബല്‍ എക്സലന്‍സി അവാര്‍ഡ്, കെ.സി.ബി.സി അവാര്‍ഡ്, സര്‍വോദയം കുര്യന്‍ അവാര്‍ഡ്, ശ്രീ. ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് ചീഫ് മിനിസ്റ്റേഴ്സ് ആരോഗ്യരത്ന അവാര്‍ഡ്, വിദ്യാഭ്യാസ മന്ത്രിയില്‍ നിന്നും ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ്, തെലങ്കാന ഗവര്‍ണറില്‍ നിന്ന് പ്രൈഡ് ഓഫ് നേഷന്‍ അവാര്‍ഡ്, പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസില്‍ നിന്ന് ദീപിക എക്സലന്‍സ് അവാര്‍ഡ് തുടങ്ങി പതിനാറോളം അംഗീകാരങ്ങള്‍ ഇതിനകം ഡോക്ടറുടെ ചികിത്സാമികവിനും പുസ്തകങ്ങള്‍ക്കുമായി ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെയും ഇന്ത്യന്‍ അക്കാദമി ഓഫ് എക്കോകാര്‍ഡിയോഗ്രാഫിയുടെയും മുന്‍സംസ്ഥാന പ്രസിഡന്‍റാണ് ഡോ. ജോർജ് തയ്യില്‍.