ആത്മഹത്യാ ചിന്ത ഉണ്ടാകാറുണ്ടോ? ഭയം വേണ്ട, മാനസികാരോഗ്യം മെച്ചപ്പെടുത്താം: അനുഭവസ്ഥ പറയുന്നു
Mail This Article
കഴിഞ്ഞ ദിവസം രാവിലെ പത്രം വായിച്ചിരുന്നപ്പോഴാണ് ആത്മഹത്യ എന്ന വിപത്തിനെപ്പറ്റി ഞാൻ കൂടുതൽ ചിന്തിക്കുന്നത്. ഓരോ പേജിലും കണ്ട ആത്മഹത്യാ വാർത്തകൾ തന്നെയായിരുന്നു ആ ചിന്തയ്ക്കു കാരണമായതും. അപമാന ഭാരത്താൽ ആത്മഹത്യ ചെയ്തു, ബൈക്ക് വാങ്ങിക്കൊടുക്കാത്തതിൽ പ്രതിഷേധിച്ച് ജീവനൊടുക്കി..തുടങ്ങി എത്രയെത്ര സംഭവങ്ങൾ.
തന്റെ ശരീരത്തിന്റെ ആരോഗ്യത്തെ സംബന്ധിച്ച് നമുക്ക് ധാരണയുണ്ടെങ്കിലും മനസ്സിന്റെ ആരോഗ്യം പലപ്പോഴും ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. ലോകാരോഗ്യ സംഘടന (WHO)യുടെ കണക്കുകൾ പ്രകാരം, ഓരോ വർഷവും ഏകദേശം 700,000 പേർ ആത്മഹത്യ ചെയ്യുന്നു. ഇത്രയെളുപ്പത്തിൽ വലിച്ചെറിയാനും മാത്രം നിസ്സാരമാണോ മനുഷ്യ ജന്മം’. എന്തു കൊണ്ടാണ് നമ്മുടെ സമൂഹത്തിൽ ആത്മഹത്യകൾ പെരുകുന്നത്? ഒരു വെറ്റിനറി സർജൻ ആയ എന്റെ ജീവിതത്തില്‍ ഞാൻ നേരിട്ട മാനസിക സംഘർഷങ്ങളും മരണത്തെക്കുറിച്ച് ചിന്തിക്കാനിടയാക്കിയ വിഷാദരോഗവുമെല്ലാം ഓർമയിൽ നിറഞ്ഞു. സ്വന്തം അനുഭവത്തിൽ നിന്നും ചുറ്റുമുള്ളവരിൽ നിന്നും ഞാൻ മനസ്സിലാക്കിയ കാര്യങ്ങളാണ് ഇനി പറയുന്നത്.
മാനസികാരോഗ്യം എന്നാൽ എന്താണ്?
മാനസികാരോഗ്യം ഒരു വ്യക്തിയുടെ മാനസികവും, സാമൂഹികവുമായ സുഖത്തെ സൂചിപ്പിക്കുന്നു. ഇത് മനുഷ്യരുടെ ചിന്ത, വികാരങ്ങൾ, പെരുമാറ്റങ്ങൾ എന്നിവയെ സ്വാധീനിക്കുന്നു. ജന്മനാ ഉള്ള സ്വഭാവ പ്രത്യേകതകൾ, പരിസ്ഥിതി ഘടകങ്ങൾ, ട്രോമ, സാമൂഹിക സമ്മർദ്ദങ്ങൾ, മാനസിക സമ്മർദ്ദങ്ങൾ, ചില മരുന്നുകളുടെ ഉപയോഗം, ആരോഗ്യസേവനങ്ങളുടെ ലഭ്യത തുടങ്ങിയവ മാനസികാരോഗ്യത്തെ നിർണായകമായി സ്വാധീനിക്കുന്നു.
ശാരീരികആരോഗ്യത്തെ അപേക്ഷിച്ചു നോക്കുമ്പോൾ മാനസികാരോഗ്യത്തെ സംബന്ധിച്ച് പരസ്യ ചർച്ച കുറവാണ്, ഇത് ഇതുമായി ബന്ധപ്പെട്ട സേവനങ്ങളുടെയും പിന്തുണയുടെയും സാധ്യത കുറയ്ക്കുന്നു.
മാനസികാരോഗ്യവും ആത്മഹത്യയും തമ്മിലുള്ള ബന്ധം എന്താണെന്ന് നോക്കാം.
ആത്മഹത്യ ഒരു സങ്കീർണമായ പ്രതിഭാസമാണ്, ഇത് മാനസിക, ജൈവ, സാമൂഹിക ഘടകങ്ങളുടെ ഇടപെടലിന്റെ ഫലമായും ഉണ്ടാകുന്നു. വിഷാദരോഗം, ഉത്കണ്ഠ, ബൈപോളാർ ഡിസോർഡർ, മയക്കുമരുന്ന് ഉപയോഗം എന്നിവ ആത്മഹത്യയുടെ സാധ്യത വർധിപ്പിക്കുന്നു. എന്നാൽ, എല്ലാ ആത്മഹത്യകളും തിരിച്ചറിയപ്പെട്ട മാനസികാരോഗ്യ പ്രശ്‌നങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടതല്ല. സാമ്പത്തിക പ്രതിസന്ധികൾ, കുടുംബ പ്രശ്‌നങ്ങൾ, സമൂഹത്തിന്റെ സമ്മർദ്ദങ്ങൾ തുടങ്ങിയവയും വ്യക്തികളെ ഈ വഴിയിലേക്ക് നയിക്കാം.
വർധിച്ചു വരുന്ന ആത്മഹത്യകൾ തടയാൻ നമുക്ക് എന്തു ചെയ്യാനാകും.
∙മാനസികാരോഗ്യത്തെ കുറിച്ചുള്ള പൊതുജന ബോധവൽക്കരണം അത്യന്താപേക്ഷിതമായ ഒരു കാര്യമാണ്.
∙ലാഭകരവും ലളിതവും എളുപ്പവുമായ മാനസികാരോഗ്യ സേവനങ്ങൾ ഉറപ്പാക്കുക.
∙അധ്യാപകർ, ആരോഗ്യപ്രവർത്തകർ, വിവിധ സംഘടനാ നേതാക്കൾ ജനപ്രതിനിധികൾ, ജീവനക്കാർ എന്നിവരിൽ ആത്മഹത്യാ ലക്ഷണങ്ങൾ തിരിച്ചറിയാനുള്ള കഴിവ് വികസിപ്പിക്കുക.
∙ഹെൽപ്‌ലൈൻ സർവീസുകൾ: സർക്കാർ തലത്തിൽ എല്ലാ പഞ്ചായത്തുകളിലും 24/7 സഹായകേന്ദ്രങ്ങൾക്ക്തുടക്കം കുറിക്കുക.
∙ധ്യാനം, വ്യായാമം, ആത്മവിശ്വാസത്തോട് കൂടിയുള്ള സംഭാഷണം എന്നിവ പ്രോത്സാഹിപ്പിക്കുക.
ആത്മഹത്യാ സാധ്യത സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങൾ:
∙ജീവിതത്തോടുള്ള വിരക്തിയും താൻ മറ്റുള്ളവർക്ക് ഭാരമാണെന്ന് വിശ്വസിക്കുന്ന രീതിയിലുള്ള സംഭാഷണങ്ങൾ
∙ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വിട്ടുനിൽക്കൽ.
∙പെരുമാറ്റത്തിലെ പ്രകടമായ മാറ്റങ്ങൾ.
∙സ്വന്തമായ വസ്തുക്കൾ വിട്ടൊഴിയുകയോ യാത്ര പറയുകയോ ചെയ്യുക.
∙ഈ ലക്ഷണങ്ങൾ കാണിക്കുന്ന വ്യക്തികളോട് സഹാനുഭൂതിയോടെയും അനുകമ്പയോടെയും സംസാരിക്കുക..
∙മാനസികാരോഗ്യത്തെ പറ്റി കൂടുതൽ സംസാരിക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കുക. കുടുംബങ്ങൾ, വിദ്യാലയങ്ങൾ, ജോലിസ്ഥലങ്ങൾ, പൊതു സമൂഹങ്ങൾ എന്നിവയിലെല്ലാം ശാരീരികമായി എന്ന പോലെ മാനസികമായും സുരക്ഷിതമായ ഇടങ്ങൾ സൃഷ്ടിക്കണം.
∙സർക്കാർ മുൻഗണനാപരമായ നയങ്ങൾ ആവിഷ്കരിക്കുകയും ആവശ്യമായ ധനസഹായം നൽകുകയും വേണം.
മാനസികാരോഗ്യവും ആത്മഹത്യയും എന്നത് അടിയന്തര ശ്രദ്ധയും നടപടികളും വേണ്ട ഒരു വിഷയമാണ്. കാരണങ്ങളും സാധ്യതകളും പരിഹരിക്കുകയും ആവശ്യമായ ഇടപെടലിലൂടെ ഒട്ടേറെ ജീവിതങ്ങൾ രക്ഷപ്പെടുത്തുകയും ചെയ്യാം
നിങ്ങൾക്കോ നിങ്ങളുടെ ചുറ്റുപാടിലുള്ളവർക്കോ മാനസിക വിഷമതകൾ അനുഭവപ്പെടുകയാണെങ്കിൽ, സഹായം തേടുക. ജീവിതം വിലപ്പെട്ടതാണ്. അതിൽ നമുക്ക് മാറ്റം കൊണ്ടുവരാം. വിഷാദ രോഗമുൾപ്പെട്ട മാനസിക ബുദ്ധിമുട്ടുകളെ നിസ്സാരമായി കാണാതെയിരിക്കുക. അവരുടെ വേദനകൾ ചെറുതായി കാണാതെ സഹാനുഭൂതിയോടെ ഇടപെടുക. നിങ്ങളുടെ ഒരു ചിരിക്കോ ഒരു വാക്കിനോ ചിലപ്പോൾ തിരികെ കൊണ്ടുവരാനാകുന്നത് ഒരു ജീവിതത്തെയായിരിക്കാം.
കൂടാതെ ഓരോ വ്യക്തിയും സമൂഹവും തന്റെ വാക്കുകൾ കൊണ്ടോ പ്രവർത്തികൾ കൊണ്ടോ മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കുവാൻ ശ്രദ്ധിക്കണം.കാരണം നമ്മുടെ നിർദ്ദോഷകരമായ വാക്കുകൾ പോലും ഒരു വ്യക്തിയെ സ്വാധീനിക്കുന്നത് ആ വ്യക്തിയുടെ ആ സമയത്തെ മാനസികാവസ്ഥയ്ക്ക് അനുസൃതമായിട്ടായിരിക്കും.
ആയതിനാൽ ഓരോ വ്യക്തിയും ഇങ്ങനെയുള്ള കാര്യങ്ങളിൽ ബോധവാന്മാരാകുന്നതോടുകൂടി സമൂഹത്തിന് ഒന്നാകെ ആ ഒരു അവബോധം കൈവരുകയും സമൂഹത്തിന്റെ മാനസിക ആരോഗ്യം കൂടുതൽ മെച്ചപ്പെടുകയും ചെയ്യും. ആരോഗ്യമുള്ള ഒരു മനസ്സുണ്ടെങ്കിൽ മാത്രമേ ആരോഗ്യമുള്ള ഒരു ശരീരം കൊണ്ട് പ്രയോജനമുള്ളൂ. അതു കൊണ്ട് മനസ്സിനെ ശക്തിപ്പെടുത്തേണ്ടത് പരമ പ്രധാനമാണ്.
(ലേഖിക വെറ്ററിനറി സർജൻ)