ഇല്ലാത്ത കാര്യങ്ങൾ കാണുന്നു, ഭയം കാരണം പുറത്തിറങ്ങാൻ വയ്യ; ചികിത്സാനുഭവങ്ങൾ പങ്കിട്ട് സൈക്യാട്രിസ്റ്റ്

Mail This Article
ബൊഗൈൻവില്ല എന്ന പുതിയ അമൽ നീരദ് ചിത്രത്തിനുശേഷം ഹാലൂസിനേഷൻ എന്ന മാനസികാവസ്ഥയെകുറിച്ചുള്ള ചർച്ചകൾ വീണ്ടും പൊതു സമൂഹം ഏറ്റെടുത്തുകഴിഞ്ഞു. മക്കൾ ഇല്ലാത്ത ഒരാൾ തനിക്ക് രണ്ടു മക്കളുണ്ടെന്ന് ചിന്തിച്ച് അവരുടെ ദിനചര്യക്കനുസരിച്ചു ജീവിക്കുന്നു. അതാണ് ബൊഗൈൻവില്ലയിൽ ജ്യോതിർമയിയുടെ കഥാപാത്രം. കാണുന്നതും കേൾക്കുന്നതും അവരുടെ ചിന്തകൾക്കനുസരിച്ചുള്ള മതിഭ്രമ കാഴച്ചകളാവുമ്പോൾ രോഗിയുടെയും കൂടെയുള്ളവരുടെയും ജീവിതം ദുസ്സഹമാകും. ഹാലൂസിനേഷൻ അഥവാ ഇല്ലാത്തത് ഉണ്ടെന്ന തോന്നൽ ചികിൽസ ഏറ്റവും അത്യാവശ്യമായ അവസ്ഥകളിലൊന്നാണ്.
ഉള്ളടക്കം എന്ന കമൽ സിനിമയിൽ ജഗതി കുതിരയെ വിഴുങ്ങി എന്ന് പറഞ്ഞു ആശുപത്രിയിൽ എത്തിക്കുന്ന ഒരു രംഗമുണ്ട്. നമുക്കത് ഒരു തമാശ രംഗമായാണ് തോന്നിയതെങ്കിലും അതൊരു വലിയ മനോരോഗത്തിന്റെ ലക്ഷണങ്ങമാണ്. നിത്യജീവിതത്തിൽ ഇത്തരം അനുഭവങ്ങൾ നമ്മളിൽ പലർക്കും ഉണ്ടായിക്കാണും. എന്നാൽ ഇതെല്ലാം അവർ വെറുതെ പറയുന്നതാണ് എന്ന് പറഞ്ഞു നമ്മൾ പലപ്പോഴും പലരെയും സമൂഹത്തിനു മുന്നിൽ പരിഹാസ കഥാപാത്രങ്ങളാക്കാറുമുണ്ട്.

ഒരു സൈക്യാട്രിസ്റ്റ് എന്ന നിലയിൽ ഇത്തരം നിരവധി രോഗികളെ എനിക്ക് ചികിൽസിക്കേണ്ടിവന്നിട്ടുണ്ട്. രോഗത്തിന്റെ തീവ്രത എത്രത്തോളമെന്ന് ചില അനുഭവങ്ങളിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഒരു ശ്രമമാണിത്. സ്വകാര്യത മാനിച്ച് സാങ്കൽപ്പിക പേരുകൾ ആണ് ഉപയോഗിക്കുന്നത്.
ആജ്ഞകളിലൂടെ തന്നെ ആരോ നിയന്ത്രിക്കാൻ ശ്രമിക്കുന്നു എന്നുള്ളതാണ് വിനോദിന്റെ പ്രശ്നം. പലതും ചെയ്യാൻ തന്നോട് ആവശ്യപ്പെടുന്ന ശബ്ദമാണയാൾ കേൾക്കുന്നത്. ആൾക്കൂട്ട മധ്യത്തിൽ പോലും മറ്റാർക്കും കേൾക്കാനാവാത്ത വിധത്തിൽ തനിക്കത് കേൾക്കാമത്രെ. വ്യക്തമായി തന്നോട് സംസാരിക്കുന്ന വ്യക്തിയെ ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലതാനും. ഭയം മൂലം ജോലിക്ക് പോകുവാനോ വീടിന്റെ പുറത്ത് പോകുവാനോപോലും സാധിക്കാതെ വന്നപ്പോഴാണ് ഭാര്യാസമേതം എന്റെയടുത്ത് വന്നത്.
പുഷ്പലതയുടെ പ്രശ്നവും ഇതിനു സമാനമാണ്. കറുത്ത ഗൗൺ ഇട്ട രണ്ടുപേർ അവരെ പിന്തുടരുന്നത് വ്യക്തമായി കാണുന്നു. മാത്രമല്ല, അവർ പരസ്പരം സംസാരിക്കുന്നത് കേൾക്കാനുമാകും. അവരുടെ പ്രവർത്തികൾ ഒക്കെയും കമന്ററിപോലെ ഈ രൂപങ്ങൾ ഉറക്കെ പറയുന്നുണ്ട്. പുഷ്പലതയെ എങ്ങനെ അപായപ്പെടുത്തണമെന്ന് ഈ രൂപങ്ങൾ പരസ്പരം ചർച്ച ചെയ്യുന്നതും ഇടയ്ക്ക് കേൾക്കാം. ഭയം അനിയന്ത്രിതമായപ്പോൾ കറിക്കത്തി ഉപയോഗിച്ച് കൈത്തണ്ട മുറിച്ച സാഹചര്യത്തിലാണ് സഹോദരിയോടൊപ്പം എന്നെ കാണുവാൻ വന്നത്.
പ്രത്യക്ഷത്തിൽ രണ്ടുപേരുടെയും പ്രശ്നം ഒന്നാണെന്ന് തോന്നിയാലും രണ്ടും രണ്ടാണ്. ഒരാൾ വ്യക്തികളെ കാണാതെ സ്വരങ്ങൾ മാത്രം ശ്രവിക്കുമ്പോൾ മറ്റേയാൾ രൂപങ്ങൾ കാണുകയും ആ രൂപങ്ങളുടെ സ്വരങ്ങൾ ശ്രവിക്കുകയും ചെയ്യുന്നു. ആദ്യത്തേത് അശരീരി മാത്രമാകുന്നുവെങ്കിൽ രണ്ടാമത്തേത് അശരീരിയോടൊപ്പം മായക്കാഴ്ചകളും കാണുന്നു. ഒരു വ്യക്തി ആയിരിക്കുന്ന പരിസരങ്ങളിൽ നിന്ന്, യാതൊരു ഉത്തേജനവും കൂടാതെ, അല്ലെങ്കിൽ ചുറ്റുവട്ടം ആരും സംസാരിക്കാത്തപ്പോൾ അവരുടെ ചെവിയിൽ, മറ്റാർക്കും കേൾക്കാൻ കഴിയാത്ത അശരീരിയോ സ്വരങ്ങളോ കേൾക്കാൻ ഇടയായാൽ ഓഡിറ്ററി ഹാലൂസിനേഷൻ ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അവരുടെ പ്രവർത്തികൾ ഒരു കമന്ററിപോലെയോ, അവരെക്കുറിച്ച് മോശമായി പറയുന്നതായോ, അവരോട് തന്നെ സംസാരിക്കുന്നതോ ആജ്ഞാപിക്കുന്നതോ ആയോ ഒക്കെ കേൾക്കാം. ചിലപ്പോൾ മൈലുകൾക്കപ്പുറത്തുനിന്ന് ഒരു വ്യക്തിയുടെ സ്വരം കേൾക്കാം, എന്തിനേറെ പറയേണ്ടു മറ്റൊരു രാജ്യത്തുനിന്ന് വരെ സ്വരം കേൾക്കാം.

ഇനി ചിലപ്പോൾ ഏതെങ്കിലും തരത്തിലുള്ള ഉത്തേജനം ഉള്ളപ്പോൾ മാത്രം സ്വരം കേൾക്കുന്നു, ആ ഉത്തേജനം അവസാനിക്കുമ്പോൾ സ്വരം നിലയ്ക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് ഫാൻ കറങ്ങി തുടങ്ങുമ്പോൾ സ്വരം കേൾക്കുകയും അതിന്റെ പ്രവർത്തനം അവസാനിക്കുമ്പോൾ സ്വരവും അവസാനിക്കുന്നു. പൈപ്പിൽ നിന്ന് വെള്ളം ഒഴുകി തുടങ്ങുമ്പോൾ അശരീരിയോ സംസാരമോ കേൾക്കുന്നു, വെള്ളം നിലയ്ക്കുമ്പോൾ ഒപ്പം അശരീരിയും അവസാനിക്കുന്നു. ചിലപ്പോൾ പൂച്ചയും മറ്റു മൃഗങ്ങളും മനുഷ്യസ്വരത്തിൽ സംസാരിക്കുന്നതുപോലെ കേൾക്കുകയും കാണുകയും ചെയ്യാം. മറ്റാർക്കും കാണാത്തത് ഒരു വ്യക്തി കാണുമ്പോൾ അതിനെ വിഷ്വൽ ഹാലൂസിനേഷൻ എന്നു വിളിക്കുന്നു. ഇല്ലാത്തത് കാണുന്നതും കേൾക്കുന്നതും മാത്രമല്ല, പഞ്ചേന്ദ്രിയങ്ങളിൽ എല്ലാം തന്നെ ഇത്തരം അനുഭവങ്ങൾ ഒരു വ്യക്തിക്ക് അനുഭവ പ്പെടാം. ഇതിനാണ് ഹാലൂസിനേഷൻ എന്ന് പറയുന്നത്.
സാമാന്യ മനുഷ്യന്റെ ബുദ്ധിക്കും യുക്തിക്കും നിരക്കാത്ത അനുഭവങ്ങളാണ് ഇതൊക്കെ. നാം എന്തൊക്കെ തെളിവുകൾ നിരത്തി പറഞ്ഞാലും അവർക്കത് വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയാണ്. കാഴ്ചയായോ കേൾവിയായോ മാത്രമല്ല ചിലർക്കത് രുചിയായോ മണമായോ സ്പർശമായോ ഒക്കെയും അനുഭവപ്പെടാറുണ്ട്. ഉദാഹരണത്തിന് വായിൽ ഭക്ഷണപദാർത്ഥങ്ങളോ മറ്റു വസ്തുക്കളോ ഇല്ലാത്തപ്പോൾ മധുരമോ കയ്പോ ഒക്കെ അനുഭവപ്പെടുക, ചിലപ്പോൾ കുടിക്കുകയോ കഴിക്കുകയോ ചെയ്യുമ്പോൾ വിചിത്രമായ രുചികൾ അനുഭവ പ്പെടുക, ചുറ്റുവട്ടത്ത് വസ്തുക്കൾ ഇല്ലാത്തപ്പോൾ സുഗന്ധമോ ദുർഗന്ധമോ അനുഭവപ്പെടുക, ശരീരത്തിലൂടെ ദ്രാവകം ഒഴുകുന്ന പോലെയോ ഉറുമ്പരിക്കുന്നത് പോലെയോ തോന്നുക, ഇവയൊക്കെ ഉദാഹരണങ്ങളാണ്.
മായക്കാഴ്ച കാണുന്നതിന് "വിഷ്വൽ ഹാലൂസിനേഷൻ" എന്നും, ഉള്ളിൽ നിന്നോ പുറത്തുനിന്നോ കേൾക്കുന്ന ഇല്ലാത്ത ശബ്ദങ്ങൾ ആണെങ്കിൽ "ഓഡിറ്ററി ഹാലൂസിനേഷൻ" എന്നും വിളിക്കുന്നു. സ്പർശനം പോലെയുള്ള അനുഭവങ്ങൾ ആണെങ്കിൽ "ടക്റ്റൈൽ ഹാലൂസിനേഷൻ" എന്നും, രുചി സംബന്ധമായതാണെങ്കിൽ "ഗസ്റ്റേറ്ററി ഹാലൂസിനേഷൻ" എന്നും ഗന്ധ സംബന്ധമാണെങ്കിൽ "ഓൾഫാക്ടറി ഹാലൂസിനേഷൻ" എന്നും വിളിക്ക പ്പെടുന്നു. ഇല്ലാത്ത ഒന്നിനെ ഉണ്ട് എന്ന് അനുഭവിക്കുന്നതിനെ ഹാലൂസിനേഷൻ എന്ന് ചുരുക്കമായി പറയാം.
മറ്റൊന്ന് ഇല്യൂഷൻ ആണ്. ഇത് അടിസ്ഥാനപരമായി തെറ്റിദ്ധാരണയാണ്. ഒന്നിനെ കണ്ട് മറ്റൊന്നായി തെറ്റിദ്ധരിക്കുന്നു. കാഴ്ചയിൽ മാത്രമല്ല മറ്റ് ഇന്ദ്രിയങ്ങളിലും ആശയങ്ങളിലും ഒക്കെ ഇങ്ങനെ സംഭവിക്കാം.
മലയാളം ഗ്രാമർ പഠിക്കുമ്പോൾ നമ്മൾ കേട്ട ഉൽപ്രേക്ഷയുടെ വിവരണം ശരിക്കും ഇതിന് ചേരും. തെറ്റിദ്ധരിച്ചോ തെറ്റായി വ്യാഖ്യാനിച്ചോ നടന്ന ഒരു സംഭവത്തെ ദുർവ്യാഖ്യാനം ചെയ്താലോ ഈ ഗണത്തിൽ പെടും. ഹാലൂസിനേഷനും ഇല്യൂഷനും തമ്മിൽ വ്യത്യാസമുണ്ട്. ഹാലൂസിനേഷൻ ഇല്ലാത്ത ഒന്നിനെ ഉണ്ട് എന്നു മനസ്സിലാക്കുന്നുവെങ്കിൽ, ഇല്യൂഷനിൽ ഉള്ള ഒന്നിനെ തെറ്റായി മനസ്സിലാക്കുന്നു എന്ന് ലളിതമായി പറയാം.
ഹാലൂസിനേഷൻ എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന് അറിയണ്ടേ?
തലച്ചോറിൽ ഉണ്ടാകുന്ന ചില രോഗങ്ങളുടെ ലക്ഷണമായി ഇത് പ്രത്യക്ഷപ്പെടാം. സ്കിസോഫ്രീനിയ , ബൈപോളാർ ഡിസോഡർ തുടങ്ങിയ മനോരോഗങ്ങളിൽ ഇത് സാധാരണയായി കണ്ടുവരാറുണ്ട്. സ്കിസോഫ്രേനിയ എന്ന മനോരോഗമുള്ളവരിൽ 70 ശതമാനത്തോളം പേർക്ക് മായക്കാഴ്ചകളും, 70 മുതൽ 90% പേർക്ക് ശബ്ദങ്ങൾ കേൾക്കുന്ന അനുഭവങ്ങളും ഉണ്ടാകാറുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഏതാനും പേർക്ക് ചില പ്രത്യേക വാസനകളും രുചികളും ഉണ്ടാകുന്നതായും പറയാറുണ്ട്. ചുരുക്കത്തിൽ സ്കിസോഫ്രീനിയ അഥവാ ചിത്തഭ്രമത്തിന്റെ ഒരു പ്രധാന ലക്ഷണമാണ് ഹാലുസിനേഷൻ എന്ന് പറയാം. പ്രസവാനന്തര മനോരോഗങ്ങളിലും ഹാലൂസിനേഷൻ വളരെയധികം കാണപ്പെടാറുണ്ട്.

മറ്റ് മസ്തിഷ്ക രോഗങ്ങൾ
50 മുതൽ 60 ശതമാനം വരെ പാർക്കിൻസൻസ് അഥവാ കമ്പവാദ രോഗികളിൽ ഹാലൂസിനേഷൻ ഉണ്ടാകുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ഡിമൻഷ്യ അഥവാ മേധാക്ഷയത്തിലും ഇത്തരം അനുഭവങ്ങളുണ്ടാകാം. തുടക്കത്തിൽ അത്ര പ്രകടമല്ലെങ്കിലും രോഗാവസ്ഥയുടെ മൂർധന്യത്തിൽ ഇത് സാധാരണയായി കണ്ടുവരാറുണ്ട്. മറ്റൊന്നുള്ളത് തലച്ചോറിലെ ട്യൂമറുകളാണ്. ട്യൂമറകളുടെ സ്ഥാനമനുസരിച്ച് വിവിധങ്ങളായ ദൃശ്യഗന്ധരുചി ഭ്രമങ്ങളുണ്ടാക്കിയേക്കാം.
അപസ്മാര രോഗത്തോടനുബന്ധിച്ചും ഇത്തരം അനുഭവങ്ങളുണ്ടാകാം. ചില മരുന്നുകൾ കഴിച്ചാൽ അതിന്റെ പാർശ്വഫലമായി ഇത്തരം അനുഭവങ്ങളിലേക്ക് എത്തിപ്പെടാം. മദ്യമുൾപ്പെടെയുള്ള ലഹരിപദാർത്ഥങ്ങളുപയോഗിച്ചാലോ, അതിൻ്റെ പിൻവാങ്ങൽ ലക്ഷണമായോ ഇത്തരം അനുഭവങ്ങളുണ്ടാകാം. മൈഗ്രേൻ അഥവാ കൊടിഞ്ഞിയുടെ മൂർദ്ധന്യാവസ്ഥയിലും ചിലപ്പോൾ ഹാലൂസിനേഷൻ അനുഭവപ്പെടാം. ചിലപ്പോഴെങ്കിലും നാർക്കോലെപ്സി മുതലായ ഉറക്കസംബന്ധമായ അസുഖങ്ങളുള്ളവരിലോ ഉറങ്ങി തുടങ്ങുമ്പോഴോ അല്ലെങ്കിൽ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുമ്പോഴോ ഒക്കെ ഇത്തരം അനുഭവങ്ങൾ ഉണ്ടാകാം. സാധാരണ മറ്റു പ്രശ്നങ്ങളില്ലാത്തയാളുകളിലും മറ്റു ശാരീരിക രോഗങ്ങൾ ഉള്ളവരിലും ചില ഘട്ട ങ്ങളിൽ ഇത്തരം അനുഭവങ്ങൾ ഉണ്ടായേക്കാം. ഉദാഹരണത്തിന് തീവ്രജ്വരം, നിർജലീകരണം, കടുത്ത വേദന , കൊടിയമർദ്ദനം, അപ്രതീക്ഷിത ദുരന്തങ്ങൾ മുതലായവയാണത്.
പരിഹാര മാർഗ്ഗങ്ങൾ
ആദ്യം ഇത് ഹാലൂസിനേഷൻ ആണെന്ന് തിരിച്ചറിയുകയാണ് വേണ്ടത്. ഇതിന് മനോരോഗ ചികിത്സകരുടെ ആവശ്യം തീർച്ചയായും വരും എന്നുള്ളതാണ് വസ്തുത. പലതും നാം ദൈവ പ്രവർത്തിയായും അമാനുഷിക ശക്തിയായും ഒക്കെ വ്യാഖ്യാനിക്കുകയാണ് പതിവ്. ഏത് കാരണം കൊണ്ടാണ് ഒരു വ്യക്തിക്ക് ഹാലൂസിനേഷൻ വന്നത് എന്ന് മനസ്സിലാക്കി ചികിത്സിക്കുകയാണ് പ്രധാനം. ഇതൊരു രോഗലക്ഷണം മാത്രമാണ്. കാരണം കണ്ടുപിടിച്ച് ചികിത്സിച്ചാൽ ഇത് ഭേദമാകുന്നത് തന്നെയാണ് . അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങളെ സൂക്ഷ്മതയോടെ നിരീക്ഷിച്ച് വിദഗ്ധ സഹായം തേടുന്നതിന് നമ്മെ സഹായിക്കുന്നതിന് പ്രേരകമാകട്ടെ ഈ കുറിപ്പ്.
(ലേഖിക എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ കൺസൽട്ടൻറ് സൈക്കയാട്രിസ്റ്റ് ആണ്)