കോവിഡിൽ ശരീരത്തിലെ ഓക്‌സിജന്‍ നില കുറഞ്ഞോ? ഇതാ ജീവന്‍രക്ഷാ പ്രോണിങ്

Mail This Article
ഓക്‌സിജന്‍ വിതരണക്കാരെ തേടി പരസ്യം ചെയ്യേണ്ടി വരുന്ന സർക്കാർ. കാലിയായ ഓക്‌സിജന്‍ സിലിണ്ടറുമായി നെട്ടോട്ടമോടുന്ന ബന്ധുക്കള്‍. ഓക്‌സിജന്‍ പിന്തുണയുള്ള ആശുപത്രി ബെഡ് ലഭിക്കാതെ മരിച്ചു വീഴുന്ന രോഗികള്‍. കോവിഡ് രണ്ടാം തരംഗം നമുക്കു മുന്നില്‍ നിരത്തുന്ന കാഴ്ചകള്‍ ഒരേ സമയം ഭീതിദവും ദുഃഖകരവുമാണ്. കോവിഡ് മൂലം രക്തത്തിലെ ഓക്‌സിജന്റെ അളവ് താഴ്ന്നാണു പല മരണങ്ങളും സംഭവിക്കുന്നത്. ഈയവസ്ഥയില്‍ രോഗിയുടെ ജീവന്‍ രക്ഷിക്കാനും ശരീരത്തിലെ ഓക്‌സിജന്റെ തോത് ഉയര്‍ത്താനും സഹായിക്കുന്ന പ്രക്രിയയാണ് പ്രോണിങ്. ഹോം ഐസലേഷനിലുള്ള കോവിഡ് രോഗികള്‍ക്കു തങ്ങളുടെ ശ്വസനനില മെച്ചപ്പെടുത്താന്‍ പ്രയോഗിച്ച് നോക്കാവുന്ന പ്രോണിങ്ങിന്റെ വിശദാംശങ്ങള്‍ അറിയാം:
എന്താണ് പ്രോണിങ്?
കൃത്യമായതും സുരക്ഷിതവുമായ ചലനങ്ങളിലൂടെ രോഗിയെ കമിഴ്ത്തി കിടത്തുന്ന പ്രക്രിയയാണ് പ്രോണിങ്. വൈദ്യശാസ്ത്രം അംഗീകരിച്ച ഈ പൊസിഷന്‍ ശ്വസന പ്രക്രിയ സുഗമമാക്കുകയും ശരീരത്തിലെ ഓക്‌സിജന്റെ തോത് മെച്ചപ്പെടുത്തുകയും ചെയ്യും. ശ്വാസംമുട്ടല്‍ അനുഭവിക്കുന്ന കോവിഡ് രോഗികള്‍ക്ക് ഇതു വളരെ ഫലപ്രദമാണ്.
പ്രോണ്‍ പോസിഷനിലുള്ള കിടപ്പിന്റെ പ്രാധാന്യം
∙ പ്രോണ്‍ പോസിഷനിലുള്ള കിടപ്പ് ശരീരത്തിലേക്കുളള വായുസഞ്ചാരം വര്‍ധിപ്പിക്കുകയും ശ്വാസകോശത്തിലെ വായു അറകള്‍ തുറന്നു വയ്ക്കുകയും ശ്വസനം എളുപ്പമാക്കുകയും ചെയ്യും.
∙ രോഗിക്ക് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് നേരിടുകയും രക്തത്തിൽ ഓക്‌സിജന്‍ തോത് 94നു താഴേക്കു പോവുകയും ചെയ്താല്‍ മാത്രമേ പ്രോണിങ് ആവശ്യമുള്ളൂ
∙ ഹോം ഐസലേഷന്‍ സമയത്ത് രക്തത്തിലെ ഓക്‌സിജന്റെ തോത്, ശരീര താപനില, രക്ത സമ്മർദ്ദം, രക്തത്തിലെ പഞ്ചസാര എന്നിവയുടെ തോത് നിരന്തരം നിരീക്ഷണവിധേയമാക്കേണ്ടതാണ്.
∙ ഓക്‌സിജന്‍ ചംക്രമണത്തിന്റെ താളം തെറ്റുന്ന ഹിപോക്‌സിയ രോഗിയുടെ നില സങ്കീര്‍ണമാക്കും.
∙ കൃത്യ സമയത്തെ പ്രോണിങ്ങും വായു സഞ്ചാരം ഉറപ്പാക്കലും നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ സഹായകമാണ്.
പ്രോണിങ്ങിൽ തലയിണകളുടെ സ്ഥാനം
∙ ഒരെണ്ണം കഴുത്തിന് താഴെ
∙ ഒന്നോ രണ്ടോ തലയിണകള്‍ തുട മുതല്‍ നെഞ്ച് വരെ
∙ കണങ്കാലിനു താഴെ രണ്ട് തലയിണകള്‍
തനിയെ പ്രോണിങ് നടത്തുന്നതിന്
∙ നാലു മുതല്‍ അഞ്ച് വരെ തലയിണകള്‍ ആവശ്യം
∙ കിടക്കുന്ന പോസിഷന്‍ ഇടയ്ക്കിടെ മാറ്റണം
∙ ഒരു പോസിഷനില്‍ 30 മിനിറ്റിലധികം കിടക്കരുത്
1) ആദ്യം കമിഴ്ന്നു കിടക്കണം

2) തുടർന്ന് വലതു വശത്തേക്കു ചെരിഞ്ഞു കിടക്കണം

3) ശേഷം എണീറ്റിരിക്കണം

4) അടുത്തതായി ഇടതു വശത്തേക്കു ചെരിഞ്ഞു കിടക്കണം

5) ഏറ്റവും ഒടുവില്‍ വീണ്ടും കമിഴ്ന്നും കിടക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
∙ ഭക്ഷണം കഴിച്ച് ഒരു മണിക്കൂര്‍ നേരത്തിനിടയ്ക്ക് പ്രോണിങ് ചെയ്യരുത്
∙ സൗകര്യപ്രദമായി ചെയ്യാന്‍ സാധിക്കാവുന്ന അത്രയും തവണ മാത്രമേ പ്രോണിങ് ചെയ്യാവൂ.
∙ വിവിധ ആവൃത്തികളിലായി ദിവസം 16 മണിക്കൂര്‍ വരെയൊക്കെ ഒരാള്‍ക്ക് പ്രോണിങ് ചെയ്യാം.
∙ സുഖപ്രദമായ രീതിയില്‍ സമ്മര്‍ദ്ധം ചെലുത്തുന്ന ഭാഗങ്ങള്‍ മാറ്റിക്കൊണ്ടു തലയിണകള്‍ ക്രമീകരിക്കാം
∙ സമ്മർദ്ദം ചെലുത്തപ്പെടുന്ന മേഖലകളോ അതുമൂലമുണ്ടാകുന്ന പരുക്കോ, പ്രത്യേകിച്ചും എല്ലുന്തി നില്‍ക്കുന്ന മേഖലകളില്‍ ശ്രദ്ധിക്കണം.
ഈ സാഹചര്യങ്ങളില്‍ പ്രോണിങ് ഒഴിവാക്കാം
1) ഗര്‍ഭകാലം
2) 48 മണിക്കൂറിനുള്ളില്‍ ഡീപ് വെനസ് ത്രോംബോസിസിനു ചികിത്സിക്കപ്പെട്ടവര്‍
3) പ്രധാനപ്പെട്ട ഹൃദ്രോഗ പ്രശ്‌നങ്ങള്‍ ഉള്ളപ്പോള്‍
4) നട്ടെല്ലിനോ തുടയെല്ലിനോ എന്തെങ്കിലും പ്രശ്‌നമുള്ളപ്പോള്‍, വസ്തിപ്രദേശത്ത് പൊട്ടലുകള്‍ ഉള്ളപ്പോള്‍
(പുതുതായി പുറത്തു വരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഈ രീതികളിൽ മാറ്റങ്ങള്‍ വന്നേക്കാം. വിഷയത്തിൽ പഠനങ്ങൾ തുടരുകയാണ്)
English Summary: What is Self Proning and How Can it Help to Improve Oxygen Levels? Here is a Visual Story