ഏത് പ്രവാസിമലയാളിയാണ് ഇത്തരമൊരു വീട് ആഗ്രഹിക്കാത്തത്!
Mail This Article
കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടുള്ള വിശാലമായ രണ്ടേക്കർ പ്ലോട്ടിലാണ് ഉടമസ്ഥൻ വീട് വയ്ക്കാൻ തിരഞ്ഞെടുത്തത്. പ്രവാസിമലയാളിയായ ഗൃഹനാഥന് പരിപാലനം എളുപ്പമുള്ള, എന്നാൽ ഒരു റിസോർട്ടിന്റെ പ്രതീതിയുള്ള വീട് വേണം എന്നതായിരുന്നു ആവശ്യം.
ചരിച്ചു വാർത്തു ഓട് മേഞ്ഞ മേൽക്കൂര പരമ്പരാഗത വീടുകളുടെ രൂപസൗകുമാര്യം നൽകുന്നു. ഒരു വടവൃക്ഷം പോലെ പടർന്നു കിടക്കുകയാണ് വീട്. വീട്ടുകാർ തമ്മിലുള്ള ബന്ധത്തിന്റെ കെട്ടുറപ്പിന് ഒരുനില മതി എന്നാദ്യമേ തീരുമാനിച്ചിരുന്നു. പരിപാലനവും അതാണ് സൗകര്യം.
സിറ്റ് ഔട്ട്,ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, അഞ്ചു കിടപ്പുമുറികൾ, പ്രെയർ ഏരിയ, സ്വിമ്മിങ് പൂൾ എന്നിവയാണ് 4500 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. കൃത്രിമമായ അലങ്കാരങ്ങൾ ഒന്നും അകത്ത് കുത്തിനിറച്ചിട്ടില്ല. ‘എർത്തി’ നിറങ്ങളും ടെക്സ്ചറുകളുമാണ് അകത്തളത്തിൽ കൂടുതൽ കാണാൻ കഴിയുക.
രണ്ടു സോണുകളായി തിരിച്ചാണ് ഇടങ്ങൾ ചിട്ടപ്പെടുത്തിയത്. സ്വിമ്മിങ് പൂളാണ് വീടിന്റെ കേന്ദ്രഭാഗം. ഇതിന് സമീപമാണ് അതിഥികൾക്കുള്ള ഇടവും വീട്ടുകാർക്ക് ഒത്തുകൂടാനുള്ള ഇടങ്ങളും. അകത്തേക്ക് കയറുമ്പോൾ സർപ്രൈസ് ഒരുക്കി കാത്തിരിക്കുന്നത് രണ്ടു കോർട്യാർഡുകളാണ്. വീട്ടുകാരും അതിഥികളും ഒത്തുചേരുന്ന ഇടത്താണ് ഒരു കോർട്യാർഡ്. മറ്റൊന്ന് കിടപ്പുമുറികളോട് ചേർന്നും. വീടിനുള്ളിൽ പ്രകൃതിയുടെ നിറഞ്ഞ സാന്നിധ്യം ഒരുക്കാൻ രണ്ടു നടുമുറ്റങ്ങളും സഹായിക്കുന്നു.
കിടപ്പുമുറികൾ തുറക്കുന്നത് പൂളിന്റെയും ഉദ്യാനത്തിന്റെയും മനോഹാരിതയിലേക്കാണ്. സ്റ്റോറേജ് സൗകര്യങ്ങൾ മുറികളിൽ നൽകിയിട്ടുണ്ട്. ഉപയോഗക്ഷമതയുള്ള അടുക്കളയാണ് നൽകിയത്. സമീപം വർക്കേരിയയും നൽകി.
ഇനി വീടുപണിക്ക് മുൻപൊരു വെല്ലുവിളി പരിഹരിച്ച കാര്യം പറയാം.. റോഡ് നിരപ്പിൽ നിന്നും താഴ്ന്നുകിടക്കുന്ന പ്ലോട്ടിലായിരുന്നു സമീപത്തെ ഉയർന്ന സ്ഥലത്തുനിന്നുള്ള വെള്ളം പതിച്ചിരുന്നത്. ഇതിന് പരിഹാരമായി വീടിനുചുറ്റും ചെറിയ കിടങ്ങുപോലെ കുഴിച്ചു. എന്നിട്ട് മഴവെള്ളത്തെ പാത്തിയിലൂടെ ഒരു ടാങ്കിലെത്തിച്ചു. ഇപ്പോൾ മഴക്കാലത്ത് വെള്ളക്കെട്ടിന്റെ പ്രശ്നമില്ല എന്നുമാത്രമല്ല തോട്ടം നനയ്ക്കാനും മറ്റും ഈ വെള്ളമാണ് ഉപയോഗിക്കുന്നത്.
പ്രകൃതിയുമായി ഇഴുകിച്ചേർന്നുള്ള ജീവിതം ആസ്വദിക്കാൻ ക്ഷണിക്കുന്ന വീടിന്റെ ശീതളഛായയിലേക്ക് മടങ്ങിയെത്താൻ കാത്തിരിക്കുകയാണ് ഉടമസ്ഥൻ.
Project facts
Location- Kanhangad, Kasargod
Plot- 2 Acre
Area- 4500 SFT
Owner- Mehmood
Architect- Rakesh Kakkoth
Studio acis, Kochi
Mob- 94976 06116
Content Summary: Single Storeyed House with Open to Nature Interiors; Home Plan