ഒരുനിലയാണ് സന്തോഷം: മനസ്സ് നിറയ്ക്കുന്ന വീട്

Mail This Article
നാമെല്ലാം ആഗ്രഹിക്കുന്ന വീടിന്റെ പൊതുഘടകങ്ങൾ എന്തെല്ലാമാണ്? കാറ്റും വെളിച്ചവും സൗകര്യങ്ങളും എന്ന് ഒറ്റവാചകത്തിൽ പറയാൻ സാധിക്കുമെങ്കിൽ അത്തരമൊരു വീടിന്റെ കഥ പറയട്ടെ...
കാഞ്ഞിരപ്പള്ളി കൊച്ചുകരിമ്പനാൽ പാട്ടപ്പറമ്പിൽ റെജി സെബാസ്റ്റ്യനും ഭാര്യ റെജിയും മകൻ റിച്ചുവും മനസ്സ് നിറയെ ആഗ്രഹിച്ചതും മേൽപറഞ്ഞ വാചകം അന്വർത്ഥമാക്കുന്ന ഒരുനില വീടായിരുന്നു.

കാഞ്ഞിരപ്പള്ളിയിലെ 160 വർഷങ്ങൾക്ക് മേൽ പഴക്കമുള്ള പൗരാണിക വീടുകളിലൊന്നായ കൊച്ചുകരിമ്പനാൽ കുടുംബത്തിലായിരുന്നു റെജിയും കുടുംബവും താമസിച്ചിരുന്നത്. പഴയവീട് സ്ഥിതിചെയ്യുന്ന പറമ്പിന്റെ പൊതുവഴിയോട് ചേർന്നുള്ള പ്ലോട്ടായിരുന്നു റെജി പുതിയ വീട് വയ്ക്കുവാനായി തിരഞ്ഞെടുത്തത്.

റൂഫിങ് പാറ്റേണിലടക്കം പരമ്പരാഗത, മോഡേൺ ആശയങ്ങളുടെ സങ്കലനരീതിയിലാണ് ഈ വീടിന്റെ രൂപകല്പന, ഡിസൈൻ എൻജിനീയർ ശ്രീകാന്ത് പങ്ങപ്പാട്ട് തയ്യാറാക്കി നൽകിയത്.

നീളൻ വരാന്ത, ഫോർമൽ വിസിറ്റിങ് മുറി, ഫാമിലി ലിവിങ്, ഡൈനിങ്, ഹാൾ, പ്രാർത്ഥനാ ഇടം, സെൻട്രൽ ഡ്രൈ കോർട്ട്യാർഡ് എന്നീ പൊതുഇടസൗകര്യങ്ങളും അറ്റാച്ച്ഡ് ബാത്ത്റൂമുകളുള്ള വിശാലമായ നാല് കിടപ്പുമുറികളും, മോഡേൺ കിച്ചൺ, വർക്ക് ഏരിയ, സ്റ്റോർ, സ്റ്റെയർകെയ്സ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ഉൾക്കൊള്ളിച്ചാണ് ഈ ഒരുനില വീടിന്റെ രൂപകല്പന പൂർത്തീകരിച്ചത്.

മുറ്റത്ത് തെല്ലുമാറി കാർ പാർക്ക് സൗകര്യവും ഒരുക്കിയിട്ടുണ്ട്. എലിവേഷനിൽ നൂതന കന്റെംപ്രറി ആശയങ്ങൾ ഉൾക്കൊള്ളിച്ച് മഴക്കാലത്തെ പ്രതിരോധിക്കുന്ന ചെരിവ് ഷെയ്ഡുകൾ നൽകി മനോഹരമാക്കിയിരിക്കുന്നു. ഫ്ളാറ്റ് റൂഫ് വാർത്ത്, യൂട്ടിലിറ്റി സ്പേസ് നൽകി, ട്രസ് റൂഫിൽ ചെരിവ് മേൽക്കൂര കൊടുത്തിരിക്കുന്ന വീട് 2700 സ്ക്വയർഫീറ്റിലാണ് ഒരുക്കിയിരിക്കുന്നത്.

കിഴക്ക് വശത്തായി ഫാമിലി ലിവിങ് ഏരിയയിൽ നൽകിയ വലിയ UPVC ജനാലയിലൂടെയും റൂഫ് പർഗോളയിലൂടെയും 12 മണിക്കൂറും വെളിച്ചം വീടിനുള്ളിൽ നിറയുന്നു.

ചെടികൾ ഇഷ്ടപ്പെടുന്ന കുടുംബത്തിനായി ഇൻഡോർ പ്ലാന്റുകൾ നിറഞ്ഞ വലിയ ഔട്ടർവാൾ കോർട്യാർഡും ഈ വീടിനുള്ളിലെ കാഴ്ചകൾ കൂടുതൽ ഭംഗിയാക്കുന്നു.

വീട് കാണാനെത്തുന്നവരും കയ്യടിച്ച് സമ്മതിക്കുന്നു കാറ്റും വെളിച്ചവും സൗകര്യങ്ങളും ഒത്തിണങ്ങിയ ഞങ്ങളാഗ്രഹിച്ച ഒരുനില വീടിതാ.....
Project facts
Location- Kanjirappally
Area- 2700 Sq.ft
Owner- Reji Sebastian
Design- P.G Sreekanth
PG Group of Designs, Kanjirappally
Mob- 9447114080
English Summary- Traditional Modern House- Veedu Magazine Malayalam