മണ്ണും മുളയും കൊണ്ട് സ്വയം വീട് പണിയാനിറങ്ങിയ ടെക്കി; ചെലവ് 10 ലക്ഷം!
Mail This Article
ബെംഗളൂരു നഗരം ഇന്ത്യയുടെ ഗാര്‍ഡന്‍ സിറ്റിയില്‍ നിന്നും സിലിക്കന്‍ വാലിയായി മാറുന്ന കാഴ്ച കണ്ട ആളാണ് 40-കാരനായ ഉമ ശങ്കര്‍ ഗുരു. ഈ മാറ്റം സത്യത്തില്‍ ഒട്ടും പോസിറ്റീവായല്ല അദ്ദേഹം കണ്ടത്. ശാന്തസുന്ദരമായ ഒരു പ്രദേശം പെട്ടെന്ന് കോണ്‍ക്രീറ്റ് കാടായി മാറുകയായിരുന്നു. അതുകൊണ്ടുതന്നെ തനിക്ക് ഈ നഗരത്തില്‍ ഒരു വീട് ഉണ്ടായാല്‍ അത് പ്രകൃതിയോടു ചേര്‍ന്ന് നില്‍ക്കണം എന്നദ്ദേഹം ഉറപ്പിച്ചു. അങ്ങനെയാണ് ആരെയും വിസ്മയിപ്പിക്കുന്ന ഈ മൺവീടിന്റെ പിറവി.
2017 ല്‍ തമിഴ്നാട്ടില്‍ വച്ച് ആര്‍ക്കിടെകറ്റ് ബിജു ഭാസ്കര്‍ നടത്തിയ ഒരു വര്‍ക്ക് ഷോപ്പില്‍ പങ്കെടുത്തതോടെ ചെളിയും തടിയും കൊണ്ട് വീട് നിര്‍മ്മിക്കാം എന്ന ആശയത്തിന് ബലം കിട്ടി. സ്വന്തമായി ഉണ്ടായിരുന്ന രണ്ടേക്കര്‍ സ്ഥലമാണ് അദ്ദേഹം വീട് വയ്ക്കാന്‍ എടുത്തത്. ഈ സ്ഥലത്ത് അത്യാവശ്യം കൃഷിയും ഉമ നടത്തുന്നുണ്ട്.
1600 ചതുരശ്രയടിയാണ് വീട്. മണ്ണ്, ചുണ്ണാമ്പ്കല്ല്, തടി എന്നിവയാണ് വീടിന്റെ നിര്‍മ്മാണവസ്തുക്കള്‍. ചെളിമണ്ണും ചരലും വയ്ക്കോലും ചേര്‍ന്ന മിശ്രിതമാണ് സിമന്റിനു പകരം ഉപയോഗിച്ചത്. രണ്ടു ബെഡ്റൂം ഉള്ളതാണ് വീട്. ഫര്‍ണിച്ചര്‍ വാങ്ങി അധികം പണം കളയാതെ വീടിന്റെ ചിമ്മിനി, അലമാര എല്ലാം മുള കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. രാജസ്ഥാനി പ്ലാസ്റ്റര്‍ ടെക്നിക് ആണ് വീട് വാട്ടര്‍ പ്രൂഫ് ആക്കാന്‍ ഉപയോഗിച്ചത്. തറയില്‍ ടെറാക്കോട്ട ടൈലുകള്‍ വിരിച്ചു.
മൺവീട് എന്ന് കേൾക്കുമ്പോൾ ഉറപ്പിനെച്ചൊല്ലി പലരും നെറ്റി ചുളിക്കാറുണ്ട്. പക്ഷേ കോൺക്രീറ്റ് നിർമിതി പോലെത്തന്നെ ഉറപ്പും ഈടുമുള്ളതാണ് മണ്ണും മുളയും കൊണ്ടുള്ള ചട്ടക്കൂട്. നിരവധി വർഷങ്ങൾ കേടുകൂടാതെ ഇവ നിലനിൽക്കും. ഉമ പറയുന്നു. ഏതു കടുത്ത ചൂട് കാലത്തും ഈ വീട്ടിനുള്ളില്‍ തണുപ്പാണ്. തീർന്നില്ല, വെറും പത്തുലക്ഷം രൂപയാണ് ചെലവ് എന്ന് കൂടി കേൾക്കുമ്പോഴാണ് വീടിന്റെ മഹത്വം ബോധ്യമാവുക.