ADVERTISEMENT

കൊക്കോ കർഷകരെ സമ്മർദ്ദത്തിലാക്കി പല തോട്ടങ്ങളിലും കായകൾ കൊഴിഞ്ഞു വീഴുന്നു. മാസാരംഭത്തിലെ കനത്ത മഴതന്നെയാണ്‌ കായകളെ ദോഷകരമായി ബാധിച്ചത്‌. ലോറേഞ്ചിലെ പല തോട്ടങ്ങളിലും മധ്യവിളവെടുപ്പിനു സജ്ജമായ കൊക്കോയാണ്‌ കറുത്ത്‌ ഉപയോഗശൂന്യമാവുന്നത്‌. കാർഷിക മേഖലയുടെ പ്രതീക്ഷയ്‌ക്കൊത്ത്‌ പുതിയ കൊക്കോ ക്രിസ്‌മസിനു മുന്നേ ഇറക്കാനാവില്ലെന്നാണ്‌ ഉൽപാദകരിൽനിന്നുള്ള വിവരം. മധ്യകേരളത്തിൽ കിലോ 730 രൂപയിലും ഹൈറേഞ്ചിൽ 760 രൂപയിലും കൊക്കോയുടെ വ്യാപാരം നടന്നു. നിരക്ക്‌ ഉയരുന്നതിനിടയിലും ചോക്ലേറ്റ്‌ വ്യവസായികൾ നേരിട്ടുള്ള ചരക്ക്‌ സംഭരണം കുറച്ചു. 

കൊപ്രയാട്ട്‌ വ്യവസായ രംഗത്തുള്ള മുൻനിര കമ്പനികൾ വില ഉയർത്തി ഉൽപ്പന്നം ശേഖരിക്കാൻ ശ്രമം തുടരുകയാണ്‌. ഓഫ്‌ സീസണായതിനാൽ മില്ലുകാരുടെ കണക്കുകൂട്ടലിനൊത്ത്‌ ചരക്ക്‌ ലഭിക്കുന്നില്ല. കേരഫെഡ്‌ കിലോ 140 രൂപ വരെ കൊപ്രയ്‌ക്ക്‌ വാഗ്‌ദാനം ചെയ്‌തപ്പോൾ ഒരു ബഹുരാഷ്‌ട്ര കമ്പനികൾ തമിഴ്‌നാട് വിപണിയിൽ ചരക്കു സംഭരണത്തിന്‌ വ്യാപകമായി വല വീശിയതായാണ്‌ വിവരം. എന്നാൽ നിരക്ക്‌ വ്യക്തമാക്കാതെ കിട്ടുന്ന വിലയ്‌ക്ക്‌ അവർ ചരക്ക്‌ സംഭരിക്കുകയാണ്‌. കാങ്കയത്ത്‌ ഇന്നലെ വെളിച്ചെണ്ണ വില അൽപം താഴ്‌ന്നെങ്കിലും കൊപ്ര വില സ്റ്റെഡി. 

table-price2-dec-18

യുഎസ്‌ ഫെഡ്‌ യോഗ തീരുമാനങ്ങളെ ഉറ്റ്‌ നോക്കുകയാണ്‌ ചൈനീസ്‌ വ്യവസായിക മേഖല, പലിശ നിരക്കുകളിൽ അമേരിക്ക  ഭേദഗതികൾ പ്രഖ്യാപിച്ചാൽ സാമ്പത്തിക മേഖല കൂടുതൽ പ്രതിസന്ധിയിലേക്ക്‌ നീങ്ങുമെന്ന ആശങ്കയിൽ ബീജിങ്‌ വ്യവസായികൾ റബർ സംഭരണം നിയന്ത്രിച്ചു. അസംസ്‌കൃത വസ്‌തുക്കൾ ഏറ്റവും താഴ്‌ന്ന വിലയ്‌ക്ക്‌ ശേഖരിക്കാനുള്ള ശ്രമത്തിലാണവർ. ഏഷ്യൻ മാർക്കറ്റുകളിൽ റബർ അവധി നിരക്കുകളെ ബാധിച്ച തളർച്ച തുടരുന്നു. ഇതിനിടെ ഡോളറിനു മുന്നിൽ യെൻ കൂടുതൽ ദുർബലമായിട്ടും വിദേശ നിക്ഷേപകർ ഒസാക്ക എക്‌സ്‌ചേഞ്ചിനോട്‌ മുഖം തിരിച്ചത്‌ റബർ ഉൽപാദന രാജ്യങ്ങളിൽ ആശങ്കപരത്തി. കേരളത്തിൽ തണുപ്പ്‌ ശക്തമായതോടെ പല ഭാഗങ്ങളിലും യീൽഡ്‌ ഉയർന്നു. നാലാം ഗ്രേഡ്‌ കിലോ 191 രൂപയിൽനിന്നും 189ലേക്ക്‌ താഴ്‌ന്നു. 

English Summary:

Kerala Cocoa Crisis: Heavy Rains Devastate Crops, Prices Soar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com