ലഭ്യത കുറഞ്ഞു, റബറിന് നേരിയ ചലനം; നിലനിൽപ്പിന് ക്ലേശിച്ച് ഏലക്ക: ഇന്നത്തെ (28/1/25) അന്തിമ വില
![rubber rubber](https://img-mm.manoramaonline.com/content/dam/mm/mo/karshakasree/agri-news/images/2025/1/28/rubber.jpg?w=1120&h=583)
Mail This Article
ലൂണാർ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ചൈനീസ് വ്യവസായികൾ സാർവദേശീയ റബർ വിപണിയിൽനിന്നും പിന്മാറി. ഇനി ഫെബ്രുവരി രണ്ടാം വാരത്തിൽ മാത്രമേ അവർ രംഗത്ത് സജീവമാകൂ. വ്യവസായികളുടെ പിന്മാറ്റം കണ്ട് നിക്ഷേപകർ അവധി വ്യാപാര കേന്ദ്രങ്ങളിൽനിന്നും അകന്നെങ്കിലും ഇന്നലെ ഡോളറിനു മുന്നിൽ മികവ് കാണിച്ച യെന്നിന്റെ മൂല്യം വീണ്ടും തളർന്നത് ഒരു വിഭാഗം ഓപ്പറേറ്റർമാരെ ഒസാക്ക എക്‌സ്‌ചേഞ്ചിൽ ബാധ്യതകൾ വിറ്റുമാറാൻ പ്രേരിപ്പിച്ചു. ഊഹക്കച്ചവടക്കാർ കവറിങിനു കാണിച്ച തിടുക്കത്തിൽ ജപ്പാനിൽ റബർ ഏപ്രിൽ അവധി കിലോ 381ൽനിന്നും 388 യെന്നിലേക്ക് ഉയർന്നു. എന്നാൽ ഇത് മറ്റ് അവധി വ്യാപാര കേന്ദ്രങ്ങളിൽ ചലനമുളവാക്കിയില്ല. റെഡി മാർക്കറ്റായ ബാങ്കോക്കിൽ ഉൽപ്പന്നം മികവിലാണ്. സംസ്ഥാനത്ത് വിൽപ്പനക്കാരുടെ അഭാവത്തിൽ നാലാം ഗ്രേഡ് കിലോ 191 രൂപയായി ഉയർന്നു. പകൽ ചൂട് കനത്തതോടെ പല ഭാഗങ്ങളിലും മരങ്ങളിൽനിന്നുള്ള പാൽ ലഭ്യത ചുരുങ്ങി.
ഇന്ത്യൻ കുരുമുളക് വിലയിൽ ഇന്നലെ അനുഭവപ്പെട്ട വൻ കുതിച്ചുചാട്ടം യുഎസ്‐യൂറോപ്യൻ ബയ്യർമാരുടെ ശ്രദ്ധ രാജ്യാന്തര വിപണിയിലേക്ക് തിരിച്ചു. മുൻനിര കയറ്റുമതി രാജ്യങ്ങളെല്ലാം തന്നെ തിരക്കിട്ട് പുതിയ വിദേശ വ്യാപാരങ്ങൾ ഉറപ്പിക്കാനുള്ള ശ്രമത്തിലാണെങ്കിലും ക്വട്ടേഷൻ നിരക്കിൽ മാറ്റം വരുത്താതെ മുന്നിലുള്ള രണ്ടു മാസങ്ങളിലേക്ക് പരമാവധി വ്യാപാരങ്ങൾക്ക് ഇന്തോനേഷ്യയും ബ്രസീലും ശ്രമം തുടങ്ങി. ലൂണാർ ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി വിയറ്റ്‌നാമിലെ ചൈനീസ് വംശജരായ കയറ്റുമതിക്കാർ രംഗത്തുനിന്നും പൂർണമായി അകന്നു. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളകിന് 300 രൂപ ഉയർന്ന് 67,100 രൂപയായി. രണ്ടു ദിവസം കൊണ്ട് ക്വിന്റലിന് 800 രൂപ വർധിച്ചു.
![table-price2-jan-28 table-price2-jan-28](https://img-mm.manoramaonline.com/content/dam/mm/mo/karshakasree/agri-news/images/2025/1/28/table-price2-jan-28.jpg)
ഏലക്ക ലേല കേന്ദ്രങ്ങളിൽ ശരാശരി ഇനങ്ങൾ മികവ് നിലനിർത്താൻ ക്ലേശിക്കുന്നു. തുടർച്ചയായ മൂന്നാം ലേലത്തിലും മൂവായിരം രൂപയ്‌ക്കു മുകളിൽ ഇടം കണ്ടെത്താനാവാതെ ഉൽപ്പന്നം അൽപ്പം പരുങ്ങലിലാണ്. വിൽപ്പനയ്‌ക്കുള്ള ചരക്കുവരവ് കനത്തതുകണ്ട് അന്തർസംസ്ഥാന വാങ്ങലുകാർ ചുവട് അൽപ്പം മാറ്റി സ്റ്റോക്കിസ്റ്റുകളെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമത്തിലാണ്. മൊത്തം 65,180 കിലോ ഏലക്ക ലേലത്തിന് എത്തിയതിൽ 58,191 കിലോയും വിറ്റഴിഞ്ഞു. ശരാശരി ഇനങ്ങൾ കിലോ 2924 രൂപയിലും വലുപ്പം കൂടി ഇനങ്ങൾ 3235 രൂപയിലും ലേലം കൊണ്ടു.