ADVERTISEMENT

മുയലുകളെ കൗതുകത്തിനു വളർത്തുന്നവർക്കും വരുമാനമാർഗമായി വളർത്തുന്നവർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കും മുയലുകളുടെ കാലോ കയ്യോ ഒടിഞ്ഞാൽ. പലപ്പോഴും കൂടിന്റെ വലയ്ക്കുള്ളിൽ കാല് പെട്ട് ഒടിയുകയാണ് ചെയ്യുക. മാത്രമല്ല, നായ്ക്കളുടെ ശല്യമുള്ള സ്ഥലങ്ങളിൽ അവയുടെ ആക്രമണം മൂലവും കാലൊടിയാം. നായ്ക്കൾ മുയലുകളെ കാൽ കടിച്ചു മുറിച്ചെടുക്കുന്ന അവസരങ്ങളുമുണ്ട്.

ഒന്നോ രണ്ടോ മുയലുകളെ വളർത്തുന്നവർക്ക് ഇത്തരത്തിൽ മുയലിന് അപകടം സംഭവിച്ചാൽ വലിയ മാനസിക വിഷമം ഉണ്ടാകും. ഇനിയെന്തു ചെയ്യണം എന്ന ചോദ്യവും അവർക്കു മുന്നിലുണ്ട്. ചെറിയ ജീവിയായതിനാലും പെട്ടെന്ന് അസുഖങ്ങൾ വരുമെന്നതിനാലും ഇത്തരത്തിൽ കാലോ കയ്യോ ഒടിഞ്ഞാൽ പൂർണമായും പഴയരീതിയിലേക്ക് എത്തിക്കാൻ കഴിഞ്ഞെന്നുവരില്ല. എങ്കിലും പ്ലാസ്റ്റർ ഇട്ട് ഒടിഞ്ഞ ഭാഗം ചികിത്സിക്കാൻ കഴിയും.

കാൽ ഒടിയുമ്പോൾ രണ്ടു രീതിയിൽ സംഭവിക്കാം. കാൽ പൂർണമായും ഒടിഞ്ഞ് തൊലിയിൽ തൂങ്ങിക്കിടക്കുകയോ ഒടിഞ്ഞ എല്ല് കുത്തിയിറങ്ങി തോലി മുറിഞ്ഞ് എല്ല് പുറത്തേക്ക് വരികയോ ചെയ്യാം. ഇത്തരം സാഹചര്യങ്ങളിൽ അടുത്തുള്ള വെറ്ററനിറി ആശുപത്രിയുടെ സേവനം തേടുന്നതാണ് ഉചിതം. കാൽ മുറിഞ്ഞുപോയാൽ ആവശ്യമായ മരുന്നുകൾ നൽകി തുന്നലിട്ടാൽ മുറിവ് ഉണങ്ങി മുയൽ ആരോഗ്യം വീണ്ടെടുക്കും. ഒരു അവയവമില്ലാത്തതിന്റെ ബുദ്ധിമുട്ട് മുയലിന് ഉണ്ടാകുമെന്നു മാത്രം.

വലിയ ഫാം നടത്തുമ്പോൾ ഇത്തരത്തിൽ കൂടിനടിയിൽപ്പെട്ടുള്ള ഒടിവുകൾ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കും. അതുകൊണ്ടുതന്നെ അത്തരം മുയലുകളെ ഇറച്ചിയാവശ്യത്തിലേക്ക് മാറ്റുകയാണ് പതിവ്.  പരിക്കേൽക്കുന്ന മുയലുകൾ തീറ്റ എടുക്കാൻ മടിക്കുകയും അതുവഴി ആരോഗ്യം നഷ്ടപ്പെടുകയും ചെയ്യും. അതുകൊണ്ടുതന്നെ കൃത്യമായ പരിചരണം വേണം. 

കൂടിന് ഇടയിൽ കാൽ പെട്ട് തുടയെല്ല് ഒടിഞ്ഞ മുയലിന് തൊടുപുഴയിലുള്ള ഇടുക്കി ജില്ലാ വെറ്ററിനറി ആശുപത്രിയിൽ പ്ലാസ്റ്റർ ഇടുന്നതാണ് ചുവടെയുള്ള വിഡിയോയിലുള്ളത്. വിഡിയോ കാണാം...

English summary: Rabbit Broken Leg Treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com