ADVERTISEMENT

"ഇതാണ് ജാനകിക്കാട്..." മഹേന്ദ്രൻ എന്ന മഹി കൈയിലിരുന്ന ചാർട്ട് പേപ്പർ മേശപ്പുറത്തേയ്ക്ക് നിവർത്തി.

"ഇത് തെക്കൻ തേവർ കോവിൽ. ജാനകിക്കാടിന്റെ അതിർത്തി തിരിക്കുന്നത് ഇവിടെ നിന്നാണ്. ഭഗവാൻ ശിവന്റെ രുദ്ര പ്രതിഷ്ഠ ആണിത്. ശിവലിംഗത്തെ ചുറ്റി യമദൂതിക എന്ന നീല സർപ്പം എപ്പോഴും ഉണ്ടെന്നാണ് പറയപ്പെടുന്നത് ..."

മഹിയുടെ മുഖത്തേക്ക് നോക്കി നിൽക്കുകയായിരുന്നു മറ്റ് അഞ്ചു പേർ.

സച്ചിൻ സേവ്യർ, തനുജ ഭട്ടതിരി, ശ്രേയാ മരിയ, ഫയാസ്, ഫാത്തിമ! ഇണപിരിയാത്ത ജോടികൾ. കൊല്ലാനും ചാവാനും ഒന്നിച്ച്.

അടിയന്തരമായി കുറിച്ചധികം പണം വേണം. ആറു പേരുടെയും ലക്ഷ്യം ഒന്നു തന്നെ. വീട്ടിൽ അത്യാവശ്യം ചുറ്റുപാട് ഒക്കെ ഉള്ളവർ ആണെങ്കിലും അടിച്ചു പൊളിക്ക് അതൊന്നും തികയുന്നില്ല. പെട്ടെന്നു പണം കണ്ടെത്താൻ പല വഴികളും ആലോചിച്ചു.

പക്ഷേ, എല്ലാം എവിടെങ്കിലും ചെന്ന് ഇടിച്ചു നിൽക്കും. അപ്പോഴാണ് മഹേന്ദ്രൻ 'കപ്പിത്താൻ' എന്നൊരാളെ ബാറിൽ വച്ച് അവിചാരിതമായി പരിചയപ്പെടുന്നതും ഒരു വഴി മുമ്പിൽ തെളിയുന്നതും.

"ദേ ... ആദ്യമേ ഒരു കാര്യം കൂടി പറഞ്ഞേക്കാം" മഹേന്ദ്രൻ എല്ലാവരെയും നോക്കി.

"ഈ മിഷനിൽ നമ്മൾ വിജയിച്ചാൽ സമ്പത്തു വന്ന് നമ്മളെ മൂടും. ഒന്നും രണ്ടുമല്ല ഏതാണ്ട് അറുപത് കോടി രൂപ. ഒരാൾക്ക് പത്ത് സി ആർ വച്ച്. പക്ഷേ, മരണഭയം ഉള്ളവർ ഈ മിഷന് ഇറങ്ങരുത്. കാരണം, മരണം പത്തി വിരിച്ച് പിന്നാലെ ഉണ്ടാവും."

"ചത്തു കഴിഞ്ഞിട്ട് കാശ് എന്നാത്തിനാ... ഒപ്പീസ് ചൊല്ലി കുഴിയിൽ ഇടാനോ?" ശ്രേയ ആന്റണി ചുണ്ടു കൂർപ്പിച്ചു.

"മോളേ ശ്രേയേ... " മഹേന്ദ്രൻ ശ്രേയാ ആന്റണിയെ നോക്കി.

"പാലായിലെ പിശുക്കൻ പ്ലാൻറർ ആൻറണി ഇട്ടിയുടെ മോളേ... ഈ നിൽക്കുന്ന സച്ചിന്റെ ഫാവി ഫാരികേ... അച്ചായനും അച്ചായത്തിക്കും കല്യാണം കഴിഞ്ഞ് ലോകം ചുറ്റിയടിക്കാൻ കാശ് വേണ്ടേ. പ്ലാസനാൽ കുന്നേലെ റബ്ബർ എല്ലാം കൂടി കടുംവെട്ട് വെട്ടിയാലും അതിനുള്ളത് കിട്ടത്തില്ല. പിന്നെ, നമ്മക്ക് പോയി നാസിക്കിലെ പ്രസ്സീന്ന് നോട്ട് അടിക്കുന്ന കമ്മട്ടം അടിച്ചു മാറ്റിക്കൊണ്ട് വരാൻ കഴിയുമോ... അതുമില്ല. അപ്പോൾ പിന്നെ, പൂച്ചയ്ക്ക് പുല്ലു പറിച്ചു കൊടുക്കുന്ന പണി കൊണ്ട് നടക്കില്ല.

പകരം പാമ്പിന്റെ പല്ല് പറിക്കുക തന്നെ വേണം"

"ഞ... ഞ്ഞ... ഞഞ്ഞാ...." ശ്രേയ ആന്റണി മഹേന്ദ്രനു നേരെ കൊഞ്ഞനം കുത്തി.

"നീ പറയ് മച്ചു... " ഫയാസ് മഹേന്ദ്രനെ നോക്കി.

"നൂറു കിലോ സ്വർണ്ണം. അതാണ് ജാനകിക്കാട്ടിൽ നിന്ന് നമ്മൾ കൊണ്ടു വരേണ്ടത്. "

"സ്വർണ്ണമോ.. " ഫയാസിന്റെ മുഖം ചുളിഞ്ഞു.

"എന്നാപ്പിന്നെ ഗൾഫീന്ന് സ്വർണ്ണം കടത്തിയാൽ പോരേ. ഈ ഗോൾഡ് കാരിയറിന്റെ പണി ഒന്നും എനിക്ക് പറ്റത്തില്ല."

"ആദ്യം പറയുന്നത് മുഴുവൻ കേൾക്കെടാ കോപ്പേ ..." മഹേന്ദ്രന് ദേഷ്യം വന്നു

"തോക്കിൽ കയറി വെടി വയ്ക്കാതെ ... "

"തോക്കും പീരങ്കിയും ഒക്കെ അവിടിരിക്കട്ട്. ആദ്യം നീ കപ്പിത്താൻ എന്നു പറഞ്ഞവൻ എന്താണ് പറഞ്ഞത് എന്നു തെളിച്ച് പറയ് "

"പറയാം" മഹേന്ദ്രൻ എല്ലാവരെയും നോക്കി.

"ആദ്യം ലൊക്കേഷൻ വിശദമായി കേട്ടോ. അന്നേരം ഏറ്റെടുത്തിരിക്കുന്ന മിഷന്റെ വലിപ്പവും അപകടവും മനസ്സിലാവും.."

"അത്രയ്ക്ക് ഡേഞ്ചറാണോ ഭായ്.. " സച്ചിൻ നെറ്റി ചുളിച്ചു.

"നമ്മള് കളിക്കാൻ പോവുന്നത് മനുഷ്യരോട് മാത്രമല്ല " മഹേന്ദ്രൻ ഒന്നുനിഞ്ഞി.

"കൊടും വിഷമുള്ള നാഗങ്ങളോടും നാഗയക്ഷിയോടുമൊക്കെയാ ..."

"നാഗയക്ഷിയോ..?" സച്ചിൻ ചിരിച്ചു.

"എന്തോന്നെടേ ഇത്... നീ ഞങ്ങളെ പതിനെട്ടാം നൂറ്റാണ്ടിലേക്ക് ടൂറ് കൊണ്ടു പോവാണോ?"

"വായടച്ചിട്ട് പറയുന്നത് കേൾക്കെടാ മാപ്പ്ളേ ... " മഹേന്ദ്രനും ദേഷ്യം വന്നു.

"എന്നാ പറയ്... അറുപതു കോടീടെ ഡ്രീം പ്രൊജക്ടിന് ഞാനായിട്ട് അള്ളു വയ്ക്കുന്നില്ല. ഒടുക്കം, എല്ലാം കൂടെ പാലാരിവട്ടം മേൽപ്പാലം പോലെ ആവാതിരുന്നാൽ മതിയാരുന്നു."

"സച്ചു ... ഒന്നു ചുമ്മാതിരുന്നേ..." ശ്രേയ ഇടപെട്ടു. "മഹി പറയ്."

"ദേ... ഇതാണ് ജാനകിക്കാട് " ചാർട്ടിലേക്ക് ചുണ്ടി മഹേന്ദ്രൻ പറഞ്ഞു തുടങ്ങി.

"ഔഷധ സസ്യങ്ങളുടെ കലവറ ആയ ഒരു കാട്. ഈ കാട്ടിനുള്ളിൽ ഒറ്റപ്പെട്ട ഒരു തുരുത്തുണ്ട്. ഒരു വനം. ഒരുപാട് നിഗൂഢതകൾ ഉള്ള ഒരു വനം. നാലായിരം ഏക്കർ വിസ്തൃതിയിൽ " മഹേന്ദ്രൻ ഒന്നു നിർത്തി.

"പൊലീസ്- ഫോറസ്റ്റ് റിക്കാർഡുകളിൽ ആ വനത്തിന്റെ പേര് 'ഏരിയ 51 ' എന്നാണ് ?"

"ഏരിയ ഫിഫ്റ്റി വൺ .... അതെന്താടാ അങ്ങനൊരു പേര്?" ഫയാസാണ് ചോദിച്ചത്.

"പറയാം" മഹേന്ദ്രൻ തിരിഞ്ഞു.

"ഏതാണ്ട് ബർമുഡ ട്രയാംഗിൾ പോലെ ഒരു സ്ഥലം. അവിടേക്ക് പോയവർ ആരും തിരിച്ചു വന്നിട്ടില്ല. ഓരോ മരത്തിനു പിന്നിലും മരണം പതിയിരിപ്പുണ്ട്. ഇത്തരം ഒരു ദ്വീപ് ... അമേരിക്കയിലുണ്ട്. മിലിട്ടറിയും, എന്തിന് അമേരിക്കൻ മറൈൻ കമാൻഡോസ്  പോലും പോവാത്ത ഒരിടം. ആ സ്ഥലത്തിന്റെ പേരാണ് ഏരിയ ഫിഫ്റ്റി വൺ. ഈ സ്ഥലത്തിനും സർക്കാർ രേഖകളിൽ അതേ പേര് തന്നെ.. " മഹേന്ദ്രൻ ഒന്നു നിർത്തി. പിന്നെ, എല്ലാവരെയും നോക്കി.

"അവിടേക്കാ നമ്മള് പോവേണ്ടത്. ജാനകിക്കാട്ടിലെ ഏരിയ ഫിഫ്റ്റി വണ്ണിലേക്ക് ..."

"എന്തിന്?" എല്ലാവരും ഒരേ സ്വരത്തിലാണ് ചോദിച്ചത്.

"നമ്മുക്കുള്ള നൂറ് കിലോ സ്വർണ്ണം അവിടെയുണ്ട് " മഹേന്ദ്രൻ തിരിഞ്ഞു. സ്വർണ്ണം ഇരിക്കുന്ന സ്ഥലവും റൂട്ടും ഒക്കെ കപ്പിത്താൻ ഇന്നു രാത്രി കാണുമ്പോൾ പറഞ്ഞു തരും. നമ്മൾ ധൈര്യമായിട്ടങ്ങ് ഇറങ്ങുന്നു. അത്രേയുളളു "

"എടാ.. ഇത് വല്ല കുഴപ്പം പിടിച്ച കേസും ആവുമോ? ഒടുക്കം പുലിവാല് പിടിച്ച പോലെയാവുമോ നമ്മള് .. " സച്ചിൻ സേവ്യറിന്റെ സ്വരത്തിൽ നേരിയ അങ്കലാപ്പ് ഉണ്ടായിരുന്നു.

"മോനേ... സച്ചിനേ" മഹേന്ദ്രൻ ഈണത്തിൽ വിളിച്ചു.

"ഭയന്ന് ഓടിയാലും മരിക്കും... നിവർന്നു നിന്നാലും മരിക്കും. എങ്കിൽ പിന്നെ, നിവർന്നു നിന്ന് മരിച്ചു കൂടെ." മഹേന്ദ്രൻ ഒന്നു നിർത്തി.

"മുകളിലേക്ക് വേഗം പോവുന്ന എസ്കലേറ്ററിന്റെ പടികൾ കണ്ടിട്ടില്ലേ... അതു പോലെയാ അവസരങ്ങള്. നോക്കി നിന്നാൽ... നമ്മൾ അവിടെ തന്നെ നിൽക്കും. കേറേണ്ടവൻ കയറി പോവും..." എല്ലാവരുടെയും മുഖത്തേക്ക് മഹേന്ദ്രൻ മാറി മാറി നോക്കി;

"ദൈവമായിട്ടാ... കപ്പിത്താൻ എന്ന ആ മനുഷ്യനെ എന്റെ മുമ്പിൽ എത്തിച്ചു തന്നത്. ഇതിപ്പോ നമ്മുക്ക് ആ സ്വർണ്ണം എടുക്കുന്ന റിസ്ക് മാത്രമേയുള്ളു. കാഷ് ഡീലിംഗ്സ് ഒക്കെ പുറത്തുള്ള ഏതോ ടീമുമായിട്ട് കപ്പിത്താൻ നടത്തിക്കഴിഞ്ഞു. നമ്മൾ സ്വർണ്ണം അയാളെ ഏൽപ്പിക്കുന്നു. കാഷ് വാങ്ങുന്നു. അത്ര മാത്രം.."

"നീ പറയുന്നതു പോലെ മിഷൻ അത്ര എളുപ്പം ആയിരിക്കുമോ മഹീ..." തനുജ ഒട്ടൊരു സംശയത്തോടെ മഹേന്ദ്രനെ നോക്കി.

"വിഷസർപ്പങ്ങൾ മാത്രം നിറഞ്ഞ ഒരു വനം. സർക്കാർ സംവിധാനങ്ങൾ പോയിട്ട് സൂര്യപ്രകാശം പോലും എത്തി നോക്കാൻ ഭയപ്പെടുന്ന ഒരു സ്ഥലം ... " തനുജ ഒന്നു നിർത്തി,

"നിലവറയിൽ സർപ്പവിളക്കും വച്ചാരാധനയും ഉള്ള തറവാടാ എന്റേത്. ആരോട് കളിച്ചാലും പാമ്പിനോട് കളിക്കരുത്."

തനുജ പറഞ്ഞതും ശക്തമായ ഒരു കാറ്റ് വീശി. ഒരു മൂർഖൻ പാമ്പിന്റെ ചീറ്റൽ പോലെ ആയിരുന്നു അത്. എല്ലാവരുടെയും ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞു പോയി.

"പാമ്പിനെയും ചേമ്പിനെയും ഒക്കെ നമ്മുക്ക് തുരത്താം. അതിനുള്ള സർവ്വസന്നാഹങ്ങളുമായേ നമ്മൾ കാട് കയറൂ..." മഹേന്ദ്രൻ ഒന്നു നിർത്തി.

"എത്ര ട്രക്കിംഗ് നടത്തിയിട്ടുള്ളവരാ നമ്മള്. എത്ര ഓഫ് റോഡ് യാത്രകൾ നടത്തി... കാടിനുള്ളിൽ ദിവസങ്ങളോളം ഏറുമാടത്തിലും സ്ലീപ്പിങ് ബാഗിലും ഉറങ്ങിയിട്ടില്ലേ...? അതൊക്കെ കൈയീന്ന് കാശ് കളഞ്ഞുള്ള കളി. ഇത് കോടികള് കൈയിലേക്ക് വരാനുള്ള കളി... " മഹേന്ദ്രൻ ഒന്നു നിർത്തി.

"നമ്മൾ ഇത് ഏറ്റെടുത്തില്ലെങ്കിൽ... കപ്പിത്താൻ വേറെ ആരെയെങ്കിലും ഏൽപ്പിക്കും. നൂറു കിലോ സ്വർണ്ണം എന്നു കേട്ടാൽ വെറുതെയിരിക്കുമോ ആരെങ്കിലും. നിങ്ങളു പറയ്‌ എന്തു വേണം?" മഹേന്ദ്രൻ എല്ലാവരെയും മാറി മാറി നോക്കി.

"മുമ്പോട്ട് പോവണമെങ്കിൽ പോവാം. അല്ലെങ്കിൽ ഈ മിഷൻ ഇവിടെ വച്ച് ക്യാൻസൽ ചെയ്യാം."

"നമ്മൾ മുമ്പോട്ട് പോവുന്നു." അന്തിമ വാചകം പോലെ ഫയാസ് പ്രഖ്യാപിച്ചു. തനുജ ഒഴികെ എല്ലാവരും പുഞ്ചിരിച്ചു. തനുജയുടെ മുഖത്ത് മാത്രം ആശങ്ക ആയിരുന്നു.

*****    *****    *****    *****    *****

കൊച്ചി. ഗോകുലം പാർക്ക് ഹോട്ടലിലെ സ്പോർട്സ് ബാർ. രാത്രി ഒമ്പത് മണി.

സ്പോർട്സ് ബാറിനുള്ളിലെ വലിയ സ്ക്രീനിൽ ലോകകപ്പ് ക്രിക്കറ്റിന്റെ ആരവം. വൈറ്റ് റമ്മും നാരങ്ങാനീരും ചേർത്ത കോക്ക്ടെയിൽ ആയ 'സ്ക്രൂ ഡ്രൈവർ' ഒന്നു സിപ്പ് ചെയ്തിട്ട് കപ്പിത്താൻ മഹേന്ദ്രനെ നോക്കി. മഹേന്ദ്രന്റെ മുമ്പിൽ 'ബ്രിട്ടീഷ് എംപയറിന്റെ' ഒരു ബിയർ ഉണ്ടായിരുന്നു.

അറുപത് വയസ്സ് വരും കപ്പിത്താന്. ആറടിയിലേറെ പൊക്കമുള്ള ബലിഷ്ഠമായ ശരീരം. മുണ്ഡനം ചെയ്ത ശിരസ്സാണ്. കട്ടി മീശയും താടിയും. കറുത്ത ഷർട്ടും ചുവന്ന മുണ്ടും ആയിരുന്നു കപ്പിത്താന്റെ വേഷം. കൂട്ടുപുരികങ്ങൾക്കു നടുവിൽ വലിയ കുങ്കുമപ്പൊട്ട്.

"അപ്പോൾ തീരുമാനിച്ചു. അല്ലേ? ഏരിയ ഫിഫ്റ്റി വണ്ണിലേക്ക് നിധി തേടി പോവാൻ...." കപ്പിത്താൻ മഹേന്ദ്രന്റെ കണ്ണുകളിലേക്ക് നോക്കി.

"യെസ് " മഹേന്ദ്രൻ ബ്രിട്ടീഷ് എംപയർ ബിയറിന്റെ ഒരു സിപ്പ് എടുത്തു.

"ഗുഡ് " കപ്പിത്താന്റെ കണ്ണുകൾ തിളങ്ങി.

"കളി പാമ്പുകളോടാ. ഇത്തിരി സൂക്ഷിക്കണം. ഇത് കണ്ടില്ലേ..."

കപ്പിത്താൻ രണ്ട് കൈപ്പടങ്ങളും നിവർത്തി ടീപ്പോയിലേക്ക് വച്ചു. അയാളുടെ രണ്ടു കൈപ്പത്തിയിലെയും മൂന്നു വിരലുകൾ പാതി മാത്രമാണ് ഉണ്ടായിരുന്നത്.

"സ്വർണ്ണം എടുക്കാൻ പോയപ്പോൾ അവിടുത്തെ പാമ്പുകള് കടിച്ചെടുത്തോണ്ട് പോയതാ... " കപ്പിത്താൻ ചിരിച്ചു.

മഹേന്ദ്രന് ഒരു ഉൾക്കിടിലം ഉണ്ടായി.

"ഇനി ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്കണം" കപ്പിത്താൻ മുമ്പോട്ട് ആഞ്ഞിരുന്നു.

"നിങ്ങൾ പോവുന്ന വനത്തിൽ നഗയക്ഷിയുടെ ഒരു നിലവറ ക്ഷേത്രം ഉണ്ട്. "

"നിലവറ ക്ഷേത്രമോ?"

"അതെ " കപ്പിത്താൻ ഒന്നു നിർത്തി.

"മണ്ണിനടിയിൽ ഒരു സർപ്പ ക്ഷേത്രം. അവിടെയാണ് സ്വർണ്ണം. നൂറു കിലോ സ്വർണ്ണം!" അത് പറയുമ്പോൾ തന്നെ കപ്പിത്താന്റെ കണ്ണുകളിൽ ഒരു സ്വർണ്ണത്തിളക്കം ഉണ്ടായി.

"സ്വർണ്ണം നാണയങ്ങളായോ, സ്വർണ്ണക്കട്ടികൾ ആയോ ഒന്നും അല്ല അവിടെയുള്ളത്. "

"പിന്നെ...?" മഹേന്ദ്രൻ അമ്പരന്നു.

"പത്തി വിരിച്ചു നിൽക്കുന്ന ഒരു സർപ്പത്തിന്റെ തലയുടെ രൂപത്തിലാണ് സ്വർണ്ണം. അഞ്ചു തലയുള്ള ശീഷനാഗത്തിന്റെ തലയുടെ രൂപത്തിൽ " കപ്പിത്താൻ ഒന്നു നിർത്തി.

"നൂറു കിലോ സ്വർണ്ണം കൊണ്ട് ഉണ്ടാക്കിയ ആ സർപ്പത്തലയാണ്... പാമ്പുകൾ കാവൽ നിൽക്കുന്ന നിലവറയിൽ നിന്ന് നിങ്ങൾ കൊണ്ടുവരേണ്ടത് "

എസിയുടെ തണുപ്പിലും മഹേന്ദ്രന്റെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു.

"ജാനകിക്കാട്ടിൽ ഒരാളുണ്ട് " കപ്പിത്താൻ മഹേന്ദ്രനെ നോക്കി.

"ഒരു വാസുകി. സർപ്പങ്ങളെ കുറിച്ച് വാസുകിക്ക് അറിയാവുന്ന അത്രയും ഇന്നീ ഭൂമിയിൽ ആർക്കും അറിയില്ല..." കപ്പിത്താൻ ഒന്നു നിർത്തി.

"നിലവറ ക്ഷേത്രത്തെക്കുറിച്ച് കൂടുതൽ വാസുകി പറഞ്ഞു തരും. അടുത്ത ദിവസം തന്നെ വാസുകിയെ കാണണം. ബാക്കിയെല്ലാം വാസുകി പറയും.. "

"അയാള് .... അയാള് എവിടെയാ...?"

"ജാനകിക്കാടിന് നടുവിൽ " കപ്പിത്താൻ കോക്ടെയിൽ ഒന്നു കൂടി സിപ്പ് ചെയ്തു.

"ഏറുമാടത്തിലാ താമസം. ജാനകിക്കാടിന് നടുവിൽ ഒരു ചെറിയ പുഴയുണ്ട്. ഇഴഞ്ഞു പോവുന്ന പാമ്പിന്റെ ആകൃതിയിൽ വളഞ്ഞു പുളഞ്ഞ് ഒഴുകിപ്പോവുന്ന പുഴ. മൂർഖൻചാൽ...! "

'മൂർഖൻ ചാൽ '

മഹേന്ദ്രൻ ഒന്ന് ഉരുവിട്ടു. അടുത്ത നിമിഷം തൊട്ടടുത്ത ടേബിളിൽ നിന്ന് ഒരു ഗ്ലാസ് വീണുടയുന്ന ശബ്ദം കേട്ടു. മഹേന്ദ്രൻ കിടുങ്ങി വിറച്ചു പോയി.

"മൂർഖൻചാൽ കടന്നാൽ വാസുകിയുടെ സ്ഥലം ആയി. ബാക്കി അവൻ പറയും." കപ്പിത്താൻ ഒറ്റ വലിക്ക് കോക്ടെയിൽ കുടിച്ചു തീർത്തു.

''മൂർഖൻചാൽ കടക്കുന്നത് വളരെ സൂക്ഷിച്ച് വേണം." കപ്പിത്താന്റെ മുഖം ജാഗരൂകമായി.

"മീനുകളേക്കാൾ കൂടുതൽ പാമ്പുകൾ ഉള്ള പുഴയാ." ഭയത്തിന്റെ ഒരു തണുപ്പ് കരളിനെ ചുറ്റിവരിയുന്നത് മഹേന്ദ്രൻ അറിഞ്ഞു.

അഞ്ഞൂറിന്റെ രണ്ട് കെട്ട് നോട്ട് എടുത്ത് കപ്പിത്താൻ ടീപ്പോയിലേക്ക് വച്ചു.

"ഡീൽ ഉറപ്പിക്കുന്നു. ഇത് അഡ്വാൻസ്... "

മഹേന്ദ്രൻ തല കുലുക്കി. "അപ്പോൾ അടുത്ത ദിവസം നിങ്ങൾ ജാനകി കാട്ടിലേക്ക്. വാസുകിയെ കാണാൻ "

കപ്പിത്താൻ ഒന്നു ചിരിച്ചു. അയാളുടെ നെറ്റിയിലെ കുങ്കുമപ്പൊട്ട് ഒന്നു മിന്നി.

*****    ******     ******     ******    *****

ജാനകിക്കാട്...

മഴ അലറിയാർത്ത് പെയ്തു കൊണ്ടിരുന്നു. ആകാശത്തിനും ഭൂമിക്കും ഒരേ ചാര നിറം. വനത്തിലെ ഇടുങ്ങിയ പാതയിലൂടെ 

രണ്ട് താർ ജീപ്പുകൾ ആടിക്കുലുങ്ങി വരുന്നുണ്ടായിരുന്നു. ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾ ആയിരുന്നിട്ടും ചെളിക്കട്ടകൾക്ക് മീതെകൂടി വാഹനങ്ങളുടെ ടയറുകൾ ഇടം വലം തെന്നിക്കൊണ്ടിരുന്നു. മുമ്പിലത്തെ ജീപ്പിൽ മഹേന്ദ്രനും തനുജയും ആയിരുന്നു.

പിന്നിലത്തെ ജീപ്പിൽ സച്ചിനും ശ്രേയയും ഫയസും ഫാത്തിമയും.

ഡ്രൈവ് ചെയ്യുന്നതിനിടെ മഹേന്ദ്രൻ ഇടതു കയ്യെടുത്ത് തനുജയുടെ വലതുകൈ വിരലുകളിൽ കൊരുത്തു പിടിച്ചു.

"അയ്യടാ .." അവൾ മഹേന്ദ്രന്റെ കയ്യെടുത്തു മാറ്റി.

"ശൃംഗരിക്കാൻ പറ്റിയ ടൈം" മഹേന്ദ്രൻ ഉറക്കെ ഒന്നു ചിരിച്ചു.

"നൂറു കിലോ സ്വർണ്ണം സ്വന്തമാക്കാനുള്ള യാത്രയുടെ തുടക്കമല്ലേ... തങ്കമേ.... അപ്പോ... ഇത്തിരി ശൃംഗരിക്കാം"

ജീപ്പുകൾ രണ്ടും മൂർഖൻചാൽ തുടങ്ങുന്നിടത്ത് എത്തി. ഭയാനകമായ ഒരു അന്തരീക്ഷം ആയിരുന്നു അവിടെ. നാൽപ്പതടി വീതിയിൽ ഒന്നര കിലോമീറ്റർ നീളത്തിൽ ഒഴുകുന്ന പുഴ! കരിനീല നിറമുള്ള ജലമാണ്. മൂർഖൻചാൽ...! മഴക്കോട്ടുകൾ ധരിച്ച്, ബാക്ക് പാക്ക് ചുമലിൽ തൂക്കി ജീപ്പിൽ നിന്ന് എല്ലാവരും ഇറങ്ങി.

"മഹീ.." ഫയാസ് വിളിച്ചു.

"നമ്മളെങ്ങനെ പുഴ കടക്കും"

"വളളം കണ്ടില്ലേടാ മണ്ടാ.." മഹേന്ദ്രൻ ചിരിച്ചു. കരയിലേക്ക് ഇടിച്ചു കയറിയ നിലയിൽ ഒരു വലിയ വള്ളം അവിടെ ഇരിപ്പുണ്ടായിരുന്നു. അതിൽ നാല് തുഴകളും.

"മൂർഖൻ ചാലിന്റെ അവസാനം വരെ നമ്മുക്ക് തുഴയണം. അവിടെയാണ് തെക്കൻ തേവർ കോവിൽ. കോവിൽ കഴിഞ്ഞ് ഒന്നര കിലോമീറ്റർ കൂടി വനത്തിലൂടെ പോയാൽ വാസുകിയുടെ ഏറുമാടം ആയി... "

"വാ.. " സച്ചിൻ സേവ്യർ എല്ലാവരെയും വിളിച്ചു കൊണ്ട് വള്ളത്തിന് നേരെ നടന്നു. എല്ലാവരും ചേർന്ന് വള്ളം പുഴയിലേക്ക് തള്ളിയിറക്കി. പിന്നെ, എല്ലാവരും ബാഗുകളുമായി വള്ളത്തിലേക്ക് കയറി. ഫയാസും മഹീന്ദ്രനും നയമ്പുകൾ കൈയിലെടുത്തു.

ഇരച്ചു പെയ്യുന്ന മഴയ്ക്കു താഴെക്കൂടി മൂർഖൻ ചാലിലൂടെ വള്ളം നീങ്ങിക്കൊണ്ടിരുന്നു. നല്ല ഒഴുക്കുള്ളതിനാൽ ആയാസപ്പെട്ട് തുഴയേണ്ടി വന്നില്ല. വള്ളം ആരോ തള്ളിക്കൊണ്ട് പോവുന്നതു പോലെ. മഴയുടെ ശക്തി കൂടി... കാറ്റിന്റെയും.

പൊടുന്നനെ തനുജയുടെ കണ്ണുകൾ ഒന്നു പിടഞ്ഞു. ഓളപ്പരപ്പിന് മീതേക്ക് അവൾ ഒന്നു സൂക്ഷിച്ചു നോക്കി. തേങ്ങയുടെ തൊണ്ടുകൾ പോലെ എന്തോ ചിലത് വള്ളത്തിനു പിന്നാലെ നിരനിരയായി ഒഴുകി വരുന്നു. തനുജ പകപ്പോടെ ഇരുവശത്തേക്കും നോക്കി. പുഴയുടെ ഇരുവശത്തു നിന്നും ഇത്തരം തൊണ്ടുകൾ ഒഴുകി വരുന്നുണ്ട്.

തനുജ പകപ്പോടെ ഒന്നു സൂക്ഷിച്ച് നോക്കി. അടുത്ത നിമിഷം, തനുജയുടെ രക്തം ഭയം കൊണ്ട് തണുത്തുറഞ്ഞു പോയി. മുമ്പിൽ കാണുന്നത് ഒഴുകി വരുന്ന തേങ്ങയുടെ തൊണ്ടുകൾ അല്ല. മറിച്ച്, തങ്ങളെ പിൻതുടർന്ന് നീന്തി വരുന്ന മൂർഖൻ പാമ്പുകളുടെ പത്തികളാണ്!

"മഹീ.. " തനുജ അലറി വിളിച്ചു. അടുത്ത നിമിഷം, പാമ്പുകൾ ഓളപ്പരപ്പിനു മീതേക്ക് പത്തി വിരിച്ച് പൊങ്ങി. മഴ ഇരമ്പിലിനും മീതെ മൂർഖൻ പാമ്പുകളുടെ സീൽക്കാര ശബ്ദം. പത്തി പിരിച്ചു നിൽക്കുന്ന മൂർഖൻ പാമ്പുകൾക്കു നടുവിലായി വള്ളം.

അടുത്ത നിമിഷം, വള്ളം ചുഴിയിൽ പെട്ടതു പോലെ ഒന്നു വട്ടം ചുറ്റി. പിന്നെ, ഒരു വശത്തേക്ക് ചെരിഞ്ഞു.

ഒരു നിലവിളി എല്ലാവരുടെയും തൊണ്ടയിൽ കുരുങ്ങി. വായ് പിളർന്നു നിൽക്കുന്ന മൂർഖൻ പാമ്പുകളുടെ കൂർത്ത പല്ലുകളുടെ തിളക്കം അരണ്ട വെളിച്ചത്തിൽ കാണാമായിരുന്നു!

(തുടരും)

'മിഴി ' എന്ന മെഗാഹിറ്റ് ഇൻവെസ്റ്റിഗേറ്റീവ് ഹൊറർ നോവലിനു ശേഷം കെ.വി. അനിൽ എഴുതുന്ന സസ്പെൻസ് ഹൊറർ ത്രില്ലർ 'നാഗയക്ഷി ' എല്ലാവ്യാഴാഴ്ചയും മനോരമ ഓൺലൈനിൽ വായിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com