വിമർശനം ശീലമാക്കിയവർക്കെല്ലാം ഒരു പൊതു ‘ഗുണ’മുണ്ട്; കല്ലേറുകൾക്ക് മറുപടി നൽകാൻ നിന്നാൽ

Mail This Article
കച്ചവടക്കാരൻ കടയടച്ചു ബസിൽ വീട്ടിലേക്കു പോകുകയായിരുന്നു. പണമടങ്ങിയ ബാഗ് കയ്യിലുണ്ടായിരുന്നു. കുറച്ചുനേരം അയാൾ ഉറങ്ങിപ്പോയി. ഉണർന്നപ്പോൾ, ബാഗ് മോഷണം പോയെന്നു മനസ്സിലായി. സഹയാത്രികരെല്ലാം ചുറ്റുംകൂടി. അതിലൊരാൾ പറഞ്ഞു – പണമുള്ള ബാഗും കയ്യിൽ വച്ച് ഉറങ്ങാൻ പാടില്ലായിരുന്നു. പണവുമായി ബസിൽ കയറിയതുതന്നെ തെറ്റായിപ്പോയെന്നു മറ്റൊരാൾ.
ഇതെല്ലാം കേട്ട് കച്ചവടക്കാരൻ പറഞ്ഞു – എന്റെ ബാഗ് മോഷ്ടിക്കപ്പെട്ടതിന്റെ പേരിൽ നിങ്ങളെല്ലാം എന്നെ കുറ്റപ്പെടുത്തുന്നു. മോഷ്ടിച്ചവനെക്കുറിച്ച് ഒരു വാക്കുപോലും പറയുന്നില്ലല്ലോ!
വിമർശിക്കാൻ വേണ്ടി മാത്രം വായ തുറക്കുന്ന ചിലരുണ്ട്. വിമർശനം വീണുകിടക്കുന്നവരെ എഴുന്നേൽപിക്കില്ല; ഒന്നിനെയും സ്വന്തമായ വഴിയിൽ വളരാൻ അനുവദിക്കില്ല. വിമർശനം ശീലമാക്കി യവർക്കെല്ലാം ഒരു പൊതു ‘ഗുണ’മുണ്ട് – അവർ അധികം വിമർശിക്കപ്പെടില്ല. എന്തെങ്കിലും ചെയ്യുന്നവ രെയല്ലേ, ആർക്കെങ്കിലും വിമർശിക്കാൻ സാധിക്കൂ! ഫലമില്ലാത്ത വൃക്ഷത്തിലേക്കു നോക്കാൻ പോലും ആർക്കും താൽപര്യമുണ്ടാകില്ല.
ഒന്നും ചെയ്യാനറിയാത്തവരുടെ തുറുപ്പുചീട്ടാണ് സ്ഥിരവിമർശനം. അവർക്കു തങ്ങളുടെ സാന്നിധ്യം അറിയിക്കാനുള്ള ഏക മാർഗം അതാണ്. ഒരാൾ സ്ഥിരമായി വിമർശിക്കപ്പെടുന്നെങ്കിൽ അതിനർഥം, അയാൾ നിരന്തരം കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും അവയോരോന്നും ഫലം കാണുന്നുണ്ടെന്നുമാണ്. ആൾക്കൂട്ടത്തിന്റെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ശേഷിയില്ലാത്ത ഒരാളും സ്വന്തം സ്വപ്നങ്ങൾ സാക്ഷാത്കരിക്കില്ല.
കല്ലേറുകൾക്കെല്ലാം മറുപടി നൽകാൻ നിന്നാൽ ഏറുകൊണ്ടു മരിക്കുകയേയുള്ളൂ. എന്നാൽ, എറിഞ്ഞുവീഴ്ത്താൻ പറ്റാത്തവിധം മുകളിലെത്തിയാൽ എറിയുന്നവർ താഴെനിന്ന് അദ്ഭുതപ്പെടും.
English Summary : Subadinam - Food for thought