ADVERTISEMENT

‘‘പുറംപറമ്പിലൂടെ നടക്കുമ്പോൾ കുഞ്ഞാത്തോൽ ചിരിച്ചുകൊണ്ട് പൊന്തക്കാടുകൾക്കിടയിൽനിന്നു കയറി വരുമെന്ന് ആദ്യമൊക്കെ ഞാൻ വിചാരിച്ചു. വന്നില്ല. കുഞ്ഞാത്തോലുമായി കളിച്ചു നടക്കണം കുറച്ചു കാലം എന്നുള്ളതും എന്റെ യോഗമായിരിക്കും.’’

- എം.ടി.

ഒരു വൈകുന്നേരം അച്ഛൻ ഓഫിസിൽനിന്നു മടങ്ങുമ്പോൾ കൊണ്ടുവന്ന ലാവൻഡർ നിറത്തിലുള്ള പുറംചട്ടയിലാണ് എംടി എന്ന രണ്ടക്ഷരം ആദ്യം കണ്ണിലുടക്കുന്നത്. വായനയുടെ കൗമാരത്തിലേക്കു പ്രവേശിച്ചത് 'നാലുകെട്ടി'ലൂടെയാണ്. വളരണം, വളർന്ന് വലിയ ആളാകണം എന്ന് മോഹിക്കാത്ത കുട്ടികൾ ഇല്ലല്ലോ. ‘എന്ന് സ്വന്തം ജാനകിക്കുട്ടി’യാണ് തിയറ്ററിൽ കണ്ട ആദ്യത്തെ എംടി സിനിമ. ജാനകിക്കുട്ടി ആദ്യരംഗങ്ങളിൽ വീട്ടിലെ തന്റെ മടുപ്പും മുഷിപ്പും പ്രഖ്യാപിച്ചു. ക്ലൈമാക്സിൽ ജനലഴികളിലൂടെ വിദൂരതയിൽ കുഞ്ഞാത്തോൽ നടന്നകലുന്നത് കണ്ട് ഞാൻ കരഞ്ഞു. വീട്ടിലും സ്കൂളിലും ഞാൻ അനുഭവിച്ച ഏകാന്തത നിശ്ചയമായും മഞ്ഞിന്റെ തണുപ്പും വെളുപ്പും ദാൽ തടാകത്തിന്റെ നിശബ്ദതയും ആയിരുന്നില്ല. ജാനകിക്കുട്ടി പറയും പോലെ ‘ആൾക്കൂട്ടത്തിൽ തനിയെ’ ആണെന്ന് തോന്നുന്ന അവസ്‌ഥ. മറ്റുള്ളവർക്ക് വലിയ പിടി കിട്ടാത്ത ഒരു ഭാഷ ജാനകിക്കുട്ടി ഉള്ളിൽ പേറുന്നു. എല്ലാവരാലും വിധിക്കപ്പെടുകയും ശാസിക്കപ്പെടുകയും ഉപദേശിക്കപ്പെടുകയും ചെയ്യുന്ന കുട്ടിയുടെ നിശബ്ദമായ അമർഷം എനിക്കും ഉണ്ടായിരുന്നു.

ജാനകിക്കുട്ടിയുടെ പ്രകൃതത്തിന് നിരുപാധികമായ കേൾവി കൊടുക്കുന്ന ഒരാൾ അക്കരെ നിന്ന് വരുന്ന മുത്തശ്ശിയാണ്. നാലുകെട്ടിലെ അപ്പുണ്ണിക്ക് അത്തരത്തിൽ ഒരു കേൾവി കൊട്ടിലിലെ മുത്താച്ചിയിൽനിന്നു കിട്ടുന്നുണ്ട്. മറ്റാരും അവനുവേണ്ടി പലഹാരങ്ങൾ സൂക്ഷിക്കുകയോ അങ്ങനെ ഒരു വ്യക്തിയെ ഓർമിക്കുകയോ ചെയ്യുന്നില്ല. മുത്തശ്ശിയെ കൂടാതെ ജാനകിക്കുട്ടിയെ സവിശേഷമായി പരിഗണിച്ച ഒരാൾ ഭാസ്കരേട്ടനാണ്. പിന്നീട് ഐതിഹ്യമാലയിലെ മിത്തുകളും മുത്തശ്ശിയുടെ വാമൊഴിയും ജാനകിക്കുട്ടി അനുഭവിക്കുന്ന ഏകാന്തതയ്ക്ക് ഉടലും ഉയിരും നൽകുന്നു. വരണ്ട യാഥാർഥ്യങ്ങളിൽ നിന്ന് ഭാവനാലോകങ്ങളിലേക്ക് ഒരു തുരങ്കം നിർമിക്കലായിരുന്നു എനിക്കും വായന. വാക്കിന്റെയും കാഴ്ചയുടെയും അദ്ഭുതലോകങ്ങളിൽ ഒളിഞ്ഞു പാർക്കുന്ന ഒരുവളെ കുഞ്ഞാത്തോൽ ഭയപ്പെടുത്തിയില്ല.

വീട്ടിനകത്ത് ശ്വാസം മുട്ടുന്ന ഒരു പെൺകുട്ടി എംടിയുടെ ‘കുട്ട്യേടത്തി’യിലും ഉണ്ട്. ‘തെണ്ടിമയിസ്ട്രേറ്റ്’ എന്നാണ് കുട്ട്യേടത്തിയെ എല്ലാവരും വിളിക്കുന്നത്. വീട്ടിൽ അടങ്ങിയൊതുങ്ങി ഇരിക്കാത്തതിനാണ് എപ്പോഴും കുട്ട്യേടത്തിക്ക് ശകാരം കിട്ടുന്നത്. കുട്ട്യേടത്തി അമ്മ പറയുന്നതൊന്നും അനുസരിക്കില്ല. കുട്ട്യേടത്തിയ്ക്കൊപ്പം നടക്കുന്നതിന് വാസുവിന് ചീത്ത കിട്ടുന്നുണ്ട്. ഉച്ചയ്ക്ക് കുട്ട്യേടത്തി ഇല്ലവളപ്പിലും വടക്കേതിലും കാളിയുടെ പുരയിലും ആമിനുമ്മയുടെ മുറ്റത്തും സർക്കീട്ടു പോകും. വാസു മാത്രമാണ് വിധിക്കാതെ കുട്ട്യേടത്തിയെ സ്നേഹിക്കുന്നത്. അപ്പുണ്ണി അനുഭവിക്കുന്ന ഏകാന്തത പോലെ ഒന്നല്ല കുട്ട്യേടത്തിയുടേത്. ‘നാൽപത്തഞ്ചു ദിവസങ്ങൾ കഴിയണം. ഒരു തകരത്താമ്പാളത്തിൽ നാൽപത്തഞ്ചു കല്ലു പെറുക്കിയിട്ടു. ഓരോ ദിവസവും കാലത്ത് ആദ്യം ചെയ്യേണ്ട പ്രവൃത്തി ഒരു കല്ലെടുത്തു കളയുക എന്നതാണ്.’’ മടുപ്പും ഏകാന്തതയും കൂട്ടില്ലായ്‌മയും അപ്പുണ്ണി തികഞ്ഞ യാഥാർഥ്യബോധത്തോടെയാണ് മറികടക്കുന്നത്. കുട്ട്യേടത്തി സ്വയം മുറിച്ചെറിയുന്നു. ജാനകിക്കുട്ടി യാഥാർഥ്യം തന്നെ വെടിയുന്നു.

'ആരണ്യക'ത്തിലും ഒളിവിടങ്ങൾ തേടുന്ന ഒരു പെൺകുട്ടിയെ കണ്ടുമുട്ടുന്നു, അമ്മിണി. അവളുടെ ഉൾലോകത്തിലേക്ക് ഒരു സന്ദർശകൻ ഓർക്കാപ്പുറത്ത് കയറി വരുന്നു. രംഗപ്രവേശം ചെയ്ത ഈ കഥാപാത്രം ആരാണ് എന്ന് അമ്മിണി ആലോചിക്കുന്നുണ്ട്. തന്നെപ്പോലെ ഏകാന്തത ഇഷ്ടപ്പെടുന്ന മറ്റൊരാൾ എന്ന് അവൾ തന്റെ ഡയറിയിൽ എഴുതുന്നു. തന്റെ നടപടികൾ ഭ്രാന്തായി എണ്ണുന്ന ഒരു ലോകത്തിൽ ഡയറി എഴുത്തും വായനയുമാണ് അമ്മിണിക്ക് അഭയം. തോന്നുന്നതൊക്കെ കുറിച്ചിടുന്ന മറ്റൊരു ഒളിവുജീവിതം തന്നെയാണ് അവൾക്ക് ഡയറി എഴുത്ത്. കണ്ണാടി നോക്കി അവളോടു തന്നെ സംസാരിക്കും പോലെ ഒരു പ്രവൃത്തി. പ്രിയപ്പെട്ട എഴുത്തുകാർക്ക് ഇനിയുമയയ്ക്കാത്ത കത്തുകൾ അതിലുണ്ട്. കാമുകന്റെ ആരാധനയ്ക്കപ്പുറം അവളുടെ ബുദ്ധിയെ വിലമതിക്കുന്ന സുഹൃത്തിനോട് അമ്മിണിക്ക് അധികം മമതയുണ്ട്. തങ്ങളുടെ ഈ സ്വകാര്യസങ്കേതത്തെ കുറിച്ച് മറ്റാരോടും കൊട്ടിഘോഷിക്കരുതെന്ന് അവൾ നക്സലൈറ്റ് നേതാവിനോട് നിഷ്കർഷിക്കുന്നത് അതുകൊണ്ടാണ്. ബൗദ്ധികവും സർഗാത്മകവുമായ താൽപര്യങ്ങൾ പങ്കിടുന്ന രണ്ട് മനുഷ്യരുടെ ഏകാന്തവും സ്വകാര്യവുമായ ലോകമാണത്. അവിടെ അമ്മിണിയുടെ ബുദ്ധി അംഗീകരിക്കപ്പെടുന്നു. അവളുടെ വർത്തമാനം വെറും കൗതുകബുദ്ധിയോടെയല്ല ആഴത്തിലാണ് വിപ്ലവകാരി കേൾക്കുന്നത്.

'ചെറിയ ചെറിയ ഭൂകമ്പങ്ങൾ' എന്ന കഥയുടെ അവസാനം വ്യവസ്ഥയ്ക്ക് പുറത്ത് തങ്ങളുടെ വിനോദങ്ങളിൽ ഏർപ്പെടുന്ന പെൺസംഘത്തെകാണാം. നിലനിൽക്കുന്ന വ്യവസ്ഥിതിയിൽ പരിഗണനാർഹമല്ലാത്ത ചില മേഖലകളാണ് ഇവിടെ മൈത്രി നിർണയിക്കുന്നത്. കുഞ്ഞാത്തോലിന് തുണ കരിനീലിയാണ്. ജാതിവ്യവസ്ഥയിൽ അടിച്ചമർത്തപ്പെട്ട ഏകാന്തവും നിശബ്ദവുമായ കാമനാലോകങ്ങൾ പരസ്പരം കേൾവി കൊടുക്കുന്ന ഒരു പെൺകൂട്ടായ്മ അവിടെ ഉണ്ടായി വരുന്നു. വ്യവസ്ഥയെ പരിചരിക്കുകയോ ആനുകൂല്യം പറ്റുകയോ ചെയ്യാത്ത സ്വതന്ത്രനില അമ്മിണിയുടെ സ്വത്വം ഏകാന്തമാക്കുന്നു. മുത്തശ്ശനും വേലക്കാരിയുമാണ് അമ്മിണിയെ കേൾക്കുന്നതും പരിഗണിക്കുന്നതും. വ്യവസ്ഥയിൽ കർതൃത്വമില്ലാത്ത നിരാലംബരായ മനുഷ്യരാണ് ജാനകിക്കുട്ടിക്കും അമ്മിണിക്കും കൂട്ട്.

വായനയും സൗഹൃദവും പ്രണയവും എഴുത്തും എല്ലാം ഏകാകിനികളുടെ ഒളിവിടങ്ങളാണ്. കാറ്റും വെളിച്ചവും കിട്ടുന്ന ചില ആർദ്രലോകങ്ങളിലേക്ക് പെൺകാമനകൾ വീടുവിട്ടിറങ്ങി നടക്കുന്നു. നിർദയമായ വിനിമയശൂന്യനിമിഷങ്ങൾ ഭ്രാന്തിനും മരണത്തിനും മധ്യേ ഒരു ഒളിവിടം തേടാൻ അവളെ നിർബന്ധിതയാക്കുന്നു. എഴുത്ത് തീരുമ്പോൾ യാഥാർഥ്യങ്ങളിൽ ജാനകിക്കുട്ടിയും അമ്മിണിയും വീണ്ടും തനിച്ചാകുന്നു; ഞാനും. പുറംപറമ്പുകളിൽനിന്ന് അകങ്ങളിലേക്ക് ചിരിച്ചു കൊണ്ട് കയറി വരുന്ന അപൂർവമായ ഒരു കേൾവി ഞാനും വെറുതെ ആശിക്കുന്നു.

Content Summary: Remembering Stories of M. T. Vasudevan Nair

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com