ADVERTISEMENT

കൊച്ചി ∙ ‘ഈശ്വരാ വഴക്കില്ലല്ലോ’ 2 തവണ വായിച്ചു, നടനായ സലിം കുമാറിലെ എഴുത്തുകാരൻ അതിൽ നിറഞ്ഞാടുകയാണ്. നാടും ജീവിതവും എണ്ണിപ്പെറുക്കി എഴുതിയ രചന. അതിൽ സലിം കുമാർ ഒരുകാര്യം മാത്രം പറയുന്നില്ല, പ്രണയത്തെ കുറിച്ച്’– എഴുത്തുകാരൻ ഫ്രാൻസിസ് നൊറോണ ഇത്രയും പറഞ്ഞപ്പോഴേക്കും സലിം കുമാർ വീണ്ടും മൈക്ക് കയ്യിലെടുത്തു.

‘ പെൺകുട്ടികളായിരുന്നു എന്റെ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോയത്. രാവിലെ കോളജിലേക്ക് ഇറങ്ങുമ്പോൾ അമ്മ 40 പൈസയെടുത്തുതരും. ബസ്സിൽ 20 പൈസ അങ്ങോട്ടുപോവാൻ 20 പൈസ തിരിച്ചുപോരാൻ. ബസ് സ്റ്റോപ്പിലെ കടയുടെ മുന്നിലെത്തുമ്പോൾ തന്നെ ഈ പൈസ തീരും. പിന്നെ ബസ് യാത്ര സൗജന്യമാക്കണം. അതിനു ബസിലെ ജീവനക്കാർ ഇഷ്ടപ്പെടുന്ന പെൺകുട്ടികളെ കണ്ടെത്തി അവരോടു കൂട്ടുകൂടണം... കോളജിലെത്തിയാൽ കാന്റീനിൽ നിന്നു ചായയും കടിയും കഴിക്കാനും പെൺകുട്ടികളുടെ പിന്തുണയും സഹായവും വേണം.....’ സദസ്സിൽ പൂരച്ചിരി പടർത്തി പറച്ചിൽ തുടർന്നു. 

മലയാള മനോരമയുടെ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവത്തിനു മുന്നോടിയായി നടത്തിയ ‘ഹോർത്തൂസ് വായന’ സംഗമത്തിലാണു സലിം കുമാറും ഫ്രാൻസിസ് നൊറോണയും ജീവിതവും അനുഭവങ്ങളും വായനക്കാരും വിദ്യാർഥികളും നാട്ടുകാരുമായി പങ്കുവച്ചത്. സലിം കുമാറിന്റെ ജന്മഗ്രാമമമായ വടക്കൻ പറവൂർ ചിറ്റാറ്റുകര പൂയപ്പിള്ളിയിലെ വിശ്വോദയം ഹാളിലാണു പരിപാടി സംഘടിപ്പിച്ചത്. മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം ആമുഖ പ്രസംഗം നടത്തി.

ജീവിതവും ജന്മനാടും പ്രമേയമാക്കി സലിംകുമാർ രചിച്ച ‘ഈശ്വരാ വഴക്കില്ലല്ലോ’, സ്വന്തം ആംഗ്ലോ ഇന്ത്യൻ ജീവിതത്തിന്റെ തീവ്രാനുഭവങ്ങൾ പങ്കിട്ട് ഫ്രാൻസിസ് നൊറോണ എഴുതിയ ‘മുണ്ടൻ പറുങ്കി’ എന്നീ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള ചർച്ചയാണു ഹോർത്തൂസ് വായനയിൽ നടന്നത്.

ചിരിക്കൂട്ടം: മനോരമ ഹോർത്തൂസ് സാംസ്കാരികോത്സവത്തിനു മുന്നോടിയായി പറവൂർ ചിറ്റാറ്റുകരയിൽ നടന്ന ഹോർത്തൂസ് ‘വായന’യിൽ നടൻ സലിം കുമാറും കഥാകൃത്ത് ഫ്രാൻസിസ് നൊറോണയും. മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം സമീപം.
ചിരിക്കൂട്ടം: മനോരമ ഹോർത്തൂസ് സാംസ്കാരികോത്സവത്തിനു മുന്നോടിയായി പറവൂർ ചിറ്റാറ്റുകരയിൽ നടന്ന ഹോർത്തൂസ് ‘വായന’യിൽ നടൻ സലിം കുമാറും കഥാകൃത്ത് ഫ്രാൻസിസ് നൊറോണയും. മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം സമീപം.

വായന മുന്നോട്ടു പോകെ സലിംകുമാർ ചോദിച്ചു: ‘എഴുത്തിനു വേണ്ടി സർക്കാർ ജോലി പോലും വേണ്ടന്നുവച്ച ധീരനാണല്ലോ അങ്ങ്, എന്തായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം?’‘ഒരു വലിയ ബിരിയാണിച്ചെമ്പിന്റെ ഉള്ളിലിരുന്ന് മുഴുവൻ ഒറ്റയ്ക്കു തിന്നു തീർക്കുന്ന വലിയൊരു സ്വപ്നം ബാല്യത്തിൽ എനിക്കുണ്ടായിരുന്നു.’ ഇതു കേട്ടപ്പോൾ സലിം കുമാറിന്റെ കൺകോണുകളിൽ നനവു പടർന്നു. 

ഇരുവരും കുറച്ചു നേരം മുഖത്തോടു മുഖം നോക്കി ഇരുന്നു. സദസ്സിലും മൗനം പടർന്നു.നവംബർ 1 മുതൽ 3 വരെ കോഴിക്കോട്ടു നടക്കുന്ന മനോരമ ഹോർത്തൂസ് മഹാസംഗമത്തിനു മുന്നോടിയായി തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ നടത്തുന്ന മനോരമ വായനാസംഗമങ്ങളിലെ ആദ്യത്തേതാണ് ഇന്നലെ നടന്നത്.

English Summary:

Manorama Hortus Reading Event Features Salim Kumar and Francis Norona in Chittatukara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com