സമയമാം രഥത്തിൽ തിരിച്ചുവരുന്നു; പാറപ്പുറത്ത്
Mail This Article
പാലക്കാടൻ ജീവിതത്തെ തൻമയത്വത്തോടെ ചിത്രീകരിച്ച നോവൽ എന്ന് ഖസാക്കിന്റെ ഇതിഹാസത്തെ വിശേഷിപ്പിച്ചതിനെ ആദ്യം എതിർത്തത് ഒ.വി.വിജയനാണ്. എഴുത്തുകാരൻ രോഷാകുലനാകുക പോലും ചെയ്തു. തന്നെയും തന്റെ കൃതിയെയും കരുതിക്കൂട്ടി അധിക്ഷേപിക്കാനാനുള്ള ശ്രമമായാണ് പ്രശംസയെ വിജയൻ കണ്ടത്. അത്തരമൊരു വിശേഷണമല്ല ഖസാക്കിന് യോജിക്കുന്നതെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. കാലം ആ വിശ്വാസത്തെ സാധൂകരിച്ചു. മലയാള സാഹിത്യത്തിൽ യുഗപരിണാമത്തിനു നാന്ദി കുറിച്ച ഖസാക്കിന് പാലക്കാടിനേക്കാൾ ബന്ധം ലോകവുമായാണ്. സാർവലൗകികവും സാർവദേശീയവുമാണത്. കാലത്തിന്റെ കരിമ്പനക്കാറ്റിനെ നോവൽ അതിജീവിച്ചത് മനുഷ്യനെ അഭിസംബോധന ചെയ്തതുകൊണ്ടാണ്. മനുഷ്യാവസ്ഥയെ സൂക്ഷ്മമായി വിലയിരുത്തിയതുകൊണ്ടാണ്.
പാലക്കാടിന്റെ കഥാകാരൻ എന്ന വിശേഷണത്തെ വിജയൻ ചെറുത്തതിനേക്കാൾ രൂക്ഷമായി പ്രതികരിക്കേണ്ടതാണ് മധ്യതിരുവിതാംകൂറിന്റെ എഴുത്തുകാരൻ എന്ന വിശേഷണത്തെ പാറപ്പുറത്തും. ജീവിച്ചിരുന്ന കാലത്ത് പാറപ്പുറത്ത് യഥാർഥ കഥാകൃത്ത് എന്ന പദവിയെ എതിർത്തോ ഇല്ലയോ എന്നറിയില്ല. മരിക്കുന്ന ദിവസം വരെയും എഴുത്തിൽ സജീവമായിരുന്നു അദ്ദേഹം. അവസാന നോവലിന്റെ അവസാന അധ്യായത്തിന്റെ കുറച്ചുഭാഗം പറഞ്ഞുകൊടുത്തിട്ട് ഉറങ്ങാൻ കിടന്നാണ്. അതിനും ശേഷമാണ് പാറപ്പുറത്തിനെ വിമർശകരും നിരൂപകരും തേടിയതും വിലയിരുത്തിയതും അരോചക പദവികൾ ചാർത്തിയതും. മധ്യതിരുവിതാംകൂറിന്റെ മണ്ണിന്റെ മണമുണ്ട് പാറപ്പുറത്തിന്റെ നോവലിൽ. എന്നാൽ, ആ ജീവിതത്തെ ആവിഷ്കരിക്കുകയായിരുന്നില്ല അദ്ദേഹം. അത്തരമൊരു കള്ളിയിലേക്ക് ആ എഴുത്തുകാരനെ ഒതുക്കുന്നത് നീതികേടുമാണ്.
തനിക്ക് സുപരിചിതമായ ഭൂമികയായിരുന്നു പാറപ്പുറത്തിന്റെ പശ്ചാത്തലം. എല്ലാ എഴുത്തുകാരും അങ്ങനെതന്നെയാണു താനും. അതുകൊണ്ടു മാത്രം എഴുത്തുകാരനെ പ്രത്യേകിച്ചൊരു പ്രദേശവുമായി കെട്ടിയിടുന്നതാണു പ്രശ്നം. പാറപ്പുറത്ത് എന്ന നോവലിസ്റ്റ് ഈ അനീതിക്ക് ഇരയായിട്ടുണ്ട്. ദേശത്തിന്റെ കഥാകാരൻ എന്ന് ആവർത്തിക്കുന്നതിലൂടെ അദ്ദേഹത്തെ അറിയാനും മനസ്സിലാക്കാനുമുള്ള വാതിലാണ് അടയ്ക്കുന്നത്. അതിൽ നിന്ന് മോചനം അർഹിക്കുന്നുണ്ട് അദ്ദേഹം ജൻമശതാബ്ദി വർഷത്തിലെങ്കിലും.
ഒരു പ്രദേശത്തെ മാത്രം സംബന്ധിക്കുന്നതാണ് പ്രാദേശികം. അതൊരു പരിമിതിയല്ല; സാധ്യതയാണ്. മാർക്കേസിന്റെ മക്കൊണ്ടയെ ലോകം ഏറ്റെടുത്തതുപോലെ. ഏറ്റവും പ്രാദേശികമാകുക എന്നാൽ ഏറ്റവും സാർവദേശീയമാകുക എന്നൊരർഥം കൂടിയുണ്ട്. മനുഷ്യൻ എന്നും എവിടെയും മനുഷ്യൻ തന്നെയാണ്. വികാര വിചാരങ്ങളും അവസ്ഥകളും സാഹചര്യവും വ്യത്യസ്തമാണെന്നതു പോലെ സമാനവുമാണ്. അടിസ്ഥാന ജീവിതപ്രശ്നങ്ങളോടുള്ള പ്രതികരണത്തിലുമുണ്ട് സമാനത. ജീവിതത്തോട് ആഴത്തിൽ പ്രതികരിക്കുന്ന കൃതികൾ കാലത്തെ അതിജീവിക്കുന്നതിനും മറ്റൊരു കാരണമില്ല.
അരനാഴികനേരത്തിലെ കുഞ്ഞോനാച്ചനെ കേരള ഗ്രാമത്തിലെ അന്യം നിന്ന തലമുറയുടെ പ്രതീകമായി കാണാൻ എളുപ്പമാണ്. എന്നാൽ ആ കള്ളിയിൽ അദ്ദേഹത്തെ ഒതുക്കിനിർത്താനാവില്ല. രണ്ടു തലമുറകളെ അടുപ്പിക്കുകയും അകറ്റുകയും ചെയ്ത നേർത്ത വരമ്പിലാണ് അദ്ദേഹം നിൽക്കുന്നത് മങ്ങിയ കാഴ്ചയേ ഉള്ളൂ. ഓർമകൾ ശിഥിലമാണ്. ശരീരം അവശമാണ്. എന്നാൽ, ഒരൊറ്റ നിമിഷത്തിൽ എല്ലാ പരിമിതികളെയും അദ്ദേഹം അതിജീവിക്കുന്നുണ്ട്. വഞ്ചനയുടെ നിമിഷം. അതും അവസാന കാലത്തെ ഉറ്റ സുഹൃത്തിൽ നിന്ന്. ആ വഞ്ചനയുടെ പാപം നിറം ചാർത്തിയിട്ടുണ്ട് കുഞ്ഞോനാച്ചന്റെ ജീവിതത്തിലും. എന്നാലും അദ്ദേഹത്തിനത് സഹിക്കാനാവുന്നില്ല. പാപത്തിന്റെ ശമ്പളമാണ് മരണം; ജീവിതവും. ഇതു രണ്ടും കുഞ്ഞോനാച്ചനെ ഒരേ സമയം വേട്ടയാടുന്നു. സഹതാപത്തേക്കാൾ അനുകമ്പയോടെയാണ് ആ ജീവിതത്തെ പാറപ്പുറത്ത് നോവലിലുടനീളം ചിത്രീകരിച്ചത്. അദ്ദേഹത്തിന്റെ ശാരീരിക പരിമിതികൾ അതിനൊരു കാരണമാണു താനും. അവസാന നിമിഷം അദ്ദേഹം രംഗത്തില്ലാത്തപ്പോൾപ്പോലും അനുകമ്പയുടെ വേര് ഓടുന്നത് അയാളിലേക്കുതന്നെയാണ്. എന്നാൽ, മറ്റു കഥാപാത്രങ്ങളെ അങ്ങനെയങ്ങ് എഴുതിത്തള്ളാനും ആവില്ല.
കുഞ്ഞോനാച്ചനെ നിശ്ശബ്ദനാക്കുന്നത് ജീവിതമല്ല, സുഹൃത്ത് തന്നെയാണ്. അത് സുഖത്തിന്റെ കനി വീണ്ടും നുണയാൻ വേണ്ടിയല്ല. തന്നെ വിശ്വസിച്ച യുവതിയെ രക്ഷിക്കാൻ കൂടിയാണ്. അരനാഴികനേരത്തിൽ അണിനിരക്കുന്ന മനുഷ്യർക്കെല്ലാമുണ്ട് അവരുടെ ന്യായങ്ങളും അന്യായങ്ങളും. നീതിയും നീതികേടും. ഏത് തട്ട് ഉയർന്നു, താഴ്ന്നു എന്ന് ഉറപ്പാക്കാനാവില്ല. വല്ലാത്തൊരു ചിന്താക്കുഴപ്പത്തിലേക്കാണ് അവർ വായനക്കാരെ കൊണ്ടുപോകുന്നത്. അസ്വസ്ഥതയിലേക്കും. അത് മധ്യതിരുവിതാംകൂറിന്റെ ജീവിതത്തെച്ചൊല്ലിയല്ല. അരനാഴികനേരത്തിലെ ഏതാനും മനുഷ്യർക്കും വേണ്ടിയും അല്ല. ജീവിതം എന്ന പ്രഹേളികയ്ക്കു മുന്നിൽ കാലിടറിയ എല്ലാവർക്കും വേണ്ടിയാണ്. അതുതന്നെയാണ് പാറപ്പുറത്തിനെ മറ്റ് എഴുത്തുകാരിൽ നിന്ന് വേറിട്ടുനിർത്തുന്നത്. ആവർത്തിച്ചുള്ള വായനയ്ക്ക് അർഹനാക്കുന്നത്.
ആരെയും കാത്തുനിൽക്കാതെ സമയമാം രഥം മുന്നോട്ടോടുകയാണ്; മനുഷ്യനോ? കാത്തിരിക്കുന്നത് സ്വർഗമോ നരകമോ? വിഷമോ വിഷാദമോ? അരനാഴികനേരം മാത്രം ബാക്കി...