' കഴിക്കാൻ വച്ച ഭക്ഷണത്തിൽ അവൻ മണൽ തെറിപ്പിച്ചു, വൃദ്ധന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..'

Mail This Article
മെഴുകുതിരികൾ (കഥ)
പള്ളിമുറ്റത്ത് എല്ലാ ദിവസവും നല്ല തിരക്കാണ്. പള്ളിയിലേക്കുള്ള നടവഴിയിൽ വഴിക്കച്ചവടക്കാർക്കിടയിൽ, വാർദ്ധക്യം തെരുവിലേക്കിറക്കിവിട്ട, തല മുഴുവൻ നരച്ച, ശരീരത്തിന്റെ പല ഭാഗത്തും മുറിവുകൾ ഉള്ള അയാൾ പള്ളിയിലേക്കെത്തുന്ന വിശ്വാസികളുടെ മുന്നിൽ കൈനീട്ടുന്നു. ജീവനോടെ ജീവിക്കാൻ. പള്ളിയുടെ അടുത്ത് ഒരു കായൽ ഉണ്ട്. അവിടെയാണ് അയാൾ കുളിക്കുന്നത്. മുടി ചീകാൻ അയാൾ ചുള്ളിക്കമ്പുകൾ ഉപയോഗിച്ചു. രാവിലെ ഒന്നും കഴിക്കാൻ അയാളുടെ കയ്യിൽ പണമുണ്ടാകില്ല. വൈകുന്നേരമാകും ഒരു അൻപത് രൂപയെങ്കിലും കിട്ടാൻ. ആ പൈസ കൊണ്ട് അയാൾ പള്ളിമുറ്റത്ത് നിന്നുതന്നെ എന്തെങ്കിലും കഴിക്കാൻ വാങ്ങിക്കും കൂടെ രണ്ടു മെഴുകുതിരികളും. കുറച്ച് അപ്പോൾ തന്നെ കഴിക്കും. ബാക്കി മാറ്റിവയ്ക്കും. വൈകുന്നേരങ്ങളിൽ അയാൾ കായലിൽ വീണ്ടും കുളിക്കും. എന്നിട്ട് വാങ്ങിയ മെഴുകുതിരികളിൽ ഒന്ന് അയാൾ ദൈവത്തിനു മുന്നിൽ കത്തിക്കും. എന്നിട്ട് പള്ളിക്ക് പിറകിലെ ഏവർക്കും സ്വാഗതാർഹമായ ഒരു തിണ്ണയിൽ പോയി ഇരിക്കും. ഇടയ്ക്കയാൾ ഒറ്റക്ക് സംസാരിക്കും. രാത്രി എട്ടുമണിയോട് അടുക്കുമ്പോൾ രണ്ടാമത്തെ മെഴുകുതിരിയുമായി അയാൾ പള്ളിക്ക് മുന്നിൽ എത്തും. എരിഞ്ഞുകൊണ്ടിരിക്കുന്ന മെഴുകുതിരികളിൽ നിന്നും കടം വാങ്ങിയ അഗ്നി തന്റെ മെഴുകുതിരിക്ക് പകർന്നിട്ട് വീണ്ടും ആ വരാന്തയിലേക്ക് പോകും. ചിലപ്പോൾ പോകും വഴി തീകെടുത്തി, കാറ്റ് അയാളെ കളിപ്പിക്കും. വരാന്തയിൽ വന്നിട്ട് അയാൾ ഭക്ഷണം കഴിക്കും. ഒരിത്തിരി രാവിലത്തേയ്ക്ക് മാറ്റി വയ്ക്കും. കുടിവെള്ളം പള്ളിയിൽ നിന്നും സുലഭമായി ലഭിച്ചിരുന്നു.
ഇന്ന് രാവിലെയും അയാൾ പലർക്കുമിടയിൽ കൈ നീട്ടി. കിട്ടിയ നാണയങ്ങൾ എണ്ണി തിട്ടപ്പെടുത്തുമ്പോൾ, ഒരു കൊച്ചു കുട്ടി പള്ളിമുറ്റത്ത് ഓടിക്കളിക്കുന്നത് അയാൾ കണ്ടു. അമ്മ പിടിച്ചു നിർത്തിയിട്ടും അവൻ ആ പൂഴിമണലിൽ കുത്തിമറിയുകയാണ്. ഒടുവിൽ അവൻ ഓടി അയാളുടെ അടുത്തെത്തി. "നീയിത് എവിടെക്കാ ഓടുന്നെ?" -ഉടനെ അവന്റെ അമ്മയെത്തി അവനെ പിടിച്ചുവലിച്ചു. അവൻ ആ മണൽ തട്ടിത്തെറിപ്പിച്ചു. അത് ആ കിഴവന്റെ മേലും കഴിക്കാൻ മാറ്റിവച്ച ഭക്ഷണത്തിലും വീണു, അയാളുടെ കണ്ണുകൾ നിറഞ്ഞു.
"ക്ഷമിക്കണം കേട്ടോ! അവനിങ്ങനെയാ ഒരിടത്തു അടങ്ങി നിൽക്കില്ല", അത് കുട്ടിയുടെ അച്ഛൻ ആയിരുന്നു. പോക്കറ്റിൽ നിന്നും ആ കുട്ടിയുടെ അച്ഛൻ ഇരുപത് രൂപ എടുത്ത് ആ കിഴവന്റെ ഭിക്ഷാപാത്രത്തിൽ ഇട്ടിട്ടു അവർ നടന്നകന്നു. അന്ന് വൈകുന്നേരം ആ വൃദ്ധൻ നാല് മെഴുകുതിരികൾ വാങ്ങി, കുറച്ച് ഭക്ഷണവും. പതിവില്ലാതെ വൈകിട്ട് ആറുമണിക്ക് അയാൾ പള്ളിയുടെ മുന്നിൽ എത്തി. ഓരോ മെഴുകുതിരിയായി നാലെണ്ണവും അയാൾ ദൈവത്തിനു മുന്നിൽ കത്തിച്ചു. നാലിനും നാല് അർഥങ്ങളത്രെ.
ഒന്ന് -അയാളുടെ പതിവ് പ്രാർഥന.
രണ്ട് -തുറന്നു വച്ചതിനാൽ നഷ്ടപ്പെട്ട ഭക്ഷണത്തിനുള്ള മാപ്പപേക്ഷ.
മൂന്ന് -തിരിച്ചറിവില്ലാതെ എന്റെ നേരെ മണ്ണ് തെറുപ്പിച്ചിട്ട ആ കുട്ടിക്ക് വേണ്ടി.
നാല് -ക്ഷമിക്കാൻ എന്നോട് ആവശ്യപ്പെട്ട ആ കുട്ടിയുടെ പിതാവിന്.
"എല്ലാവർക്കും നല്ലത് വരണമെന്ന് അയാൾ പ്രാർഥിച്ചു." രാത്രി വെളിച്ചത്തിന് അന്ന് അയാളുടെ കയ്യിൽ മെഴുകുതിരി ഉണ്ടായിരുന്നില്ല. ഇരുട്ടിൽ ഇരുട്ടായി തോന്നിയ ഭക്ഷണത്തെ കഴിച്ചതിനു ശേഷം അയാൾ ഉറങ്ങാൻ കിടന്നു. അയാൾക്ക് ആകാശം കാണാമായിരുന്നു. അവിടെ നാല് നക്ഷത്രങ്ങൾ പ്രഭയോടെ കാണപ്പെട്ടു. ഒന്ന് കണ്ണോടിച്ചപ്പോൾ അത് ആയിരമായി മാറുന്നതയാൾ കണ്ടു. ആ നക്ഷത്രങ്ങൾ കൂടിച്ചേർന്ന പോലെ, ഒടുവിൽ അവ അയാളുടെ മുഖത്തിന്റെ രൂപം പ്രാപിച്ചു. അയാൾ വിശുദ്ധനാക്കപ്പെട്ടു.