ADVERTISEMENT

ഒരു പുലർകാല തീവണ്ടിയുടെ മുഴക്കമാണ് മാനവനെ ഉണർത്തിയത്. ദൂരേക്ക്‌ മറയുന്ന ചുവന്ന വെളിച്ചം അവൻ ജനലിലൂടെ കണ്ടു. തീവണ്ടി പാളങ്ങൾക്കു വളരെ അടുത്തായിരുന്നു അവന്റെ വീട്. തീവണ്ടികൾ പാഞ്ഞു പോകുമ്പോൾ കലി കയറി വീട് വിറച്ചു തുള്ളുവാൻ തുടങ്ങും. ഇരുട്ട് മാറിയിട്ടില്ല. പ്രഭാതകർമങ്ങൾ ചെയ്ത് മാനവൻ ഓരോ മുറിയിലും ചെന്ന് നോക്കി. മുത്തശ്ശനും മുത്തശ്ശിയും, അച്ഛനും അമ്മയും എല്ലാവരും നല്ല ഉറക്കത്തിലാണ്. ചേട്ടന്റെ ഉറക്കം കണ്ടപ്പോൾ അവനു ചിരി പൊട്ടി. പുലർച്ചെ നാലുമണിക്ക് എണീറ്റ് എൻട്രൻസ് പരീക്ഷക്ക് പഠിക്കുമെന്നു ഇന്നലെ അമ്മയോട് വീമ്പിളക്കിയതാണ്. കിടക്കുന്ന കിടപ്പു കണ്ടില്ലേ.. ഒടിഞ്ഞു മടങ്ങി ഉറക്കം അങ്ങനെ ആസ്വദിച്ച്.. ആസ്വദിച്ച്....

അടുക്കളവാതിൽ തുറന്നപ്പോൾ അടുപ്പിൻ മുകളിൽ അമ്മപ്പൂച്ചയും ഉണ്ണിപ്പൂച്ചയും പന്ത് പോലെ ചുരുണ്ടു കൂടി കിടക്കുന്നു. ഒച്ചകേട്ട് അമ്മപ്പൂച്ച പതുക്കെയൊന്ന് തല ഉയർത്തി നോക്കി. ഊം... എന്താ ഇത്ര നേരത്തെ... എന്ന ഭാവത്തിൽ. മറ്റു വല്ല നേരത്തുമാണെങ്കിൽ കരഞ്ഞു വിളിച്ചു മുട്ടിയുരുമ്മി നടന്നേനെ.. തൊഴുത്തിൽ അമ്മിണി പശു മാത്രം മുരടനക്കിയും വാലാട്ടിയും നിൽക്കുന്നു. അവനു അമ്മിണി പശുവിനോട് ഇഷ്ടം തോന്നി. പെട്ടന്നൊരു തണുത്ത കാറ്റ് ഒഴുകിയെത്തി. കൂടെ പൊടി പാറുന്ന നല്ല ഉശിരൻ മഴയും. മഴയുടെ ചന്തം കണ്ട് മാനവൻ അങ്ങനെ നിന്നു. അപ്പോഴുണ്ട് മഴയ്ക്ക് പതിവില്ലാത്തൊരു കിന്നാരം. 

"എന്താ കുട്ടാ സുഖമല്ലേ.." "ങാ ...സുഖം തന്നെ.. ഇക്കുറി എങ്ങിന്യാ മഴ ഇത്തിരി കൂടുതലാ... ലേ..." "ഒക്കെ ശരിയാ... കുറച്ചു കൂടുതലെന്ന്ന്യാ... പക്ഷെ അതാപ്പ പ്രശ്നം..." "ഞങ്ങടെ വിഷമം ആരോടാ പറയാ..." മാനവന് ആശ്ചര്യമായി.. മഴക്കും ദുഃഖമോ.. "എന്താപ്പോ പ്രശ്നം.." വർത്തമാനം കേട്ട് മഴ നുകർന്ന് നിന്ന തെക്കേപുറത്തെ ശീമപ്ലാവും മൂവാണ്ടനും ചെറുനാരകവും കാത് കൂർപ്പിച്ചു ചരിഞ്ഞു നിന്നു. "മഴയുണ്ടാകുന്നത് എങ്ങിനെയാണെന്നാ കുട്ടീടെ വിചാരം.." "വേനലിൽ കടലിലെ ഉപ്പിൽ കിടന്നു തിളച്ചു തിളച്ചു ഞങ്ങൾ നീരാവിയാകും. നീരാവിയിൽ കാറ്റടിക്കുമ്പോൾ പിന്നെ കിഴക്കോട്ടാകും യാത്ര. കിഴക്ക് സഹ്യനമ്മാവൻ ഉണ്ട്. സഹ്യനമ്മാവൻ വൃക്ഷലതാതികൾ വീശി മന്ത്രം ചൊല്ലി ഞങ്ങളെയൊക്കെ മഴയാക്കി മാറ്റും. വേനലവധി കഴിഞ്ഞു പുത്തനുടുപ്പും പുസ്തകവും ആയി നിങ്ങൾ വിദ്യാലയങ്ങളിലേക്കു ഇറങ്ങുമ്പോഴേക്കും തോരാമഴയായി പെരുമഴയായി ഞങ്ങളെത്തിയിരിക്കും."

"അതിനെന്താ അതൊക്കെ സന്തോഷമുള്ള കാര്യങ്ങളല്ലേ.." "കുട്ടിക്കറിയോ ഞങ്ങൾക്ക് ഏറ്റവും വിഷമമുള്ളത് എന്താണെന്ന്. നിങ്ങളെയൊക്കെ വിട്ടു പിരിയുമ്പോഴാണത്." "എന്തിനാ വിട്ടു പിരിയുന്നത്. ഇവിടെ തന്നെ ഞങ്ങളോടൊത്തു കഴിഞ്ഞു കൂടെ" "അതിനു ഇവിടെ എവിടെയാ സ്ഥലം" മഴയ്ക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചു അണ പൊട്ടി. "ചിലപ്പോൾ ഞങ്ങൾക്കും കയറും വാശി. അപ്പോൾ ദിവസങ്ങളോളം ആയിരിക്കും തോരാതെയുള്ള പെയ്ത്ത്. എന്താ നിങ്ങളതിനൊക്കെ ഇട്ടിരിക്കുന്ന പേരുകൾ. ന്യൂനമർദ്ദമെന്നോ മേഘസ്ഫോടനമെന്നോ.. എന്തായാലും വേണ്ടില്ല. തോടും കുളവും പാടവും നിറഞ്ഞു നിൽക്കുവാൻ സ്ഥലമില്ലാതെ മെല്ലെ മെല്ലെ ഞങ്ങൾ ഉയർന്നു വരും. ആദ്യം നിങ്ങളുടെ മുറ്റം വരെ.. പിന്നെ പിന്നെ നിങ്ങളുടെ മാർബിളിട്ട അകത്തേക്കും അടുക്കളയിലേക്കും. വെള്ളക്കെട്ടും വെള്ളപ്പൊക്കവും ദുർമരണങ്ങളും സൃഷ്‌ടിച്ച്. ഒടുവിൽ എല്ലാവരുടെയും ശാപ വാക്കുകൾ കേട്ട് വിഷമത്തോടെ കടലിലേക്ക്.. ഉപ്പിൽ കിടന്നു ചുട്ടുപൊള്ളുവാൻ..."

മാനവനും സംശയമായി. എത്ര ആളുകളാ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും മരിക്കുന്നത്. പക്ഷെ മഴ പറയുന്നതിലും കാര്യമില്ലേ... തീർന്നില്ല... "ഇനി മഞ്ഞിനുമുണ്ട് ചിലതൊക്കെ... കേട്ടോളു..." നോക്കി നിൽക്കെ പുറത്തു മഴ കുറഞ്ഞു പകരം മഞ്ഞിറങ്ങി വന്നു. ആഗോള താപനം... മഞ്ഞ് പറച്ചിൽ നിറുത്തിയത് പെട്ടെന്നായിരുന്നു. "മാനു... എന്താ അവിടെ. നീ എന്തെടുക്കുവാ അവിടെ." ഈശ്വരാ വാതിൽപ്പടിയിൽ അമ്മ. "ഇന്നലെ രാത്രി തന്നെ ഹോംവർക്ക് ബാക്കി വച്ചിട്ടാ നീ ഉറങ്ങുവാൻ പോയത്. ഇതുവരെ എന്തെങ്കിലും നോക്കിയോ. ആ ഗോമതി ടീച്ചറോട് ഇനി ഞാനെന്തു പറയും." 

മഴ പെയ്ത്ത് നിറുത്തി മറഞ്ഞു കഴിഞ്ഞിരുന്നു. മഞ്ഞു പുകമഞ്ഞിറക്കി പരിസരം മറച്ചു. അമ്മപ്പൂച്ചയും ഉണ്ണിപ്പൂച്ചയും ചാടിയെണീറ്റ് മൂരിനിവർന്നു വ്യായാമം തുടങ്ങി. പൂവൻ കോഴികൾ നിറുത്താതെ കൂവി. വർത്തമാനം കേൾക്കുവാൻ ചരിഞ്ഞുനിൽക്കുകയായിരുന്ന ചെടിക്കൂട്ടങ്ങൾ മഴത്തുള്ളികൾ കുടഞ്ഞു കളഞ്ഞു നിവർന്നു നിന്നു. ഉറക്കമുണർന്ന എൻട്രൻസ് ചേട്ടൻ പിറുപിറുത്തു കൊണ്ട് കുളിമുറിയിലേക്ക് ഓടുന്നുണ്ടായിരുന്നു. ഇതെല്ലാം കണ്ട് പുറത്തറിയാത്തൊരു പുഞ്ചിരി മനസ്സിൽ തൂവി മാനവൻ അടക്കം പറഞ്ഞു. "ഓ... ഈ അമ്മയുടെ ഒരു ശക്തി..."

English Summary:

Malayalam Short Story ' Mazhakkum Parayuvanundu ' Written by Sabu Manjali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com