'ഇതാണ് നാകമോഹൻ, കാടിന്റെ ആവേശത്തെ മനസ്സിൽ കൊണ്ടു നടക്കുന്ന പ്രിയ സുഹൃത്തിനെ ഓർമ്മിപ്പിക്കുന്ന പക്ഷി...'

Mail This Article
മോഹൻ എന്നെ വിളിക്കുമ്പോൾ ഞാൻ വർഷങ്ങൾക്ക് ശേഷം നാകമോഹനെ വീണ്ടും കണ്ടതിന്റെ ആവേശത്തിലായിരുന്നു. "അച്ഛാ ഒരു നീളൻ വാലുള്ള പക്ഷി". നീതു തൊടിയിൽ നിന്നും വിളിച്ചു പറഞ്ഞപ്പോൾ ഞാൻ പെട്ടന്ന് ഓടി ചെന്നു. അതൊരു നാകമോഹൻ ആയിരുന്നു. ഒരു സുന്ദരകുട്ടപ്പൻ. നീളമുള്ള വാലും കറുത്ത തലയും. ശരീരം തൂവെള്ളയും. അധികം വൈകാതെ പെൺപക്ഷിയും എത്തി. അവനോളം ഭംഗിയില്ലെങ്കിലും അവളൊരു മിടുക്കിയായിരുന്നു. "കൂട് അടുത്തെവിടയോ ഉണ്ട്" ഞാൻ പറഞ്ഞതും പെൺപക്ഷി മുൾപടർപ്പുകൾക്കിടയിലെ കൂടിലേക്ക് പറന്നമർന്നു. "ദാ അവിടെയാണ് കൂട്". കൈകൊട്ടി തുള്ളിചാടി കൊണ്ട് നീതു അത് പറയുമ്പോൾ ഞാൻ അത്ഭുതത്തോടെ അവളെ നോക്കി. ആദ്യമായി നാകമോഹനെ കണ്ടപ്പോൾ മോഹൻ പറഞ്ഞ അതെ വാക്കുകൾ അതെ ഉത്സാഹം.
"ഞാൻ വീട് വച്ചു. ഒരു മൺ വീട്. നമ്മൾ പണ്ട് എത്രയോ തവണ പോയിട്ടുള്ള ഭൂതത്താൻ കെട്ടിനടുത്ത്. നീ വരണം. നിനക്കിഷ്ടപ്പെടും. നേരിട്ട് കാണുമ്പോൾ എല്ലാം വിശദമായി പറയാം. ലൊക്കേഷൻ ഇട്ടിട്ടുണ്ട്." അവൻ ഫോൺ വച്ചു. പണ്ടേ അങ്ങിനെയാണ്. വാക്കുകൾ കാച്ചി കുറുക്കിയെ സംസാരിക്കു. വാചാലനാവുന്നത് വൈകുന്നേരങ്ങളിൽ കാടറിവ് പങ്കുവയ്ക്കുമ്പോൾ മാത്രം. ഫോൺ മെസ്സേജ് വന്നതറിയിച്ചു. ഗൂഗിൾ മാപ്പിൽ നോക്കിയപ്പോൾ നിബിഢ വനത്താൽ ചുറ്റപ്പെട്ട ഹരിതാഭ. ഞങ്ങളുടെ പഴയ മേച്ചിൽ പുറം. "ഇതെങ്ങിനെ ഇവൻ ഒപ്പിച്ചെടുത്തു". അൽപം അസൂയ കലർന്ന ഒരു ചിന്ത ഉള്ളിലെവിടെയോ ഉണർന്നു. അപ്പോഴാണ് അവൻ ഇപ്പോൾ അറിയപ്പെടുന്ന ഒരു പക്ഷിനിരീക്ഷകൻ ആണെന്നുള്ള കാര്യം ഓർത്തത്. ഡിഗ്രിക്ക് നവാഗതരെ സ്വാഗതം ചെയ്യുന്ന ദിവസം. അന്ന് റാഗിങ് എന്ന വാക്ക് നിയമത്തിന്റെ പരിധിയിൽ വന്നിട്ടില്ല. സീനിയേഴ്‌സ് ഞങ്ങളെ കശാപ്പ് ചെയ്തു. മോഹൻ മാത്രമായിരുന്നു ഇതിനപവാദം. തത്തയെ പോലെ സംസാരിക്കുക. അതായിരുന്നു അവന് കൊടുത്ത പണി. എല്ലാവരെയും അവൻ തന്റെ പ്രകടനത്തിലൂടെ കയ്യിലെടുത്തത് ഇപ്പോഴും ഓർമ്മയുണ്ട്. ഞങ്ങളെ ബന്ധിപ്പിച്ച കണ്ണി കാടു കയറലിലുള്ള കമ്പം ആയിരുന്നു. അത് വെറുമൊരു വിനോദം മാത്രമായിരുന്നില്ല. ശരിക്കും പറഞ്ഞാൽ രക്തത്തിൽ അലിഞ്ഞു ചേർന്ന ഒരു വികാരം.
അന്നൊക്കെ കാനന നിഗൂഢതകളിലേക്ക് ഊളിയിട്ടിറങ്ങുക ഒരു പതിവായിരുന്നു. ശരിക്കും പറഞ്ഞാൽ ഒരു ലഹരി. അല്ല ജന്മവാസനയിലേക്കുള്ള മടക്കം. സഹ്യാദ്രി സാനുകളിൽ വിശിഷ്ട സ്ഥാനം അലങ്കരിക്കുന്ന അഗസ്ത്യാർകൂടത്തിലേക്കുള്ള ആദ്യയാത്രയിലായിരുന്നു അവനെ അടുത്തറിഞ്ഞത്. പ്രണയം എന്ന വിഷയത്തിലേക്ക് കടക്കാത്ത ഏത് സുഹൃത് ബന്ധമാണുള്ളത്. ഞങ്ങളുടെ കൊടുക്കൽ വാങ്ങലുകളിലും അത് കയറി വന്നപ്പോൾ ഇപ്പോഴുള്ള സൂസനെയും രാധികയെയും വിട്ട് ഒന്നാം ക്ലാസ്സിലെ ലിൻഡ വരെ എത്തി അന്ന് അതിരുമല ഇടത്താവളത്തിലെ രാത്രി സംവാദം. "അതൊക്ക വെറും നേരമ്പോക്കുകൾ" അവൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാവാൻ പിന്നെയും കുറെ കാടുകയറലുകൾ വേണ്ടി വന്നു. ഇതായിരുന്നു അവന്റെ ആപ്തവാക്യങ്ങൾ. "എന്റെ പ്രണയിനികൾ ഈ കാടുകളിൽ എനിക്കായി കാത്തിരിക്കുന്നു. മരങ്ങളായി പക്ഷികളായി നീർച്ചോലകളായ്. അവർക്ക് പൊയ്മുഖങ്ങളില്ല. ഒന്നും പ്രതീക്ഷിക്കുന്നില്ല. ഓരോ സംഗമവും ഒരു പുതിയ അനുഭൂതി നൽകുന്നു. അതാണ് ജീവന്റെ കാതൽ".
പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ചിന്നക്കുട്ടുറുവനെ കാണാനായി എത്തിയതായിരുന്നു അവൾ. എമിലി. അവളുടെ അച്ഛൻ എഡ്‌വാർഡ് ഇംഗ്ലിഷ്ക്കാരനായിരുന്നു. ഇന്ത്യൻ കാടുകളെയും അവിടുത്തെ ജീവജാലങ്ങളെയും അടുത്തറിഞ്ഞ സസ്യ ശാസ്ത്രജ്ഞൻ. ജയ്പൂരിൽ വെച്ചാണ് അയാൾ എമിലിയുടെ അമ്മയെ കാണുന്നതും പിന്നെ അവരൊന്നിച്ച് ജീവിതം തുടങ്ങിയതും. കേരളത്തിൽ അവർ ചിലവഴിച്ച കാലത്തായിരുന്നു എമിലിയുടെ ജനനം. ആയിരത്തിതൊള്ളായിരത്തി മുപ്പത്തിമൂന്നിൽ സലിംഅലിയുടെ കൂടെ പക്ഷി നിരീക്ഷണത്തിന് തട്ടേക്കാട് എത്തിയതായിരുന്നു എഡ്‌വാർഡ്. അവിടെ കുഞ്ഞെമിലി പക്ഷികളുടെ കൂജനവും കാടിന്റെ കരുതലും കേട്ടും അറിഞ്ഞും വളർന്നു. ആ മണ്ണിനോടുള്ള സ്നേഹം അവസാനം എഡ്‌വാർഡ് സായിപ്പിനെ അതിലേക്ക് ലയിപ്പിക്കുമ്പോൾ ഭൂതത്താൻ കെട്ടിനോട് ചേർന്നുള്ള ഭൂമി എമിലിയുടെ പേരിൽ അയാൾ എഴുതി വച്ചു കഴിഞ്ഞിരുന്നു. എമിലി ആദ്യമായി മോഹനെ കാണുന്നത് ഒരു ബെർഡിങ് ടൂറിന്റെ ഭാഗമായി തൊണ്ണൂറുകളുടെ തുടക്കത്തിൽ തട്ടേക്കാടെത്തിയപ്പോഴായിരുന്നു. അന്ന് ചിന്നക്കുട്ടുറുവനെ മോഹൻ അവൾക്ക് കാട്ടികൊടുക്കും മുൻപേ അവൾ നാകമോഹനെ കണ്ടു. പക്ഷികളെ കുറിച്ചുള്ള അവന്റെ അപാര അറിവും അവയുടെ ശബ്ദം അനുകരിക്കാനുള്ള കഴിവും അവളെ അവനിലെക്കാകർഷിച്ചു. ഒരു മകളുണ്ടായെങ്കിലും അവരുടെ ഒന്നിച്ചുള്ള ജീവിതം അധികം നീണ്ടില്ല. അവൾ പോയി മകളെയും കൂട്ടി തിരികെ ഇംഗ്ലണ്ടിലേക്ക്. കുറച്ചു നാൾക്ക് ശേഷം എമിലി ഭൂമിയും വിട്ട് പോയി.
അവന്റെ വീടിനു മുന്നിൽ എത്തിയപ്പോൾ രണ്ടു പേരെന്നെ കാത്തു നിൽപുണ്ടായിരുന്നു. മോഹന്റെ തൊട്ടടുത്തു നിന്ന പെൺകുട്ടിക്ക് എമിലിയുടെ നിറമില്ലെങ്കിലും അതെ ഛായ. കാലചക്രം ഒരു വട്ടം കൂടി കറങ്ങി തിരിച്ചെത്തി നിൽക്കുമ്പോൾ എന്റെ കണ്ണുകളിൽ നനവ് പടരുന്നത് ഞാനറിഞ്ഞു. എമിലിയുടെയും മോഹന്റെയും മകൾ ജാൻസി. "എനിക്ക് വിശ്വസിക്കാനാവുന്നില്ല" കൂടുതൽ ഒന്നും പറയാതെ അവൻ എന്റെ കൈ പിടിച്ചു വീടിനുള്ളിലെക്കാനയിച്ചു. ഞാനിപ്പോൾ അവന്റെ മൺ വീടിനുള്ളിൽ നിൽക്കുകയാണ്. അവന് എമിലി സമ്മാനിച്ചിട്ട് പോയ സ്വർഗ്ഗഭൂമിയിൽ അവനുണ്ടാക്കിയത്. വെളിയിൽ സഹ്യന്റെ കിളികൾ ഒച്ച വെച്ചു. അതിൽ നാകമോഹന്റെ ശബ്ദം ഞാൻ തിരിച്ചറിഞ്ഞു. വീടിനു പുറത്തേക്കിറങ്ങുമ്പോൾ മോഹൻ പൂത്തു നിന്ന ഇലഞ്ഞിയുടെ കൊമ്പിന് നേരെ വിരൽ ചൂണ്ടി. നീളൻ വാലുമായി ഒരു നാകമോഹൻ. അവൻ എന്നോട് ചോദിച്ചു "നിനക്ക് നാകമോഹന്റെ അർഥം അറിയാമോ?". ഞാൻ ഉത്തരം പറഞ്ഞില്ല. എന്റെ ഫോൺ ചിലച്ചു. അതിലൂടെ കേട്ട നീതുവിന്റെ ശബ്ദത്തിൽ ആവേശം. "കൂടിലെ മുട്ടകൾ വിരിഞ്ഞു. ഞാൻ കിളികുഞ്ഞുങ്ങളുടെ ശബ്ദം കേട്ടു". അപ്പോൾ ആ സ്വർഗം മോഹിച്ച പക്ഷി ഞങ്ങളുടെ മുന്നിലൂടെ അതിന്റെ നീളൻ വാല് വശ്യമായി ചുഴറ്റി കൊണ്ട് പറന്നു പോയി.