ADVERTISEMENT

9 വർഷം, ‘106 – നോട്ടൗട്ട്’ എന്ന സ്കോറുമായി സിനിമയുടെ ക്രീസിൽ അജു വർഗീസ് ഫോമിലാണ്. റീലീസിനൊരുങ്ങുന്ന ‘കമല’യിൽ വ്യത്യസ്തമായ ലീഡ് റോൾ. അവസാനം പുറത്തു വന്ന ‘ഹെലൻ’ സമ്മാനിച്ചതു പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടിക്കൊടുത്ത നെഗറ്റീവ് കഥാപാത്രം. ഇതിനെല്ലാം പുറമെ, ‘സാജൻ ബേക്കറി സിൻസ് 1962’ എന്ന ചിത്രത്തിലൂടെ തിരക്കഥാ രചനയിലേക്ക് ഒരു സർപ്രൈസ് എൻട്രി. അജുവിന്റെ നൂറാം ചിത്രത്തിന്റെ പേര് ‘സച്ചിൻ’!  ഇനിയുമുണ്ട് യാദൃശ്ചികതകൾ.. 2010ൽ കരിയറിലെ ആദ്യ ചിത്രം, ‘മലർവാടി ആർട്സ് ക്ലബ്’ സംവിധാനം ചെയ്തതു ഗുരുവും സുഹൃത്തുമായ വിനീത് ശ്രീനിവാസൻ. 2019ൽ നൂറ്റിയൊന്നാം ചിത്രം ‘ലവ് ആക്‌ഷൻ ഡ്രാമ’ സംവിധാനം ചെയ്തതാകട്ടെ വിനീതിന്റെ അനുജൻ ധ്യാൻ. ഇതേ ചിത്രത്തിലൂടെ നിർമാതാവിന്റെയും വിതരണക്കാരന്റെയും മേൽവിലാസവും സ്വന്തം. 

2019 പൊലിച്ചതിന്റെ സന്തോഷം താരത്തിന്റെ വാക്കുകളിൽ...

കമലയിൽ ലീഡ് റോളാണ്. ലവ് ആക്‌ഷൻ ഡ്രാമയുടെ സമയത്തു നിർമാണ ആവശ്യങ്ങൾക്കായി ഞാൻ കടം വാങ്ങാത്ത ഒരാളും മലയാള സിനിമയിലില്ല!  ആ സമയത്താണ് രഞ്ജിത്തേട്ടൻ (സംവിധായകൻ രഞ്ജിത് ശങ്കർ) വിളിക്കുന്നത്.30 ദിവസത്തെ ഡേറ്റാണു രഞ്ജിത്തേട്ടൻ ചോദിച്ചത്. ‘എന്നെ പ്രധാന കഥാപാത്രമാക്കാൻ ചേട്ടനു ഭ്രാന്തുണ്ടോ?’ എന്നായിരുന്നു എന്റെ ചോദ്യം.  കമലയിലെ ‘സഫർ’ ഒരു താരം ചെയ്യേണ്ട കഥാപാത്രമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

ആദ്യമായല്ലേ ഒരു പൊലീസ് വേഷം? ഹെലനിൽ..

പൊക്കമില്ലാത്തതിനാൽ ‘പൊലീസ് പണി’ നമ്മളെക്കൊണ്ടു പറ്റില്ലെന്നായിരുന്നു എന്റെ വിചാരം.  കോസ്റ്റ്യൂം ചെയ്യുന്ന ചേട്ടനോടു ഷൂവിന് അൽപം സോൾ കൂട്ടിത്തരാൻ ആദ്യം തന്നെ ആവശ്യപ്പെട്ടു. ഷൂട്ടിങ്ങിനായി യൂണിഫോമിട്ടപ്പോൾ വലിയ സന്തോഷമായി. ചിത്രത്തിന്റെ കഥ ത്രില്ലർ ആണെന്നറിഞ്ഞിരുന്നതെങ്കിലും എന്റെ റോൾ കോമഡിയാണെന്നായിരുന്നു കരുതിയത്. എന്നാൽ പിന്നീടാണു ‘കണ്ണിൽച്ചോരയില്ലാത്ത ചൊറിയൻ’ കഥാപാത്രമാണ് എന്റേതെന്നു മനസ്സിലാകുന്നത്.

ചിത്രത്തിലെ ഹീറോ നോബിളും ഞാനും വിനീതും ഒരേ കോളജിലാണു പഠിച്ചത്. നോബിളിന് അന്നേ സിനിമാ ഭ്രാന്തുണ്ട്. അന്നു ഞങ്ങളാണ് പിന്തിരിപ്പിച്ചത്.  അവന്റെ അഭിനയ മോഹം യാഥാർഥ്യമാകാൻ 17 വർഷമെടുത്തു. എന്നാൽ ഞെട്ടിച്ചത് ഇതൊന്നുമല്ല, ഷൂട്ടിങ്ങിന്റെ ആദ്യ ദിനത്തിൽ ക്ലാപ് അടിക്കുമ്പോഴാണു മനസ്സിലായത് സിനിമയുടെ തിരക്കഥയും നോബിളിന്റേതാണെന്ന്. അന്നു ‘പുച്ഛിച്ച’ ഞാനടക്കം എല്ലാവരുടെയും മുന്നിൽ നോബിൾ ഇന്നു ഹീറോയാണ്. മാത്തുക്കുട്ടി സേവ്യർ  എന്ന പുതുമുഖ സംവിധായകന്റെ അർപ്പണം കൂടിയാണ് ഈ സിനിമ. ഒപ്പം പ്രധാന റോളിൽ അഭിനയിച്ച ലാൽ സാറും(സിദ്ദിഖ്– ലാൽ) റോൾ മെച്ചപ്പെടുത്താൻ സഹായിച്ചു. 

സാജൻ ബേക്കറി സിൻസ് 1962 ?

സംവിധായകൻ അരുൺ ചന്തുവിന്റെ സുഹൃത്തിന്റെ ബേക്കറിയാണു സാജൻ ബേക്കറി. ബേക്കറിയുടെ പശ്ചാത്തലത്തിൽ അന്യോന്യം പോരടിക്കുന്ന ചേച്ചിയുടെയും അനിയന്റെയും കഥയാണു സിനിമ. വൺലൈൻ ചർച്ച ചെയ്തപ്പോൾ വളരെ ലളിതമായ ഒരു കഥയും സ്ത്രീപക്ഷ സിനിമയും ഉരുത്തിരിഞ്ഞു. അങ്ങനെ അരുൺ, നവീൻ, സച്ചിൻ എന്നിവരോടൊപ്പം തിരക്കഥ രൂപപ്പെടുത്തി. ചിത്രത്തിലെ പ്രധാന കഥാപാത്രമായി അഭിനയിക്കുന്നുമുണ്ട്. ലവ് ആക്‌ഷൻ ഡ്രാമയ്ക്കു ശേഷം ഫണ്ടാസ്റ്റിക് ഫിലിംസ്, എം സ്റ്റാർ ലിറ്റിൽ കമ്യൂണിക്കേഷൻസ് കൂട്ടുകെട്ട് ഏറ്റെടുക്കുന്ന ചിത്രമാണു സാജൻ ബേക്കറി.

വിനീത് ശ്രീനിവാസനും ധ്യാനിനുമൊപ്പം പ്രവർത്തിച്ചു. ആരാണു മിടുക്കൻ?

ആക്‌ഷൻ ഒക്കെ വഴങ്ങുന്ന ഒരു ഹീറോ എന്ന നിലയിൽ ധ്യാൻ. നമുക്ക് അടുത്തറിയാവുന്ന ഒട്ടേറെ നാടൻ കഥാപാത്രങ്ങൾക്കു ജീവൻ പകരാൻ വിനീതായിരിക്കും നല്ല ചോയ്സ്. സംവിധായകനെന്ന നിലയിൽ വിലയിരുത്തിയാൽ കൂടുതൽ തഴക്കം വന്നയാളാണ് വിനീത്. 

നിവിൻ പോളിയുമായി ഇടയ്ക്കൊന്നു പിണങ്ങിയോ?

പിണക്കമൊന്നുമില്ല, ലവ് ആക്‌ഷൻ ഡ്രാമയുടെ ഷൂട്ടിങ് നിവിൻ എത്താത്തതിനാൽ വൈകിയപ്പോൾ ‘ഇതു ശരിയല്ലെന്നു വിളിച്ചു പറഞ്ഞു’. എന്നാൽ നിർമാതാവ് എന്ന നിലയിൽ എന്റെ ഭാഗത്തു പക്വതക്കുറവുണ്ടായിരുന്നെന്നു പിന്നീട് മനസ്സിലായി. അന്നു കായംകുളം കൊച്ചുണ്ണിയുടെ സെറ്റിലായിരുന്നു നിവിൻ. ആ ‘കോലത്തിൽ’ നിവിൻ ലവ് ആക്‌ഷൻ ഡ്രാമയ്ക്കായി  വന്നിട്ടും ഒരു പ്രയോജനവുമുണ്ടായിരുന്നില്ല. മുടിയൊക്കെ മുറിച്ചു കളഞ്ഞ്, ഇരുണ്ട നിറമുള്ള കൊച്ചുണ്ണിയുടെ ഗെറ്റ് അപ്പ് കണ്ടപ്പോഴേ നിവിനിൽ നിന്നു ദിനേശനെ കിട്ടാൻ കാത്തിരിക്കേണ്ടി വരുമെന്നുറപ്പായിരുന്നു. പിന്നെ, നിവിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നല്ലേ, അദ്ദേഹത്തിന്റെ പ്രതീക്ഷകൾ കൂടി കണക്കിലെടുത്തു പ്രതികരിക്കാമായിരുന്നു എന്നു തോന്നി. അന്നും ഇന്നും എന്നും ഞങ്ങൾ നല്ല സുഹൃത്തുക്കൾ തന്നെ.

തമാശ അഭിനയിച്ചു ഫലിപ്പിക്കാൻ വലിയ പ്രയാസമാണ്. എന്നിട്ടും പ്രേക്ഷകരെ മടുപ്പിക്കാതെ 106 സിനിമകൾ?

ഇതു വരെ ഒരു തമാശ പോലും ഞാൻ എഴുതിയിട്ടില്ല. സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും നിർദേശത്തിനനുസരിച്ച് അഭിനയിക്കുകയാണ് എന്റെ പണി. അതു ഭംഗിയായി ചെയ്യാൻ എത്ര കഠിനമായി ശ്രമിക്കാനും തയാറാണ്. അഭിനയം നന്നായെങ്കിൽ അത് അവരുടെ കൂടി കഴിവാണ്. എന്നാൽ സ്ക്രിപ്റ്റു വായിക്കുമ്പോൾ,‘കട്ടച്ചെളി’ എന്നു ന്യൂജനറേഷൻ വിളിക്കുന്ന സാധനങ്ങൾ, ‘വർക്കാകുമോ’ എന്നു സംശയം തോന്നിയിട്ടുണ്ട്. അടുപ്പമുള്ളവരോടു മാത്രം തുറന്നു ചോദിക്കും. അതു വേണം എന്നു മറുപടി കിട്ടിയാൽ, പറയും പോലെ ചെയ്തു കൊടുത്തിട്ടുണ്ട്. അപ്പോഴൊക്കെ പ്രേക്ഷകരുടെ വഴക്ക് ഞാൻ വാങ്ങിക്കൂട്ടിയിട്ടുമുണ്ട് !   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com