‘അത്തരം പുഴുക്കുത്തുകളുടെ മുന്നില്‍ തോറ്റുപോകാതെ തലയുയര്‍ത്തി ഇനിയും നിൽക്കണം’

Mail This Article
മലയാള സിനിമയുടെ അഭിമാനമാവുകയാണ് ഇന്ദ്രന്‍സ്. സിംഗപ്പൂര്‍ ദക്ഷിണേഷ്യന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രന്‍സ് സ്വന്തമാക്കിയിരുന്നു. വെയിൽമരങ്ങൾ എന്ന സിനിമയിലെ അഭിനയത്തിനാണ് ഇൗ പുരസ്കാരം. താരത്തിന്റെ ആദ്യ രാജ്യാന്തര പുരസ്കാരം കൂടിയാണിത്. മുഖ്യമന്ത്രി, നടൻ മോഹൻലാൽ തുടങ്ങി നിരവധി പേരാണ് ഈ അംഗീകാരത്തിൽ ഇന്ദ്രൻസിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇപ്പോള്‍ സിനിമ പ്രേമികളുടെ ഫെയ്സ്ബുക്ക് കൂട്ടായ്മയായ മൂവി സ്ട്രീറ്റില്‍ ഇന്ദ്രൻസിനെക്കുറിച്ച് എഴുതിയ കുറിപ്പാണ് വൈറലാകുന്നത്. കിരണ്‍ എ.ആര്‍. എന്ന യുവാവിന്റേതാണ് കുറിപ്പ്.
കുറിപ്പിന്റെ പൂര്‍ണരൂപം;
ഇന്ദ്രന്‍സിനെക്കുറിച്ചു മാത്രമാണ് പറയാനുള്ളത്. മലയാള സിനിമയിലെ മുന്‍നിര താരങ്ങള്‍ വാങ്ങുന്ന കാറുകളുടെയും കാലിലണിയുന്ന ചെരുപ്പിന്റെയുമടക്കം വിലവിവരപ്പട്ടിക ആറ് കോളം വാര്‍ത്തയായി കൊടുക്കുന്ന കൂട്ടര്‍, അദ്ദേഹത്തിന്റെ പോയ കാലത്തെ നേട്ടങ്ങളെല്ലാം ഒരു ചരമ വാര്‍ത്തയുടെ മാത്രം വലിപ്പത്തില്‍ പ്രസിദ്ധീകരിച്ചതുകൊണ്ടല്ല..
പ്രമുഖര്‍ക്കുള്ള ജന്മദിനാശംസകളും, സിനിമകളുടെ ട്രെയിലറും സ്വന്തം തലയും ഫുള്‍ ഫിഗറും മണിക്കൂറില്‍ ഒന്നെന്ന കണക്കെ പോസ്റ്റ് ചെയ്യാന്‍ ഒരിക്കലും മറക്കാത്ത പല മുന്‍നിര നടീനടന്മാരുടെയും സോഷ്യല്‍ മീഡിയ പേജുകളില്‍, മികച്ച നടനുള്ള രാജ്യാന്തര പുരസ്‌കാരം ലഭിച്ച തങ്ങളുടെ സഹപ്രവര്‍ത്തകനുള്ള രണ്ടുവരി അഭിനന്ദനക്കുറിപ്പുകള്‍ പോലും കാണാതിരുന്നതുകൊണ്ടുമല്ല..
സ്വന്തം നിറത്തിന്റെയും രൂപത്തിന്റെയും പേരില്‍ അദ്ദേഹത്തിന് കിട്ടിയ ബഹുമതികളെ ചെറുതാക്കി കാണുന്ന, ഒരു നല്ല ചിരി പോലും അയാള്‍ക്ക് തിരികെ സമ്മാനിക്കാത്ത കുറേ 'വലിയ' മനുഷ്യര്‍ ഇപ്പോഴും എന്റെ ചുറ്റുപാടുകളില്‍ പുളച്ചു കഴിയുന്നു എന്നതുകൊണ്ടുമല്ല..
അത്തരം പുഴുക്കുത്തുകളുടെ മുന്നില്‍ തോറ്റുപോകാതെ അന്തസ്സോടെ തലയുയര്‍ത്തി നിങ്ങളിനിയും ഒരു നൂറു തവണ നില്‍ക്കണമെന്നാഗ്രഹിക്കുന്ന, വിവേകമുള്ള സിനിമകളും സൂപ്പര്‍ താരങ്ങള്‍ മാത്രമായി ഒതുങ്ങിപ്പോകാത്ത നടന്മാരും ജാഡകള്‍ തീണ്ടാത്ത മനുഷ്യരും ഇവിടെ വേണമെന്ന് കൊതിക്കുന്ന കുറച്ചു പേരെങ്കിലും ഇവിടെയുണ്ട് എന്നതുകൊണ്ട്.. അതുകൊണ്ട് മാത്രം..
ആ കുറച്ചു പേര്‍ക്ക് വേണ്ടി മാത്രം പറയട്ടെ..കൃമികളെക്കാള്‍ ചെറിയ മനസ്സുള്ളവര്‍ എക്കാലവും പറയാന്‍ മടിച്ച, അവര്‍ക്ക് പറയാന്‍ അര്‍ഹതയില്ലാത്ത ഒരായിരം അഭിനന്ദനങ്ങള്‍ ഇന്നിതാ ഞങ്ങള്‍ നിങ്ങള്‍ക്ക് നേരുന്നു..
അവരൊക്കെ എക്കാലവും അംഗീകരിക്കാന്‍ മടിച്ച, വന്ന വഴികള്‍ മറന്നുകളയാത്ത നിങ്ങളിലെ വ്യക്തിയെ ഇന്നിതാ ഞങ്ങള്‍ ആകാശത്തോളം ആദരിക്കുന്നു..അവരൊക്കെ തിളച്ച പായസത്തില്‍ വീഴാനുള്ള കോമഡി പീസ് ആയി മാത്രം കണ്ട നിങ്ങള്‍ക്കുള്ളിലെ അസാധ്യ നടനെ ഇനിയുമൊരുപാടുകാലം ഏറ്റവും മനോഹരമായി ഉപയോഗപ്പെടുത്തുന്ന, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരുടെ കൂടിയാണ് ഈ ലോകമെന്ന് ഓര്‍മപ്പെടുത്തുന്ന കുറെയേറെ നല്ല സിനിമകള്‍ ഇവിടെ സൃഷ്ടിക്കപ്പെടുന്ന കാലത്തിനു വേണ്ടി ഞങ്ങള്‍ കാത്തിരിക്കുന്നു.. അഭിമാനിക്കുന്നു.