വിവാഹ സാരിയിൽ ആലിയ, മൊബൈലിൽ പകർത്തി രൺബീർ; വിഡിയോ

Mail This Article
മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങുന്ന ആലിയ ഭട്ടിന്റെ ഫോട്ടോ എടുക്കുന്ന രൺബീർ കപൂറിന്റെ വിഡിയോയാണ് ആരാധകരുടെ ഇടയിൽ ൈവറൽ. ഡൽഹിയിൽ നടന്ന 69-ാമത് ദേശീയ അവാർഡ് സമർപ്പണ ചടങ്ങിലാണ് ആലിയ പുരസ്‌കാരം സ്വീകരിക്കുന്നതിന്റെ ചിത്രം രൺബീർ പകർത്തിയത്. കൃതി സനോണുമായി ആലിയ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം പങ്കിട്ടു.
കത്തിയവാഡിയിലെ ലൈംഗികത്തൊഴിലാളിയായിരുന്ന ഗംഗുഭായ് പിന്നീട് രാഷ്ട്രീയ പ്രവർത്തകയായി മാറിയ കഥ പറഞ്ഞ 'ഗംഗുഭായ്'ലെ മിന്നുന്ന പ്രകടനത്തിനാണ് ആലിയയ്ക്ക് പുരസ്‌കാരം ലഭിച്ചത്. രജതകമലവും സർട്ടിഫിക്കറ്റും രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ആലിയ ഏറ്റുവാങ്ങുമ്പോൾ മുൻനിരയിലിരുന്ന് ആ അഭിമാന മുഹൂർത്തം മൊബൈലിൽ പകർത്തുന്ന തിരക്കിലായിരുന്നു രൺബീർ കപൂർ.
ദേശീയ അവാർഡ് സമർപ്പണച്ചടങ്ങിൽ പങ്കെടുക്കാൻ മുംബൈയിൽനിന്നു പുറപ്പെടുന്ന ആലിയ ഭട്ടിന്റെയും രൺബീർ കപൂറിന്റെയും വിഡിയോ നേരത്തേ വൈറലായിരുന്നു. ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട മുഹൂർത്തത്തിൽ ധരിക്കാൻ ആലിയ തിരഞ്ഞെടുത്തത് വിവാഹദിനത്തിൽ അണിഞ്ഞ, സബ്യസാചി ഡിസൈൻ ചെയ്ത, ഐവറിനിറത്തിൽ സ്വർണ്ണക്കസവ് തുന്നിച്ചേർത്ത സാരിയായിരുന്നു. വീണ്ടും വിവാഹവസ്ത്രം ധരിച്ച ആലിയയുടെ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. ആലിയ വിവാഹത്തിന് ധരിച്ച മൂടുപടം മാറ്റി മുടിയിൽ വെളുത്ത റോസാപ്പൂക്കൾ അണിഞ്ഞിരുന്നു.
റോക്കി ഔർ റാണി കി പ്രേം കഹാനി, ഹോളിവുഡ് ചിത്രം ഹാർട്ട് ഓഫ് സ്റ്റോണ്‍ എന്നിവയാണ് ആലിയയുടേതായി ഈ വർഷം റിലീസ് ചെയ്ത വമ്പൻ ചിത്രങ്ങൾ. ജിഗ്ര എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.